തിരുവനന്തപുരം: സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തി വരുന്ന വിപുലമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീക്ക് നിര്‍ണായക പങ്കു വഹിക്കാന്‍ സാധിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കോവിഡ് 19 നെതിരേ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, കില എന്നിവയുമായി സഹകരിച്ചു കൊണ്ട് കുടുംബശ്രീ സംഘടിപ്പിക്കുന്ന 'മിഷന്‍ കോവിഡ്-2021 പ്രതിരോധിക്കാം, സുരക്ഷിതരാകാം' പ്രതിരോധ ബോധവല്‍ക്കരണ ക്യാമ്പെയ്‌ന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മൂന്നു ലക്ഷത്തോളം വരുന്ന അയല്‍ക്കൂട്ടങ്ങളിലെ 45 ലക്ഷം കുടുംബങ്ങളിലേക്ക് കോവിഡ് പ്രതിരോധം സംബന്ധിച്ച അറിവും നൈപുണ്യവും എത്തിച്ചുകൊണ്ട് ഓരോ വ്യക്തിയേയും സ്വയം സുരക്ഷിതരാക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ക്യാമ്പെയ്ന്‍ വഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് 19 രണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ വ്യാപനം രൂക്ഷമാവുകയും കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കുടുംബശ്രീ പ്രതിരോധ ക്യാമ്പെയ്‌നുമായി മുന്നിട്ടിറങ്ങുന്നത്. കോവിഡ് രോഗം, അതിനെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, വയോധികരുടെയും ഗര്‍ഭിണികളുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണം, ഭക്ഷണക്രമങ്ങള്‍ തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ നല്‍കിയിട്ടുള്ള കൃത്യവും ശാസ്ത്രീയവുമായ അവബോധം കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ 45 ലക്ഷം കുടുംബങ്ങളിലേക്കും നിരന്തരം എത്തിക്കുക എന്നതാണ് ക്യാമ്പെയ്ന്‍ വഴി നടപ്പാക്കുന്ന പ്രധാന പ്രവര്‍ത്തനം. ഇതിന്റെ ഭാഗമായി നിലവില്‍ കുടുംബശ്രീയുടെ കീഴിലുള്ള രണ്ടു ലക്ഷത്തോളം വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി പ്രതിരോധ മാര്‍ഗങ്ങള്‍ സംബന്ധിച്ച പോസ്റ്ററുകളും വീഡിയോകളും ഓരോ കുടുംബത്തിലേക്കും കൃത്യമായി എത്തിക്കും. ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ കൈപ്പുസ്തകവും തയ്യാറാക്കിയിട്ടുണ്ട്.
സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, സി.ഡി.എസ് അക്കൗണ്ടന്റ്, റിസോഴ്‌സ് പേഴ്‌സണ്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സി.ഡി.എസ് ടീമിന്റെ നേതൃത്വത്തിലാണ് ഓരോ തദ്ദേശ സ്ഥാപനത്തിലും ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. കുടുംബശ്രീ കുടുംബങ്ങളില്‍ കോവിഡ് പോസിറ്റീവായിരിക്കുന്ന വ്യക്തികള്‍ക്ക് മരുന്ന്, ഭക്ഷണം, ഓക്‌സിജന്‍, വാഹനം, കൗണ്‍സലിങ്ങ് എന്നിവ ആവശ്യമായി വരുന്ന മുറയ്ക്ക് അത് ഓരോ തദ്ദേശ സ്ഥാപനത്തിലുമുള്ള സിഡിഎസ് ടീമിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കും. നിലവില്‍ ഗുരുതര രോഗങ്ങളുള്ളവര്‍, മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവര്‍, അവരുടെ രക്ഷിതാക്കള്‍, അംഗപരിമിതര്‍, അഗതിരഹിത കേരളം പദ്ധതിയിലെ ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് പ്രതിരോധമാര്‍ഗങ്ങള്‍ സംബന്ധിച്ച അറിവ് നല്‍കുന്നതോടൊപ്പം ആവശ്യമായ കോവിഡ്കാല പിന്തുണകളും മാനസികാരോഗ്യ നിര്‍ദേശങ്ങളും കുടുംബശ്രീ വഴി ലഭ്യമാക്കും. കൂടാതെ കോവിഡ് സംബന്ധമായി സര്‍ക്കാരും കുടുംബശ്രീയും നല്‍കുന്ന നിര്‍ദേശങ്ങളും അറിവുകളും സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള വിവരങ്ങളും സമയബന്ധിതമായി മുഴുവന്‍ അയല്‍ക്കൂട്ട കുടുംബങ്ങളിലും എത്തിക്കും. എല്ലാ അയല്‍ക്കൂട്ട കുടുംബങ്ങള്‍ക്കും വാക്‌സിനേഷനെ സംബന്ധിച്ച അറിവ് നല്‍കുകയും ആവശ്യമുള്ളവര്‍ക്ക് വാക്‌സിന്‍ രജിസ്‌ട്രേഷനുള്ള പിന്തുണ നല്‍കി മുഴുവന്‍ അയല്‍ക്കൂട്ടങ്ങളും വാക്‌സിന്‍ എടുത്തുവെന്ന് ഉറപ്പു വരുത്തുകയും ചെയ്യും. തദ്ദേശ ഭരണതലത്തില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ റൂം, ഹെല്‍പ് ഡെസ്‌ക് എന്നിവയ്ക്കാവശ്യമായ പിന്തുണകളും ലഭ്യമാക്കും.
ആരോഗ്യവകുപ്പിന്റെയും കിലയുടെയും നേതൃത്വത്തില്‍ മികച്ച പരിശീലനം ലഭിച്ച 2200 ഓളം റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, 1064 സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, എ.ഡി.എസ് പ്രവര്‍ത്തകര്‍, അയല്‍ക്കൂട്ടങ്ങളില്‍ നിന്നും തിരഞ്ഞെടുത്തിട്ടുള്ള അഞ്ചംഗഭരണസമിതി അംഗങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബശ്രീ റെസ്‌പോണ്‍സ് ടീം എന്നിവര്‍ ഉള്‍പ്പെടുന്ന ത്രിതല സംഘടനാ സംവിധാനത്തിലെ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. ഇവര്‍ക്കാവശ്യമായ സാങ്കേതിക പിന്തുണകള്‍ സംസ്ഥാന ജില്ലാ മിഷനുകള്‍ ലഭ്യമാക്കും.
ഒരു റിസോഴ്‌സ് പേഴ്‌സണ് രണ്ട് സി.ഡി.എസുകളുടെ ചുമതല ഉണ്ടാവും. ഇതു കൂടാതെ അതത് വാര്‍ഡിലെ എ.ഡി.എസ് ഭാരവാഹികളും, കുടുംബശ്രീയുമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ മറ്റ് പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന എ.ഡി.എസ് ടീമും, ജില്ലാതല കോര്‍ കമ്മിറ്റിയും സംസ്ഥാനതല കോര്‍ ഗ്രൂപ്പും ക്യാമ്പെയ്‌ന്റെ ഭാഗമായി പ്രവര്‍ത്തിക്കും. മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങളിലെ ഓരോ അയല്‍ക്കൂട്ടത്തില്‍ നിന്നും അഞ്ചംഗ ഭരണ സമിതി അംഗങ്ങളെയും ക്യാമ്പെയ്‌നു വേണ്ടി വൊളന്റിയര്‍മാരായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇതു പ്രകാരം പതിനഞ്ച് ലക്ഷത്തോളം വൊളന്റിയര്‍മാരാണ് തദ്ദേശ സ്ഥാപനങ്ങളില്‍ കുടുംബശ്രീ റെസ്‌പോണ്‍സ് ടീമായി പ്രവര്‍ത്തിക്കുക. കൂടാതെ തദ്ദേശതല ജാഗ്രതാ സമിതികളും റാപ്പിഡ് റെസ്‌പോണ്‍സ് ടീമും ഉണ്ടാകും.
മുഴുവന്‍ ക്യാമ്പെയ്ന്‍ പ്രവര്‍ത്തങ്ങളും കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ തനതു പ്രവര്‍ത്തനമായി മാറ്റിക്കൊണ്ട് അടുത്ത വര്‍ഷം വരെ തുടര്‍ന്നു പോകാനാണ് ഉദ്ദേശിക്കുന്നത്. ലോക്ക്ഡൗണ്‍ സമ്പൂര്‍ണ ഇളവ് പ്രഖ്യാപിക്കും വരെ ഇതുമായി ബന്ധപ്പെട്ട എല്ലാ പരിശീലനങ്ങളും ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്ന് കുടുംബശ്രീ അധികൃതര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates