ചരിത്രബോധമില്ലാത്ത സംഘപരിവാർ ശാഖ; 1921 ലെ സമരസഖാക്കൾ ജനമനസ്സുകളിൽ ജീവിക്കുകതന്നെ ചെയ്യും; കെടി ജലീല്‍

മാപ്പെഴുതിക്കൊടുത്ത് തടിതപ്പിയവരുടെ പിന്‍മുറക്കാര്‍ നില്‍കുന്ന രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് 1921 സമരപോരാളികള്‍ക്ക് വേണ്ട 
കെടി ജലീല്‍
കെടി ജലീല്‍
Updated on
2 min read

മലപ്പുറം: മാപ്പെഴുതിക്കൊടുത്ത് ജയിലിൽ നിന്നും തടിതപ്പിയവരുടെ പിന്‍മുറക്കാര്‍ നല്‍കുന്ന രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിക്കും ആലി മുസ്ല്യാര്‍ക്കും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ പോരാളികള്‍ക്കും ആവശ്യമില്ലെന്ന് കെ.ടി ജലീല്‍ എം.എൽ.എ. മാപ്പിള പോരാളികളെ ആർഎസ്എസ് അവരുടെ ചരിത്രതാളുകളിൽ നിന്ന് വെട്ടിമാറ്റിയിട്ടുണ്ടെങ്കിൽ അതിലൂടെ ചെറുതാകുന്നത് ഐ.സി.എച്ച്.ആർ എന്ന ചരിത്ര ബോധമില്ലാത്ത സംഘ പരിവാർ ശാഖയാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണ രൂപം
 

ആ രക്തസാക്ഷികൾക്കു മരണമില്ല. അവർ മതേതര മനസ്സുകളിൽ എക്കാലവും ജീവിക്കും

-------------------------------------

മാപ്പെഴുതിക്കൊടുത്ത് ആൻഡമാനിലെ സെല്ലുലാർ ജയിലിൽ നിന്ന് തടിതപ്പിയവരുടെ പിൻമുറക്കാർ നൽകുന്ന രാജ്യസ്നേഹ സർട്ടിഫിക്കറ്റ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിക്കും ആലി മുസ്ല്യാർക്കും 1921 ൽ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ ധീരരായ പോരാളികൾക്കും വേണ്ടേവേണ്ട. ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടും എം.പി നാരായണമേനോനും വൈദ്യരത്നം പി.എസ് വാര്യറും കെ. മാധവൻ നായരും കമ്പളത്ത് ഗോവിന്ദൻ നായരും എ.കെ. ഗോപാലനും ഇ.എം.എസും ഹൃദയത്തോട് ചേർത്തുപിടിച്ച മാപ്പിള പോരാളികളെ ആർ.എസ്.എസ് അവരുടെ ചരിത്രതാളുകളിൽ നിന്ന് വെട്ടിമാറ്റിയിട്ടുണ്ടെങ്കിൽ അതിലൂടെ ചെറുതാകുന്നത് ICHR എന്ന ചരിത്ര ബോധമില്ലാത്ത സംഘ പരിവാർ ശാഖയാണ്. ഈ ലോകം നിലനിൽക്കുവോളം ധീരന്മാരായ 1921 ലെ സമരസഖാക്കൾ ജനമനസ്സുകളിൽ ജീവിക്കുകതന്നെ ചെയ്യും. സ്വാതന്ത്ര്യത്തിന് ശേഷം ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് ഇടതുപക്ഷ ചരിത്ര കാരൻമാരുടെ നിരന്തര ഇടപെടലിനെ തുടർന്ന് 1921 ലെ മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ്സ് സർക്കാർ അംഗീകരിച്ചത്. ഇനിയൊരു രണ്ടു പതിറ്റാണ്ടുകൂടി മറ്റൊരു കീറമുറം കൊണ്ട് അതേ സമരനായകർ മറച്ചു വെക്കപ്പെട്ടേക്കാം. മതഭ്രാന്തിൻ്റെ കാർമേഘം നീങ്ങി ആകാശത്തിന് നീലനിറം കൈവരുമ്പോൾ സൂര്യതേജസ്സോടെ അവർ സ്വാതന്ത്ര്യസമര സേനാനികളുടെ ചക്രവാളത്തിൽ ഉദിച്ചുയരുക തന്നെചെയ്യും. നമുക്ക് കാത്തിരിക്കാം.

ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം കൊടുമ്പിരികൊണ്ട കോട്ടക്കൽ ദേശത്ത് സ്ഥിതി ചെയ്തിരുന്ന കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഒരു ഓട് പോലും കലാപത്തിൽ പൊട്ടിയതായി ചരിത്രത്തിലെവിടെയും കാണാൻ കഴിയില്ല. തുവ്വൂരിലെ കിണറ്റിൽ കണ്ട 32 മൃതദേഹങ്ങളുടെ കൂട്ടത്തിൽ നാല് മുസ്ലിങ്ങളും ഉണ്ടായിരുന്നു. ദേശീയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തവരെ വകവരുത്തിയപ്പോൾ മതത്തിൻ്റെ പേരിൽ ആരെയും സമരക്കാർ സംരക്ഷിച്ചില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് അനുകൂലികളായ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും കലാപകാരികൾ വിവേചന രഹിതമായാണ് നേരിട്ടത്. മുസ്ലിമായ ചേക്കുട്ടിപ്പോലീസിനോട് സമരക്കാർ ചെയ്ത ക്രൂരത മറ്റൊരു സമുദായക്കാരനോടും അവർ കാണിച്ചിട്ടില്ല. സാമ്രാജ്യത്വ ശക്തികൾക്ക് ചാരപ്പണി എടുത്ത ചിലർ ക്ഷേത്രങ്ങളിൽ കയറി ഒളിച്ചപ്പോൾ അവരെ നേരിടാൻ രണ്ടോ മൂന്നോ ക്ഷേത്രങ്ങൾ സമരക്കാർ അക്രമിച്ചത് പർവ്വതീകരിച്ച് കാണിക്കുന്നവർ, അതേ കലാപകാരികൾ ബ്രിട്ടീഷ് അനുകൂലിയായ കൊണ്ടോട്ടി തങ്ങൾ ഒളിച്ചുപാർത്ത പ്രസിദ്ധമായ കൊണ്ടോട്ടി പള്ളിക്കു നേരെയും വെടി ഉതിർത്തിട്ടുണ്ട് എന്ന കാര്യം ബോധപൂർവ്വം വിട്ടുകളയുകയാണ്.

1921 ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട യാഥാർത്ഥ്യങ്ങൾ അറിയാൻ താൽപര്യമുള്ളവർക്ക് താഴേ പറയുന്ന പുസ്തകങ്ങൾ വായിക്കാവുന്നതാണ്.

(1) ''Against Lord and State" by Dr KN Panicker

(2) ''ഖിലാഫത്ത് സ്മരണകൾ" by ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്

(3) "വൈദ്യരത്നം പി.എസ്. വാര്യർ'' by സി.എ വാരിയർ (4) "സ്മൃതിപർവ്വം (ആത്മകഥ)" by പി.കെ. വാരിയർ

(5) "മലബാർ കലാപം" by കെ. മാധവൻ നായർ

(6) "മലബാർ സമരം; എം.പി നാരായണമേനോനും സഹപ്രവർത്തകരും" by ഡോ: എം.പി.എസ് മേനോൻ

(7) "ആഹ്വാനവും താക്കീതും" by ഇ.എം.എസ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com