കോഴിക്കോട്: ലക്ഷദ്വീപിൽ സംഘപരിവാറിൻ്റെ കോർപ്പറേറ്റ് വർഗ്ഗീയ അജണ്ടകൾ നടപ്പിലാക്കാനാണ് പ്രഫുൽ പട്ടേലിനെ അഡ്മിനിസ്ട്രേറ്റർ ആയി നിയമിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സേവ് ലക്ഷദ്വീപ് ക്യാമ്പയിനിൻ്റെ ഭാഗമായി "ലക്ഷദ്വീപ്: ഒറ്റക്കല്ല, ഒപ്പമുണ്ട് കേരളം" എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് ബേപ്പൂരിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച യുവജന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിനെ കേരളം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് സമീപകാല അനുഭവങ്ങൾ തെളിയിക്കുന്നുണ്ട്. സാംസ്കാരികവും രാഷ്ടീയവുമായി കേരളത്തോട് ചേർന്നു നിൽക്കുന്ന നാടാണ് ലക്ഷദ്വീപ്. വിദ്യാഭ്യാസത്തിനും വാണിജ്യത്തിനും കേരളമാണ് ലക്ഷദ്വീപിൻ്റെ മാർഗ്ഗ ദർശി. ലക്ഷദ്വീപിനെ തകർക്കാനുള്ള നീക്കങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കും അദ്ദേഹം പറഞ്ഞു. സംഘപരിവാറിനെ കേരളം ഒറ്റക്കെട്ടായി ചെറുക്കുമെന്നതാണ് കേരള നിയമസഭ ഐക്യകണ്ഠേന പാസാക്കിയ പ്രമേയത്തിലൂടെ തെളിയിക്കുന്നതെന്നും കാനം കൂട്ടിച്ചേർത്തു.
സമാധാനകാംക്ഷികളായ ജനങ്ങൾ അധിവസിക്കുന്ന നാട്ടിൽ ഗുണ്ടാ നിയമം നടപ്പിലാക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ലെന്നും ഭയപ്പെടുത്തി വരുതിയിലാക്കുന്ന ഫാസിസ്റ്റ് നയം ചെറുക്കപ്പെടേണ്ടതുണ്ടെന്നും സമരത്തെ അഭിവാദ്യം ചെയ്ത് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് മെമ്പർ ബിനോയ് വിശ്വം MP പറഞ്ഞു. ജനാധിപത്യ ഇന്ത്യയുടെ സജീവ ഭാഗമായ ലക്ഷദ്വീപിനെ ഏകാധിപത്യ ഭരണത്തിന് അടിയറ വെക്കാൻ അനുവദിക്കില്ലെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.
കോർപ്പറേറ്റ് നയങ്ങൾ നടപ്പിലാക്കി, ലക്ഷദ്വീപിലെ ജനങ്ങളെ മുഖ്യധാരയിൽ നിന്ന് അടിച്ചോടിക്കാനുള്ള കച്ചവട തന്ത്രമാണ് പ്രഫുൽ പട്ടേലിലൂടെ കേന്ദ്രം നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് പ്രമുഖ സാഹിത്യകാരൻ എം.എൻ കാരശ്ശേരി പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമമെന്ന് എഴുത്തു കാരി ഖദീജ മുംതാസ് പറഞ്ഞു.
തുടർച്ചയായ പ്രക്ഷോഭങ്ങൾ കേന്ദ്രം ലക്ഷദ്വീപ് നയങ്ങൾ തിരുത്തും വരെ തുടരുമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു. ലക്ഷദ്വീപിലെ സ്ഥിതിഗതികൾ വിശദീകരിച്ച സിപിഐ ലക്ഷദ്വീപ് സംസ്ഥാന സെക്രട്ടറി സിടി നജിമുദ്ദീൻ പ്രക്ഷോഭ രംഗത്ത് സജീവമായ കേരളത്തിലെ ജനതയുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി. എഐവൈഎഫ് ജില്ലാ പ്രസിഡൻ്റ് അഡ്വ. കെപി ബിനൂപ് അധ്യക്ഷത വഹിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates