

ആലപ്പുഴ: കായംകുളത്ത് എടിഎമ്മിൽ കൃത്രിമം നടത്തി രണ്ട് ലക്ഷത്തോളം രൂപ കവർന്ന കേസിലെ പ്രതി പിടിയിൽ. ഹരിയാന പാനിപ്പത്ത് ജില്ലയിലെ ക്യാപ്റ്റൻ നഗർ സ്വദേശി സുഹൈൽ (30) ആണ് അറസ്റ്റിലായത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കായംകുളം ടൗൺ ബ്രാഞ്ചിന്റെ കീഴിലുള്ള കായംകുളം മുത്തൂറ്റ് ബിൽഡിങിലെ എടിഎം മെഷീനിൽ നിന്നാണ് പ്രതി കൃത്രിമം കാണിച്ച് പണം പിൻവലിച്ചത്.
സംഭവത്തിന് പിന്നാലെ മുങ്ങിയ ഇയാളെ രാജസ്ഥാനിലെ ഇന്ത്യ- പാകിസ്ഥാൻ അതിർത്തിക്ക് സമീപമുള്ള ഗജ് സിംങ്പൂർ എന്ന സ്ഥലത്തു നിന്നാണ് പിടികൂടിയത്. കഴിഞ്ഞ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ഏഴ് വരെയുള്ള ദിവസങ്ങളിൽ പല തവണകളായി വിവിധ ബാങ്കുകളുടെ എടിഎം കാർഡുകൾ ഉപയോഗിച്ച് കൃത്രിമം നടത്തി 2,17,000 രൂപയാണ് ഇയാൾ കവർന്നത്.
എടിഎം കാർഡ് ഉപയോഗിച്ച് പണം ഡെപ്പോസിറ്റ് ചെയ്യാനും പിൻവലിക്കാനും സാധിക്കുന്ന മെഷീനിലാണ് ഇയാൾ തട്ടിപ്പിനായി തിരഞ്ഞെടുത്തത്. പണം പിൻവലിക്കുമ്പോൾ മെഷീന്റെ ഡിസ്പെൻസർ ഭാഗം കൈ കൊണ്ട് അമർത്തിപ്പിടിച്ച് ട്രാൻസാക്ഷൻ ഫെയ്ൽഡ് ആക്കി പണം അപഹരിച്ചെടുക്കുന്നതാണ് ഇയാളുടെ രീതി.
പിന്നീട് ട്രാൻസാക്ഷൻ ഫെയിൽഡ് ആയതിന്റെ കോമ്പൻസേഷനായി 6100 രൂപ ഇയാൾ ബാങ്കിൽ നിന്നും കൈപ്പറ്റുകയും ചെയ്തു. മൊത്തം 2,23,100 രൂപയാണ് ഇയാൾ അപഹരിച്ചെടുത്തത്. കേസ് രജിസ്റ്റർ ചെയ്ത ശേഷം ഇയാളുടെ വീഡിയോ ദൃശ്യങ്ങളുടെ സ്ക്രീൻ ഷോട്ടെടുത്ത് കായംകുളത്ത് വിവിധ ഭാഗങ്ങളിൽ നടത്തിയ അന്വേഷണത്തെ തുടർന്ന് പുതിയിടം ക്ഷേത്രത്തിന് സമീപം ഗ്യാസ് സ്റ്റൗവിന്റെ സെയിൽസ് നടത്തി വരുന്ന ഉത്തർപ്രദേശ് സ്വദേശിയുടെ സഹായിയായി ഇയാൾ ജോലി ചെയ്തു വന്നതായി കണ്ടെത്തി.
എന്നാൽ കഴിഞ്ഞ ഒക്ടോബർ 10ന് ഇയാൾ മുങ്ങിയതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ മുംബൈയിലാണെന്ന് കണ്ടെത്തി. എസ് ഐ ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മുംബൈയിലെത്തി നടത്തിയ അന്വേഷണത്തെ തുടർന്ന് രാജസ്ഥാനിലെ ഇന്ത്യ- പാകിസ്ഥാൻ അതിർത്തിക്ക് സമീപമുള്ള ഗജ് സിംങ്പൂർ എന്ന സ്ഥലത്തു നിന്നാണ് ഇയാളെ പിടികൂടുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates