മലപ്പുറം: ലോകായുക്ത വിഷയത്തില്‍ ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും ഫെയ്‌സ്ബുക്ക് പോസ്റ്റുമായി മുന്‍ മന്ത്രി കെടി ജലീല്‍. 2013ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി സിറിയക് ജോസഫിനെ നിയമിക്കുന്നതില്‍ അന്ന് ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന സുഷമ സ്വരാജും രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന അരുണ്‍ ജെയ്റ്റിലിയും എഴുതിയ വിയോജന കുറിപ്പിന്റെ മലയാളം തര്‍ജ്ജമയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലെ ഉള്ളടക്കം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ അഭിസംബോധന ചെയ്താണ് പോസ്റ്റ് തുടങ്ങുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് സുരേന്ദ്രന്‍ജീ, 'ആ മഹാനാണ് ഈ മഹാന്‍'     അനുബന്ധം 12
ജസ്റ്റിസ് സിറിയക് ജോസഫിനെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി നിയമിക്കുന്നതിലുള്ള അനൗചിത്യം ചൂണ്ടിക്കാട്ടി രാജ്യസഭാ പ്രതിപക്ഷനേതാവ് അരുണ്‍ ജയ്റ്റ്‌ലിയും ലോകസഭാ പ്രതിപക്ഷനേതാവ് സുഷമ സ്വരാജും 16052013 ന് സമര്‍പ്പിച്ച വിയോജനക്കുറിപ്പ്
.......................................................................
കുറിപ്പ്
ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ ജുഡീഷ്യല്‍ അംഗമായി നിയമിക്കുവാന്‍ സര്‍വീസിലുള്ളതോ വിരമിച്ചതോ ആയ സുപ്രീം കോടതി ജഡ്ജിമാരില്‍ നിന്ന് മൂന്ന് പേരെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ്  ബി സുദര്‍ശന്‍ റെഡ്ഢി, ജസ്റ്റിസ് വിഎസ് ശിര്‍പുര്‍കര്‍ എന്നിവരെയാണ്  നിര്‍ദേശിച്ചിട്ടുള്ളത്. ഇക്കൂട്ടത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് സിറിയക് ജോസഫ് ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ അംഗമാകാന്‍ ഒട്ടും അനുയോജ്യനല്ല എന്നാണ് എന്റെ സുചിന്തിതമായ  അഭിപ്രായം. അദ്ദേഹം സുപ്രീം കോടതിയിലും കേരളത്തിലെയും ഡല്‍ഹിയിലെയും ഹെക്കോടതി കളിലും ജഡ്ജിയും കര്‍ണാടക ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസുമായിരുന്നു. 
'വിധിന്യായമെഴുതാത്ത ജഡ്ജി' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. സുപ്രീം കോടതിയിലെ ഓരോ ജഡ്ജും നൂറുകണക്കിന് വിധിന്യായം തയ്യാറാക്കുന്ന സ്ഥാനത്ത് തന്റെ സേവന കാലയളവിനിടെ വെറും ആറ് വിധിന്യായം മാത്രമാണ് അദ്ദേഹം തയ്യാറാക്കിയിട്ടുള്ളത്. ന്യായാധിപപദവിയിലിരിക്കെ, ചില രാഷ്ട്രീയമത സംഘടനകളുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയതായും അറിയുന്നു. 
കന്യാസ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ കുറ്റാരോപിതരെ   നാര്‍ക്കോ അനാലിസിസിന് വിധേയരാക്കിക്കൊണ്ടിരുന്ന വേളയില്‍, സുപ്രീം കോടതി ജഡ്ജിയായിരുന്ന അദ്ദേഹം കര്‍ണാടകയിലെ ചില സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചത് മതസംഘടനകളുമായുള്ള അദ്ദേഹത്തിന്റെ ബാന്ധവത്തിന് തെളിവായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  കേരളത്തിലെ ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഢിയും ജസ്റ്റിസ് വിഎസ് ശ്രീപുര്‍കറും ഞങ്ങളില്‍ ചിലര്‍ നിര്‍ദ്ദേശിച്ച ജസ്റ്റിസ് രവീന്ദ്രന്‍, ജസ്റ്റിസ് എച്ച് എസ് ബേദി, ജസ്റ്റിസ് ദീപക് വര്‍മ എന്നിവരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ  നിയമനത്തിന് യോഗ്യരായി ഉള്ളപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി  ജസ്റ്റിസ് സിറിയക് ജോസഫിനെ നിയമിക്കുന്നതിനോട് സ്വബോധ്യത്തോടെ യോജിക്കാന്‍  നിര്‍വാഹമില്ലെന്ന് അറിയിക്കുന്നു. 
അരുണ്‍ ജെയ്റ്റ്‌ലി,
രാജ്യസഭാ പ്രതിപക്ഷനേതാവ്.
'സത്യസന്ധതയും കാര്യക്ഷമതയും പൊതു ഔദ്യോഗികപദവിയില്‍ സര്‍വപ്രധാനമാണ്. നിര്‍ദിഷ്ട വ്യക്തിയ്ക്ക് ഇവ രണ്ടുമില്ല. അതിനാല്‍ ഞാന്‍ വിയോജിക്കുന്നു'.
സുഷമ സ്വരാജ്,
ലോകസഭാ പ്രതിപക്ഷ നേതാവ്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates