

കൊച്ചി: പിഎം ശ്രീയുടെ പേരില്‍ കടുത്ത വര്‍ഗീയത മുസ്ലിം സമുദായത്തില്‍ പ്രചരിപ്പിച്ചതിന് മുസ്ലിംലീഗും, നിരവധി പള്ളികളുടെ ഖാളിയായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പരസ്യമായി മാപ്പ് പറയണമെന്ന് മുന്‍മന്ത്രി കെടി ജലീല്‍. സാദിഖലി തങ്ങളുടെ പ്രസ്താവനകളെ ലീഗ് അധ്യക്ഷന്റെതിനെക്കാള്‍ മത പദവിയായ 'ഖാളി'യുടെ സത്യസന്ധമായ വാക്കുകളായാണ് സമുദായം കേള്‍ക്കുന്നത്. പറഞ്ഞ വാക്കും പഴയ ചാക്കും ഒരുപോലെയെന്ന് കരുതുന്ന വെറുമൊരു നാലാംകിട രാഷ്ട്രീയ നേതാവാണ് സാദിഖലി തങ്ങളെങ്കില്‍ 'ഖാളി' സ്ഥാനം അലങ്കരിക്കാന്‍ ഒരര്‍ത്ഥത്തിലും അദ്ദേഹം യോഗ്യനല്ലെന്ന് കെടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'വാക്കിന് സ്ഥിരതയില്ലാത്ത ഏമ്പോക്കിക്കും കയറിയിരിക്കാന്‍ പറ്റുന്ന കസേരയല്ല 'ഖാളി'മാരുടേത്. ഖാളീ സ്ഥാനം വാക്കിന് വില കല്‍പ്പിക്കുന്ന പണ്ഡിതന്‍മാര്‍ക്ക് ഒഴിഞ്ഞ് കൊടുത്ത് സാദിഖലി തങ്ങള്‍ മാന്യത കാട്ടണം. അതല്ലെങ്കില്‍ മഹല്ലു കമ്മിറ്റികള്‍ അദ്ദേഹത്തെ ഖാളിയുടെ കസേരയില്‍ നിന്ന് മാറ്റി വാക്കിന് സ്ഥിരതയുള്ള പണ്ഡിതന്മാരെ നിയമിക്കാന്‍ തയ്യാറാകണം. പി.എം ശ്രീയുടെ കാര്യത്തില്‍ സാദിഖലി തങ്ങളുടെ നിലപാട് വി.ഡി സതീശന്‍ സര്‍ക്കാരിന്റേതാണെങ്കില്‍ അദ്ദേഹത്തെ മേലില്‍ ഖാളിയായി അംഗീകരിക്കാന്‍ ഞാന്‍ സന്നദ്ധനല്ല. താങ്കളുടെ മതവിധി ഞാനടക്കമുള്ളവര്‍ ചവറ്റുകൊട്ടയില്‍ എറിയും. ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കാന്‍ എനിക്ക് അശേഷം മടിയില്ല'- ജലീല്‍ കുറിപ്പില്‍ പറയുന്നു.
'നിങ്ങള്‍ കൊടുക്കുന്ന ലിസ്റ്റിലെ ഒരു സ്കൂളിലും പി.എം ശ്രീയില്‍ കിട്ടുന്ന പണത്തില്‍ നിന്ന് ഒരു നയാ പൈസ വിനിയോഗിക്കാന്‍ നാട്ടുകാര്‍ സമ്മതിക്കില്ല. ആ പണം ഉപയോഗിച്ച് നരേന്ദ്രമോദിക്ക് അദ്ദേഹം ജീവിച്ചിരിക്കെ കേരളത്തില്‍ സ്മാരകം പണിയാമെന്ന് ആരും വിചാരിക്കേണ്ട. അതിന് ഞങ്ങളുടെയൊക്കെ തല മണ്ണില്‍ കുത്തണം. കാരണം അത്രമാത്രം ആ പണം നിഷിദ്ധമാണെന്നും മുസ്ലിം വിരുദ്ധമാണെന്നും പ്രചരിപ്പിച്ചവരാണ് യുഡിഎഫ്, പ്രത്യേകിച്ച് ലീഗ്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും പിണറായി സര്‍ക്കാര്‍ നവീകരിച്ചത് ഒരു പി.എം ശ്രീ ഫണ്ടും ഉപയോഗിച്ചില്ല. ആ ഓര്‍മ്മ ഉണ്ടാകുന്നത് നല്ലതാണ്'- ജലീല്‍ കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
പി.എം ശ്രീയിൽ വാക്ക് പാലിക്കാത്ത സാദിഖലി തങ്ങൾ 'ഖാളി' സ്ഥാനം ഒഴിയണം; ഞാൻ അദ്ദേഹത്തെ ഖാളിയായി അംഗീകരിക്കില്ല.
പി.എം ശ്രീയുടെ പേരിൽ കടുത്ത വർഗ്ഗീയത മുസ്ലിം സമുദായത്തിൽ പ്രചരിപ്പിച്ചതിന് മുസ്ലിംലീഗും, നിരവധി പള്ളികളുടെ ഖാളിയായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പരസ്യമായി മാപ്പ് പറയണം. സാദിഖലി തങ്ങളുടെ പ്രസ്താവനകളെ ലീഗദ്ധ്യക്ഷൻ്റെതിനെക്കാൾ മത പദവിയായ 'ഖാളി'യുടെ സത്യസന്ധമായ വാക്കുകളായാണ് സമുദായം കേൾക്കുന്നത്. പറഞ്ഞ വാക്കും പഴയ ചാക്കും ഒരുപോലെയെന്ന് കരുതുന്ന വെറുമൊരു നാലാംകിട രാഷ്ട്രീയ നേതാവാണ് സാദിഖലി തങ്ങളെങ്കിൽ 'ഖാളി' സ്ഥാനം അലങ്കരിക്കാൻ ഒരർത്ഥത്തിലും അദ്ദേഹം യോഗ്യനല്ല.
പി.എം ശ്രീയുടെ കാര്യത്തിലും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ കാര്യത്തിലും അത് ജനങ്ങൾക്ക് ബോദ്ധ്യമായിരിക്കുന്നു. ഏത് വാക്കിന് സ്ഥിരതയില്ലാത്ത ഏമ്പോക്കിക്കും കയറിയിരിക്കാൻ പറ്റുന്ന കസേരയല്ല 'ഖാളി'മാരുടേത്. ഖാളീ സ്ഥാനം വാക്കിന് വില കൽപ്പിക്കുന്ന പണ്ഡിതൻമാർക്ക് ഒഴിഞ്ഞ് കൊടുത്ത് സാദിഖലി തങ്ങൾ മാന്യത കാട്ടണം. അതല്ലെങ്കിൽ മഹല്ലു കമ്മിറ്റികൾ അദ്ദേഹത്തെ ഖാളിയുടെ കസേരയിൽ നിന്ന് മാറ്റി വാക്കിന് സ്ഥിരതയുള്ള പണ്ഡിതന്മാരെ നിയമിക്കാൻ തയ്യാറാകണം. പി.എം ശ്രീയുടെ കാര്യത്തിൽ സാദിഖലി തങ്ങളുടെ നിലപാട് വി.ഡി സതീശൻ സർക്കാരിൻ്റേതാണെങ്കിൽ അദ്ദേഹത്തെ മേലിൽ ഖാളിയായി അംഗീകരിക്കാൻ ഞാൻ സന്നദ്ധനല്ല. താങ്കളുടെ മതവിധി ഞാനടക്കമുള്ളവർ ചവറ്റുകൊട്ടയിൽ എറിയും. ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കാൻ എനിക്ക് അശേഷം മടിയില്ല.
LDF സർക്കാർ ഒപ്പിട്ടത് കൊണ്ട് പിന്തിരിയാൻ കഴിയില്ലെന്ന ലീഗിൻ്റെയും സതീശൻ്റെയും വാദങ്ങൾ പച്ചക്കള്ളമാണെന്ന് മനസ്സിലാക്കാൻ, ലീഗ് അഖിലേന്ത്യ ട്രഷറർ പി.വി അബ്ദുൽ വഹാബിൻ്റെ ചോദ്യത്തിന് രാജ്യസഭയിൽ മന്ത്രി നൽകിയ മറുപടി മാത്രം മതി. ഈ സന്ദർഭത്തിൽ തന്നെ അത്തരമൊരു ചോദ്യം ചോദിച്ച് സർക്കാരിൻ്റെയും ലീഗിൻ്റെയും വിശിഷ്യ സാദിഖലി തങ്ങളുടെയും തലമണ്ടക്ക് അടിച്ച വഹാബ് സാഹിബിന് അഭിനന്ദനങ്ങൾ. LDF സർക്കാർ ഒപ്പിട്ട പി.എം ശ്രീക്കെതിരെ ജനങ്ങളുടെ എതിർപ്പ് വന്നപ്പോൾ അത് മരവിപ്പിക്കാനും ആ സർക്കാർ തീരുമാനിച്ചിരുന്നു. ആ നിലപാട് തുടരുന്നതിന് പകരം പി.എം ശ്രീ നടപ്പിലാക്കാനാണ് സതീശൻ സർക്കാർ ക്കുന്നത്. പി.എം ശ്രീ നടപ്പിലാക്കാനുള്ള ഒരൊറ്റ സ്കൂളിൻ്റെ പേരും LDF നൽകിയിരുന്നില്ല. അത് കൊണ്ട് പിണറായി വിജയനേയോ ശിവൻകുട്ടിയേയോ കേന്ദ്ര സർക്കാർ ജയിലിലൊന്നും ഇട്ടില്ല.
പി.എം ശ്രീയിൽ പിൻമാറിയാൽ എന്ത് 'മാങ്ങാതൊലി' സംഭവിക്കുമെന്നാണ് മുഖ്യമന്ത്രിയും ലീഗ് മന്ത്രിയും പറയുന്നത്? സതീശനേയോ ശംസുദ്ധീനെയോ നരേന്ദ്രമോദി ജയിലിലടക്കുമോ? തൂക്കിക്കൊല്ലുമോ? കേന്ദ്രം പി.എം ശ്രീക്ക് നൽകുന്ന പണം വിനിയോഗിക്കാൻ സർക്കാർ സ്കൂളുകളുടെ ലിസ്റ്റ് കൊടുത്തില്ലെങ്കിൽ അമിത് ഷാ ലീഗിനെയോ ശംസുദ്ദീനെയോ വിഴുങ്ങുമോ?
നിങ്ങൾ കൊടുക്കുന്ന ലിസ്റ്റിലെ ഒരു സ്കൂളിലും പി.എം ശ്രീയിൽ കിട്ടുന്ന പണത്തിൽ നിന്ന് ഒരു നയാ പൈസ വിനിയോഗിക്കാൻ നാട്ടുകാർ സമ്മതിക്കില്ല. ആ പണം ഉപയോഗിച്ച് നരേന്ദ്രമോദിക്ക് അദ്ദേഹം ജീവിച്ചിരിക്കെ കേരളത്തിൽ സ്മാരകം പണിയാമെന്ന് ആരും വിചാരിക്കേണ്ട. അതിന് ഞങ്ങളുടെയൊക്കെ തല മണ്ണിൽ കുത്തണം. കാരണം അത്രമാത്രം ആ പണം നിഷിദ്ധമാണെന്നും മുസ്ലിം വിരുദ്ധമാണെന്നും പ്രചരിപ്പിച്ചവരാണ് UDF, പ്രത്യേകിച്ച് ലീഗ്. കേരളത്തിലെ എല്ലാ സർക്കാർ സ്കൂളുകളും പിണറായി സർക്കാർ നവീകരിച്ചത് ഒരു പി.എം ശ്രീ ഫണ്ടും ഉപയോഗിച്ചില്ല. ആ ഓർമ്മ ഉണ്ടാകുന്നത് നല്ലതാണ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates