ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെപിസിസി നടപടി; പാളയം പ്രദീപിനും സജാദിനും സസ്‌പെന്‍ഷന്‍

കൂടുതല്‍ നടപടി പിന്നീട് സ്വീകരിക്കുമെന്നും നേതൃത്വം
Remya Haridas and Congress leaders clash
രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ കയ്യാങ്കളി
Updated on
2 min read

കൊല്ലം: ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെപിസിസി നടപടി സ്വീകരിച്ചു. രമ്യ ഹരിദാസ് എംഎല്‍എയുടെ സഹായി പാളയം പ്രദീപിനെ സംഘടയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രാദേശിക നേതാവ് സജാദിനെയും സസ്‌പെന്‍ഡ് ചെയ്തു. നേതാക്കള്‍ ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കൂടുതല്‍ നടപടി പിന്നീട് സ്വീകരിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.

ചിറയിന്‍കീഴ് നടന്ന സംഭവം പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ മുതിര്‍ന്ന നേതാവ് എംഎം ഹസന്റെ നേതൃത്വത്തില്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്‍ അതിവേഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി. ഡല്‍ഹിയിലുള്ള രമ്യ ഹരിദാസില്‍ നിന്ന് പാര്‍ട്ടി വിശദീകരണവും തേടിയിട്ടുണ്ട്.

നേരത്തെ ആലത്തൂരില്‍ ഉള്‍പ്പെടെ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ആളാണ് പാളയം പ്രദീപ്. ചിറയിന്‍കീഴിലെ പ്രാദേശിക നേതാവാണ് സജാദ്. സജാദിന്റെ വീട്ടില്‍വച്ചാണ് സംഘര്‍ഷമുണ്ടായത്. സജാദിനെതിരെ രമ്യ ഹരിദാസും പ്രദീപും കെപിസിസിക്ക് പരാതി നല്‍കിയിരുന്നു. രമ്യക്കെതിരെ സജാദും മറ്റ് പ്രാദേശിക നേതാക്കളും പരാതിപ്പെട്ടിട്ടുണ്ട്. ഇതില്‍ തീരുമാനമെടുത്തിട്ടില്ല. ആരാണ് പാളയം പ്രദീപ് എന്ന പേരില്‍ സജാദ് പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ടതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്.

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ രമ്യാ ഹരിദാസിന്റെ അനുയായി പാളയം പ്രദീപ് പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കങ്ങള്‍ തുടങ്ങിയത്. പ്രദീപ് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ പങ്കെടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സജാദ് വാട്‌സാപ്പ് കൂട്ടായ്മയില്‍ പോസ്റ്റിട്ടിരുന്നു. തുടര്‍ന്ന് എം.എല്‍.എ. വെള്ളിയാഴ്ച രാത്രി പത്തോടെ പാളയം പ്രദീപ് അടക്കമുള്ള വരെയും കൂട്ടി സജാദിന്റെ കടയിലെത്തി. സജാദിന്റെ മകളെക്കൊണ്ട് പോസ്റ്റ് വായിപ്പിക്കാന്‍ എംഎല്‍എ.യും ഒപ്പമുള്ളവരും ശ്രമിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്. ജില്ലാപ്പഞ്ചായത്തംഗം സജിത് മുട്ടപ്പലം അടക്കമുള്ളവരും സ്ഥലത്തെത്തി.

തര്‍ക്കം രൂക്ഷമാവുകയും കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഇരുകൂട്ടരും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. എംഎല്‍എ ആശുപത്രിയില്‍ ചികിത്സ തേടുകയും പൊലീസില്‍ പരാതിനല്‍കുകയും ചെയ്തു. പരാതിയില്‍ 14 പേര്‍ക്കെതിരേ എസ്.സി., എസ്.ടി. വകുപ്പടക്കമുള്ള ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തി ചിറയിന്‍കീഴ് പോലീസ് കേസെടുത്തിട്ടുണ്ട്. സജിത്ത് മുട്ടപ്പലം, സജാദ്, ബിജു, ബിനോയ് എസ്. ചന്ദ്രന്‍, അദീഷ്, മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വിശ്വനാഥന്‍ നായര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്. സജാദും ഭാര്യയും നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടില്ല.

എംഎല്‍എയുടെ പരാതിയില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടന്നാല്‍ ശക്തമായി പ്രതിരോധിക്കുമെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. പാളയം പ്രദീപിന്റെ ഇടപെടലുകളില്‍ കഴിഞ്ഞ കുറേനാളായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തിയിലാണ്. പാളയം പ്രദീപ് തന്റെ സ്റ്റാഫാണെന്ന് രമ്യാ ഹരിദാസ് പറയുന്നുണ്ടെങ്കിലും ഔദ്യോഗിക പദവിയില്ല. സംഭവം കേസിലേക്കും കൂടുതല്‍ തര്‍ക്കങ്ങളിലേക്കും പോകാതെ ഒത്തുതീര്‍പ്പാക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. അടിയന്തര അന്വേഷണം പ്രഖ്യാപിച്ചതും ഇതിന്റെ പശ്ചാത്തലത്തിലാണ്.

Remya Haridas and Congress leaders clash
'എന്റെ കൈ വിടടാ'...; രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ കയ്യാങ്കളി, എംഎല്‍എയ്ക്ക് പരിക്ക്
Remya Haridas and Congress leaders clash
രമ്യയുടെ വാദം തെറ്റ്; ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് നാണക്കേടെന്ന് കെപിസിസി പ്രസിഡൻറ്
Remya Haridas and Congress leaders clash
'ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി'
Summary

KPCC suspended two local leaders over Chirayinkeezhu incident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com