

തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്‌ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ഭൂനികുതി ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. നിലവില്‍ ഫ്‌ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ഫ്‌ലാറ്റുകള്‍ സ്ഥിതി ചെയ്യുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് വ്യക്തിഗതമായി ഭൂനികുതി ഒടുക്കി നല്‍കണമെന്ന ആവശ്യം ഉന്നയിച്ചു വരുന്നു. സംസ്ഥാനത്തെ ഫ്‌ലാറ്റുകള്‍ നില്‍ക്കുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് ( ഊടുകൂറവകാശത്തിന്) ഉടമസ്ഥതയുടെ അടിസ്ഥാനത്തില്‍ വ്യക്തിഗതമായി ഭൂനികുതി നിരക്കുകള്‍ ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
സംസ്ഥാനത്തെ ന്യായവില തുക അവസാനമായി നിശ്ചയിച്ചത് 2010ലാണ്. തുടര്‍ന്ന് ന്യായവില നിരക്കില്‍ കാലാകാലങ്ങളില്‍ നിശ്ചിത ശതമാനം വര്‍ധനവ് വരുത്തി വരുന്നു. 2010ന് ശേഷം ഉണ്ടായിട്ടുള്ള വികസനങ്ങളുടെ അടിസ്ഥാനത്തില്‍ ഭൂമി വിലയില്‍ ഉണ്ടായ വര്‍ധന കണക്കിലെടുത്ത് സംസ്ഥാനത്ത് ഫെയര്‍വാല്യു കുറ്റമറ്റ രീതിയില്‍ പരിഷ്‌കരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ധനമന്ത്രി അറിയിച്ചു.
ഫെയര്‍വാല്യു കുറ്റമറ്റ രീതിയില്‍ പരിഷ്‌കരിക്കുന്നതോടൊപ്പം ഓരോ വസ്തുവിന്റെയും ഉപയോഗക്രമം അനുസരിച്ചുള്ള ഭൂനികുതി നിര്‍ണയിക്കുന്നതിനും നടപടികള്‍ കൈക്കൊള്ളും. സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിയ ഇനത്തില്‍ പാട്ടത്തുക കുടിശ്ശിക വരുത്തിയിട്ടുള്ള ധാരാളം വ്യക്തികളും സ്ഥാപനങ്ങളുമുണ്ട്. ഈ തുക പിരിഞ്ഞ് കിട്ടുന്നതിനായി ആംനസ്റ്റി സ്‌കീം കൊണ്ടുവരും. ആംനസ്റ്റി സ്‌കീമിലൂടെ കുടിശ്ശിക തീര്‍ക്കുന്ന പാട്ടക്കാര്‍ക്ക് പുതുക്കിയ പാട്ട നയപ്രകാരം താഴ്ന്ന നിരക്കില്‍ പാട്ടം പുതുക്കി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതാണ്. ആംനസ്റ്റി സ്‌കീമിലൂടെ കുടിശ്ശിക തീര്‍ക്കാത്ത കുടിശ്ശികക്കാരുടെ പാട്ടം റദ്ദ് ചെയ്ത് ഭൂമി സര്‍ക്കാരിലേക്ക് തിരിച്ചെടുക്കുന്നതും കുടിശ്ശിക പിരിച്ചെടുക്കുന്നതിന് റവന്യൂ റിക്കവറി നിയമപ്രകാരം നടപടി സ്വീകരിക്കുന്നതുമാണെന്നും ധനമന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates