'ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഇല്ലാത്ത കോലാഹലം ഇന്നുണ്ടാക്കരുത്'; കാന്തപുരത്തിന് പിന്തുണയുമായി കെടി ജലീല്‍

സമുദായത്തിൻ്റെ പേരിൽ പ്രവർത്തിക്കുകയും അതേ സമുദായം വിശ്വസിക്കുന്ന ആദർശങ്ങളിൽ ലീഗ് തന്നെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി വെള്ളം ചേർക്കുകയും ചെയ്യുമ്പോൾ അത് കാണാതിരിക്കാൻ മുസ്ലിം പണ്ഡിതൻമാർക്ക് കഴിയില്ല.
Kanthapuram AP Aboobacker Musliyar
Kanthapuram AP Aboobacker Musliyar
Edited By:
Updated on
2 min read

കൊച്ചി: വിവാദ പ്രസ്താവനയില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരെ പിന്തുണച്ച് മുന്‍ മന്ത്രി കെടി ജലീല്‍. മതശാസന കാര്യങ്ങളാണ് കാന്തപുരം സംസരിച്ചത്. അത് പറയാനുള്ള മതപണ്ഡിതരുടെ സ്വാതന്ത്ര്യത്തെ ആര്‍ക്കും നിഷേധിക്കാനാവില്ല. അതില്‍ പൊതു സമൂഹത്തിന് സ്വീകാര്യവും അസ്വീകാര്യവുമായ കാര്യങ്ങള്‍ ഉണ്ടാകാം. അത് സ്വാഭാവികമാണെന്നും ജലീല്‍ പറഞ്ഞു.

'ഹൈന്ദവ സന്യാസിമാരും ക്രൈസ്തവ പാതിരിമാരും മുസ്ലിം പണ്ഡിതന്‍മാരും സമൂഹത്തിന്റെ ധാര്‍മ്മിക ഉന്നതി ലക്ഷ്യം വെച്ചാണ് അഭിപ്രായങ്ങള്‍ പറയുക. ആധുനിക സമൂഹത്തിന് അതില്‍ യോജിക്കാനും വിയോജിക്കാനും അവകാശമുണ്ട്. അതുപറയാനുള്ള മത പണ്ഡിതന്‍മാരുടെ സ്വാതന്ത്ര്യത്തെ ആര്‍ക്കും നിഷേധിക്കാനുമാവില്ല. ഇന്‍ഡ്യന്‍ ഭരണഘടന നല്‍കുന്ന അവകാശത്തെ ഹനിക്കും വിധം ആര് എന്തു പറഞ്ഞാലും പുരോഗമനവാദികള്‍ അതിനെ എതിര്‍ക്കും. അത് അവരുടെയും അവകാശമാണ്. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ഉയര്‍ന്നു വന്ന വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇതോട് ചേര്‍ത്തു വായിക്കണം. അന്നില്ലാത്ത കോലാഹലം ഇക്കാര്യത്തില്‍ ആരും ഉണ്ടാക്കാന്‍ ശ്രമിക്കരുത്'- കെടി ജലീല്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

വനിതാ ലീഗുംസ്ത്രീ സ്വാതന്ത്ര്യവും!

സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാവുകയാണ്. ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി ശൈഖുനാ കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ സുന്നി പ്രവർത്തകർക്ക് നൽകിയ നിർദ്ദേശം ഉൾകൊളളുന്ന സർക്കുലറാണ് സംവാദാത്മകമായ വിവാദത്തിന് തിരികൊളുത്തിയത്. ഇടതുപക്ഷ നേതാക്കളും കോൺഗ്രസ് നേതാക്കളുമെല്ലാം ഇതിനകം അഭിപ്രായപ്രകടനം നടത്തിക്കഴിഞ്ഞു. കേട്ടതിൻമേൽ കേട്ട് നടത്തിയ പ്രസ്താവനകളാണ് പലതും. സർക്കുലർ ഇമേജിൽ കൊടുക്കുന്നു.

കാന്തപുരം ഉസ്താദ് ഒരു മത പണ്ഡിതനാണ്. അദ്ദേഹം മതശാസനകളുമായി ബന്ധപ്പെട്ടാണ് സംസാരിക്കുക. അതിൽ പൊതു സമൂഹത്തിന് സ്വീകാര്യവും അസ്വീകാര്യവുമായ കാര്യങ്ങൾ ഉണ്ടാകാം. അത് സ്വാഭാവികമാണ്.

ഹൈന്ദവ സന്യാസിമാരും ക്രൈസ്തവ പാതിരിമാരും മുസ്ലിം പണ്ഡിതൻമാരും സമൂഹത്തിൻ്റെ ധാർമ്മിക ഉന്നതി ലക്ഷ്യം വെച്ചാണ് അഭിപ്രായങ്ങൾ പറയുക. ആധുനിക സമൂഹത്തിന് അതിൽ യോജിക്കാനും വിയോജിക്കാനും അവകാശമുണ്ട്. അതുപറയാനുള്ള മത പണ്ഡിതൻമാരുടെ സ്വാതന്ത്ര്യത്തെ ആർക്കും നിഷേധിക്കാനുമാവില്ല. ഇൻഡ്യൻ ഭരണഘടന നൽകുന്ന അവകാശത്തെ ഹനിക്കും വിധം ആര് എന്തു പറഞ്ഞാലും പുരോഗമനവാദികൾ അതിനെ എതിർക്കും. അത് അവരുടെയും അവകാശമാണ്.

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ഉയർന്നു വന്ന വ്യത്യസ്ത അഭിപ്രായങ്ങൾ ഇതോട് ചേർത്തു വായിക്കണം. അന്നില്ലാത്ത കോലാഹലം ഇക്കാര്യത്തിൽ ആരും ഉണ്ടാക്കാൻ ശ്രമിക്കരുത്.

ഞാൻ മനസ്സിലാക്കിയേടത്തോളം മുസ്ലിംലീഗിലെ വനിതാ നേതാക്കളുടെ പെരുമാറ്റവും എം.എസ്.എഫിൻ്റെ ഗേൾസ് വേദിയായ 'ഹരിത'ക്കാരുടെ നിലപാടുകളും മൂത്തലീഗിൻ്റെ അക്കാര്യങ്ങളിലെ മൗനവും ഇസ്ലാമിൻ്റെ പൊതുവിശ്വാസത്തിന് വിരുദ്ധമായത് മുസ്ലിങ്ങൾക്കിടയിൽ പ്രത്യേകിച്ച് സുന്നികൾക്കിടയിൽ വലിയ ചർച്ചയായ സാഹചര്യത്തിലാണ് കാന്തപുരം അബൂബക്കർ മുസ്ല്യാർ മുസ്ലിങ്ങളെ ജാഗ്രതപ്പെടുത്താൻ ഇത്തരമൊരു പ്രസ്താവന നടത്തിയത്. അതറിയുന്നത് കൊണ്ടാണ് നൂറുകണക്കിന് പള്ളികളുടെ ഖാളിയായ മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടി സാഹിബും സമദാനി എം.പിയും വഹാബ് എം.പിയുമെല്ലാം ഈ വിവാദത്തിൽ ഇടപെടാതെ മാറി നിൽക്കുന്നത്.

സമുദായത്തിൻ്റെ പേരിൽ പ്രവർത്തിക്കുകയും അതേ സമുദായം വിശ്വസിക്കുന്ന ആദർശങ്ങളിൽ ലീഗ് തന്നെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി വെള്ളം ചേർക്കുകയും ചെയ്യുമ്പോൾ അത് കാണാതിരിക്കാൻ മുസ്ലിം പണ്ഡിതൻമാർക്ക് കഴിയില്ല. കാന്തപുരത്തെ പിന്തുണച്ച ലീഗിലെ രണ്ടാംനിര നേതാക്കളുടെ പ്രസ്താവനയേട് പ്രതികരിച്ചു കൊണ്ട് സമസ്തയുടെ അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ നടത്തിയ പ്രസ്താവ വളരെ പ്രസക്തമാണ്: "പിന്തുണച്ചാൽ മാത്രം പോര, നടപ്പിലാക്കുകയും വേണം". എന്നുവെച്ചാൽ ഇസ്ലാമിൻ്റെ സ്ത്രീ വീക്ഷണത്തെ ലീഗുകാർ പിന്തുണച്ചാൽ മാത്രം പോര, വനിതാലീഗിലും 'ഹരിത'യിലുമെല്ലാം അത് നടപ്പിലാക്കുകയും വേണമെന്നർത്ഥം.

ഒരു ജനാധിപത്യ സമൂഹത്തിൽ അവരവരുടെ ചിന്താഗതികൾ തുറന്നു പ്രകടിപ്പിക്കാം. പക്ഷെ അത് സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും മറ്റുള്ളവർക്കുള്ള സ്വാതന്ത്ര്യത്തെ ഓരോരുത്തരും അംഗീകരിക്കണം. കാന്തപുരം ഉസ്താദ് താൻ പറഞ്ഞത് നാളെ മുതൽ എല്ലാവരും അംഗീകരിച്ചോളണമെന്നോ, അതനുസരിച്ചില്ലെങ്കിൽ അത്തരക്കാരെ സമുദായം ബഹിഷ്കരിക്കുമെന്നോ അല്ല പറഞ്ഞത്. അങ്ങിനെ പറയാത്തെടത്തോളം കാലം അദ്ദേഹത്തിനു മേൽ കുതിരകയറുന്നതിൽ അർത്ഥമില്ല.

"നിങ്ങൾ പറയുന്നതിനോട് ഞാൻ വിയോജിക്കുന്നുവെങ്കിലും നിങ്ങൾക്കത് പറയാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ഞാൻ പടപൊരുതും" എന്നു പറഞ്ഞ മഹാനായ ചിന്തകൻ വോൾട്ടയറെയാണ് ജനാധിപത്യവാദികൾ ഏതൊരു വിഷയത്തിലും മാതൃകയാക്കേണ്ടത്.

Summary

KT Jaleel Supports Kanthapuram AP Aboobacker Musliyar's Remark, Fueling Political Row

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kanthapuram AP Aboobacker Musliyar
kt jaleel
KT Jaleel against Sayyid Sadik Ali Shihab Thangal
today top five news
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com