പത്തുസെന്റ് തണ്ണീര്‍ത്തട ഭൂമിയില്‍ വീട് നിര്‍മിക്കാന്‍ ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ല; ഇളവുമായി സര്‍ക്കാര്‍

ഭൂമി തരംമാറ്റത്തില്‍ ഇളവുമായി സംസ്ഥാന സര്‍ക്കാര്‍
Land conversion permission not required to build a house on 10 cents of wetland land
പത്തുസെന്റ് തണ്ണീര്‍ത്തട ഭൂമിയില്‍ വീട് നിര്‍മിക്കാന്‍ ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ലപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: ഭൂമി തരംമാറ്റത്തില്‍ ഇളവുമായി സംസ്ഥാന സര്‍ക്കാര്‍. പത്തുസെന്റ് വിസ്തൃതിയുള്ള തണ്ണീര്‍ത്തട ഭൂമിയില്‍ 120 ചതുരശ്ര മീറ്റര്‍ (1291.67 ചതുരശ്ര അടി) വരെ വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കുന്നതിന് ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ല. അതുപോലെ അഞ്ച് സെന്റ് വിസ്തൃതിയുള്ള ഭൂമിയില്‍ 40 ചതുരശ്ര മീറ്റര്‍ (430.56 ചതുരശ്ര അടി) വരെ വിസ്തീര്‍ണ്ണമുള്ള വാണിജ്യ കെട്ടിടത്തിന്റെ നിര്‍മാണത്തിനും 2018-ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) നിയമത്തിലെ 27(എ) വകുപ്പു പ്രകാരമുള്ള ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ലെന്നും തദ്ദേശ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി വി അനുപമയുടെ ഉത്തരവില്‍ പറയുന്നു.

ഇത്തരം വിടുകളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും നിര്‍മാണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ യാതൊരു കാരണവശാലും തരംമാറ്റ അനുമതി ആവശ്യപ്പെടാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. ഈ ഒഴിവാക്കല്‍ ഒരിക്കല്‍ മാത്രമേ അനുവദിക്കാന്‍ പാടുള്ളു. സെല്‍ഫ് സര്‍ട്ടിഫിക്കേഷന് കൂടി അര്‍ഹതയുള്ള ലോ റിസ്‌ക് കെട്ടിടമായതിനാല്‍ കാലതാമസമില്ലാതെ അപേക്ഷകള്‍ തീര്‍പ്പാക്കുന്നുവെന്നും സ്ഥലപരിശോധന മുതലായവ ആവശ്യമുള്ള കേസുകളില്‍ സമയബന്ധിതമായി ഉദ്യോഗസ്ഥര്‍ അത് നിര്‍വഹിക്കുന്നുവെന്നും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

നിലവില്‍ തദ്ദേശസ്ഥാപനങ്ങളിലെ ഈ ആനുകൂല്യം ലഭ്യമായ എല്ലാ അപേക്ഷകളും 2025 ഫെബ്രുവരി 28ന് മുന്‍പായി തീര്‍പ്പാക്കണം. ഇക്കാര്യം അപേക്ഷകനെ അറിയിക്കണം. തീര്‍പ്പാക്കുന്നതിനു വേണ്ടി കൂടുതല്‍ രേഖകള്‍, അപേക്ഷകന്റെ സാന്നിധ്യം എന്നിവ ആവശ്യമുള്ള കേസുകളില്‍ ഫെബ്രുവരി 27, 28 തീയതികളിലായി എല്ലാ തദ്ദേശസ്ഥാപനങ്ങളും അദാലത്തുകള്‍ സംഘടിപ്പിക്കണം. പൂര്‍ണമായി എല്ലാ അപേക്ഷകളും തീര്‍പ്പാക്കണം. ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com