

കോഴിക്കോട്: ബേപ്പൂരില്‍ പിവി അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ബേപ്പൂരില്‍ അന്‍വര്‍ പ്രചാരണം തുടങ്ങിയല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോടായിരുന്നു സണ്ണി ജോസഫിന്റെ മറുപടി.
'ബേപ്പൂര്‍ എംഎല്‍എയായി അന്‍വര്‍ ജയിച്ചുവരും. ഉറപ്പായും' എന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. ഇതിനകം തന്നെ ബേപ്പൂര്‍ മണ്ഡലത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങളുമായി അന്‍വര്‍ രംഗത്തെത്തിയിരുന്നു. നിയമസഭാ തെരഞ്ഞടുപ്പില്‍ യുഡിഎഫിലെ ആദ്യസ്ഥാനാര്‍ഥി പ്രഖ്യാപനം കൂടിയായി ഇത്. സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസ് തന്നെയാകും മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്നാണ് സൂചന. അന്‍വര്‍ സ്ഥാനാര്‍ഥിയായി എത്തുന്നതോടെ പിഎ മുഹമ്മദ് റിയാസിനെതിരെ ശക്തമായ മത്സരം കാഴ്ചവെക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍.
പിണറായിസവും മരുമോനിസത്തിനെതിരായി പ്രചാരണം തുടങ്ങിയിട്ട് ഒന്നരക്കൊല്ലമായെന്ന് പിവി അന്‍വര്‍ പറഞ്ഞു. 'നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ ഒരു മണ്ഡലത്തിലേ മത്സരിക്കുകയുള്ളുവെന്ന് താന്‍ നേരത്തെ തന്നെ യുഡിഎഫ് നേതാക്കളോട് പറഞ്ഞിട്ടുണ്ട്. ഇവിടുത്തെ കുടുംബാധിപത്യ രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള പോരാട്ടമാണ് ഇത്' അന്‍വര്‍ പറഞ്ഞു.
നേരത്തെതന്നെ ലീഗ് നേതാവ് എംസി മായിന്‍ ഹാജി ഉള്‍പ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അന്‍വര്‍ നേരിട്ട് കണ്ട് പിന്തുണ തേടിയിരുന്നു. ഭരണവിരുദ്ധവികാരമുണ്ടായാല്‍ അത് പ്രതിഫലിക്കുന്ന മണ്ഡലമാകും ബേപ്പൂർ. അത് മുതലെടുക്കാന്‍ അന്‍വറിന് കഴിയുമെന്ന് യുഡിഎഫ് കരുതുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് ബേപ്പൂർ. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വലിയ നേട്ടമുണ്ടാക്കാനായി. അന്‍വർ വരുന്നതോടെ പിണറായി സർക്കാരിനെതിരെ വികാരം ശക്തമായി ഉയർത്താന്‍ കഴിയുമെന്നും അതുവഴി മണ്ഡലം പിടിച്ചെടുക്കാനാകുമെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates