'പൊതുസമൂഹത്തോട് മാപ്പുചോദിക്കുന്നു'; തിരുത്താന്‍ കഴിയാത്തവരെ തള്ളിക്കളയുമെന്ന് കെഎസ്ആര്‍ടിസി എംഡി 

ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ ചുരുക്കം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നം
കെഎസ്ആര്‍ടിസി ജീവനക്കാരുടെ അത്രിക്രമം
കെഎസ്ആര്‍ടിസി ജീവനക്കാരുടെ അത്രിക്രമം
Updated on
2 min read

തിരുവനന്തപുരം: കണ്‍സഷന്‍ പുതുക്കാനായി എത്തിയ വിദ്യാര്‍ത്ഥിനിക്കും പിതാവിനുമെതിരെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തില്‍ മാപ്പുചോദിച്ച് എംഡി ബിജു പ്രഭാകര്‍. ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ ചുരുക്കം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നം. അത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്‌മെന്റ് സംരക്ഷിക്കില്ലെന്ന് എംഡി സാമൂഹികമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

'കടുത്ത  പ്രതിസന്ധികള്‍ക്കിടയിലും ഏറെക്കുറെ വിഷയങ്ങള്‍ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന അതിലേറെ  ദുഃഖകരമായ ഒരനുഭവം കാട്ടാക്കട യൂണിറ്റില്‍ യാത്രാ കണ്‍സഷന്‍ പുതുക്കാനായി എത്തിയ വിദ്യാര്‍ത്ഥിനിക്കും പിതാവിനും നേരിടേണ്ടി വന്നിട്ടുള്ളത്. ഇത്തരത്തില്‍ ഒരു വൈഷമ്യം ആ പെണ്‍കുട്ടിക്കും പിതാവിനും കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നും നേരിടേണ്ടി വന്നതില്‍ ഈ സ്ഥാപനത്തിന്റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരില്‍ പൊതുസമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു'- കുറിപ്പില്‍ പറയുന്നു.


ബിജു പ്രഭാകറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് 

തിരുത്തുവാന്‍ കഴിയാത്തവയെ തള്ളിക്കളയുക തന്നെ ചെയ്യും... അങ്ങനെ ചെയ്തില്ലെങ്കില്‍ ഏതൊരു സ്ഥാപനത്തിനും മുന്നോട്ടു പോകാനാകില്ല...
പ്രിയപ്പെട്ടവരെ,

തികച്ചും ദൗര്‍ഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവും അപലപനീയവും ഒരിക്കലും നീതീകരിക്കാനാകാത്തതുമായ സംഭവമാണ് 20.09.2022 ല്‍ കെഎസ്ആര്‍ടിസി കാട്ടാക്കട യൂണിറ്റില്‍ ഉണ്ടായത്... പ്രസ്തുത സംഭവത്തില്‍ ഞാന്‍ അതീവമായി ഖേദിക്കുന്നു...

ഇരുപത്തി ഏഴായിരത്തോളം ജീവനക്കാരുണ്ട് കെ.എസ്.ആര്‍.ടി.സി എന്ന മഹാ പ്രസ്ഥാനത്തില്‍... കുറേയേറെ വിഷയങ്ങള്‍ സാമ്പത്തികം, ഭരണം, സര്‍വീസ് ഓപ്പറേഷന്‍, മെയിന്റനന്‍സ്, അച്ചടക്കം, വിവരസാങ്കേതികം, ആസൂത്രണം, ആശയവിനിമയം... തുടങ്ങിയ മേഖലകളില്‍ കാലങ്ങളായി നിലനിന്നു പോന്നിരുന്നു...

കടുത്ത  പ്രതിസന്ധികള്‍ക്കിടയിലും ഏറെക്കുറെ വിഷയങ്ങള്‍ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന അതിലേറെ  ദുഃഖകരമായ ഒരനുഭവം കാട്ടാക്കട യൂണിറ്റില്‍ യാത്രാ കണ്‍സഷന്‍ പുതുക്കാനായി എത്തിയ വിദ്യാര്‍ത്ഥിനിക്കും പിതാവിനും നേരിടേണ്ടി വന്നിട്ടുള്ളത്... ഇത്തരത്തില്‍ ഒരു വൈഷമ്യം ആ പെണ്‍കുട്ടിക്കും പിതാവിനും പ്രസ്തുത കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നും നേരിടേണ്ടി വന്നതില്‍ ഈ സ്ഥാപനത്തിന്റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരില്‍ പൊതുസമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു... ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ വളരെ ചുരുക്കം ചില മാനസ്സിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നം എന്ന് ഏവരും മനസ്സിലാക്കണം... അത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്‌മെന്റ് സംരക്ഷിക്കില്ല, വച്ചുപൊറുപ്പിക്കില്ല... ഇതുതന്നെയാണ് ബഹു: ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജുവിന്റെയും ഗവണ്‍മെന്റിന്റെയും നിലപാട്. ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുക എന്ന് തന്നെയാണ് ഗവണ്‍മെന്റ് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

ദയവായി ഒന്ന് ശ്രദ്ധിച്ച് വിലയിരുത്തൂ... ജീവനക്കാരെക്കുറിച്ച് ഇത്തരത്തിലുള്ള ഗൗരവതരമായ പരാതികള്‍ ഈ അടുത്ത കാലത്തായി തീരെയും ഇല്ല എന്ന് നിസ്സംശയം പറയാവുന്ന അവസ്ഥ തന്നെയായിരുന്നു... അതുകൊണ്ടുതന്നെ ഈ സംഭവത്തെ ഞാന്‍ അതീവ ഗൗരവത്തോടെ കാണുന്നു. വിഷയം ശരിയായ ദിശയില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായി നടപടിയെടുക്കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു...

കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗം വരുന്ന നല്ലവരായ ജീവനക്കാരുണ്ട് എന്നുള്ള യാഥാര്‍ത്ഥ്യബോധം നമുക്കേവര്‍ക്കും ഉണ്ടാകേണ്ടതാണ്, എന്നാല്‍ ഏതു സ്ഥാപനത്തിലും വളരെ ചുരുക്കം ചില പ്രശ്‌നക്കാര്‍ ഉണ്ടായേക്കാം, അവരെ തിരുത്തുവാനായി പരമാവധി ശ്രമിക്കുന്നുണ്ട്, തിരുത്തപ്പെട്ടില്ലെങ്കില്‍ ഈ സ്ഥാപനത്തില്‍ നിന്നും അത്തരത്തിലുള്ളവരെ നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി പുറത്താക്കുക തന്നെ ചെയ്യും എന്നതില്‍ യാതൊരു സംശയവും വേണ്ട. ഒറ്റപ്പെട്ട ഈ സംഭവത്തെ തെറ്റായി തന്നെ കണ്ട്, കെഎസ്ആര്‍ടിസിക്കും അതിലെ ജീവനക്കാര്‍ക്കും നിങ്ങള്‍ നാളിതുവരെ നല്‍കിവന്നിരുന്ന സ്‌നേഹവും സഹകരണവും ആത്മാര്‍ത്ഥതയും തുടര്‍ന്നും ഉണ്ടാകണമെന്ന് സ്‌നേഹത്തിന്റെ ഭാഷയില്‍ അഭ്യര്‍ത്ഥിക്കുന്നു...

സ്‌നേഹപൂര്‍വ്വം,
നിങ്ങളുടെ സ്വന്തം
ബിജുപ്രഭാകര്‍ ഐ. എ. എസ്
സെക്രട്ടറി ട്രാന്‍സ്‌പോര്‍ട്ട് & ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍, കെഎസ്ആര്‍ടിസി

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com