ഭൂമി തരം മാറ്റം: അപേക്ഷകൾ ആറു മാസം കൊണ്ടു തീർപ്പാക്കുമെന്ന് മന്ത്രി കെ രാജൻ; ആയിരത്തോളം ജീവനക്കാരെ താൽക്കാലികമായി നിയമിക്കും

അപേക്ഷകൾ കൈകാര്യം ചെയ്യാൻ നടപടിക്രമങ്ങൾ ലഘൂകരിച്ച് ഒരു പൊതുമാനദണ്ഡം പുറപ്പെടുവിക്കുവാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
2 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി തരം മാറ്റം സംബന്ധിച്ചു കെട്ടിക്കിടക്കുന്ന പരമാവധി അപേക്ഷകൾ ആറു മാസം കൊണ്ടു തീർപ്പാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ.  ആയിരത്തോളം ജീവനക്കാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ചുകൊണ്ടും സ്ഥല പരിശോധനയ്ക്ക് വാഹന സൗകര്യം ഏർപ്പെടുത്തി കൊണ്ടും റവന്യു വകുപ്പ് ഉത്തരവ് പുറത്തിറക്കിയതായി മന്ത്രി നിയമസഭയെ അറിയിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉന്നയിച്ച സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി. നിലവിലുള്ള അപേക്ഷകളിൽ ജനുവരി 31 വരെ ലഭിച്ചവ 6 മാസം കൊണ്ട് തീർപ്പാക്കാൻ കഴിയാവുന്ന വിധത്തിൽ സ്റ്റാൻഡേർഡ് ഓഫ് പ്രൊസീജിയർ തയാറാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
2,000 ത്തിലധികം അപേക്ഷകൾ തീർപ്പാക്കാനുളള റവന്യു ഡിവിഷനൽ ഓഫിസുകളിൽ ഒരു ജൂനിയർ സൂപ്രണ്ട്, 2 ക്ലാർക്ക്, ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നിങ്ങനെ ജീവനക്കാർ അടങ്ങുന്ന ഒരു യൂണിറ്റ് അധിക ജീവനക്കാരെ നിയമിക്കും.

5,000 ത്തിലധികം അപേക്ഷകൾ തീർപ്പാക്കാനുളള 9 ആർഡി ഓഫിസുകളിൽ, ഒരു ജൂനിയർ സൂപ്രണ്ട്, 4 ക്ലാർക്ക്, ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നിങ്ങനെ അധിക ജീവനക്കാരെ നിയമിക്കും. 1,000–2,000 നും ഇടയ്ക്ക് അപേക്ഷകൾ തീർപ്പാക്കാൻ അവശേഷിക്കുന്ന ആർഡി ഓഫിസുകളിൽ, 2 ക്ലാർക്ക്, ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നിങ്ങനെ അധിക ജീവനക്കാർ.

ആയിരത്തിൽ താഴെ അപേക്ഷകൾ നിലനിൽക്കുന്ന ആർഡി ഓഫിസുകളിൽ, നിലവിലുളള സ്റ്റാഫിന് പുറമേ, വകുപ്പിനുളളിൽ നിന്നു തന്നെ അധിക ജീവനക്കാരെ വിന്യസിച്ച് അപേക്ഷകൾ തീർപ്പാക്കണം. അപേക്ഷകളുടെ എണ്ണം 100നു മുകളിൽ വരുന്ന വില്ലേജുകളിൽ, ഭൂമിയുടെ തരം മാറ്റൽ അപേക്ഷകൾ കൈകാര്യം ചെയ്യാൻ മാത്രമായി ഒരു ക്ലാർക്കിനെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

വില്ലേജുകളിൽ നിലവിൽ യാത്രാസൗകര്യം ഇല്ലാത്തതിനാൽ ഫീൽഡ് പരിശോധനയ്ക്കായി, 2 വില്ലേജുകളിൽ ഒരു വാഹനം എന്ന നിലയ്ക്ക്, 680 വില്ലേജുകളിൽ വാഹന സൗകര്യം അനുവദിക്കും. 5.99 കോടി രൂപ ചെലവഴിച്ച് കംപ്യൂട്ടർ, സ്കാനർ, പ്രിന്റർ തുടങ്ങിയവ വാങ്ങി നൽകും. ആറു മാസത്തേക്ക് ആകെ പ്രതീക്ഷിക്കുന്ന ചെലവ് 31.61 കോടി രൂപയാണെന്നും മന്ത്രി വ്യക്തമാക്കി.

അപേക്ഷകൾ കൈകാര്യം ചെയ്യാൻ പൊതുമാനദണ്ഡം

അപേക്ഷകൾ സാങ്കേതികതയിൽ കുരുങ്ങി കിടക്കാതിരിക്കാൻ അപേക്ഷകൾ കൈകാര്യം ചെയ്യാൻ നടപടിക്രമങ്ങൾ ലഘൂകരിച്ച് ഒരു പൊതുമാനദണ്ഡം പുറപ്പെടുവിക്കുവാൻ റവന്യു വകുപ്പ് തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. നിലവിൽ ഓരോ ആർഡിഒ ഓഫിസുകളിലുമുള്ള അപേക്ഷകൾ എക്സൽ ഷീറ്റിലേക്ക് മാറ്റി ഓരോ വില്ലേജുകളിലേയും പരിശോധനാ രേഖകൾ പ്രത്യേകമായി രേഖപ്പെടുത്തും. വില്ലേജുകളിലെ പരിശോധനയക്കായി സമയക്ലിപ്തത നിജപ്പെടുത്തും. വില്ലേജുകളിൽ നിന്നുള്ള സ്ഥല പരിശോധനയ്ക്കായി 100 അപേക്ഷകളിൽ കൂടുതലുള്ള വില്ലേജുകൾക്ക് ഒരു വാഹനം എന്ന നിലയിൽ 6 മാസത്തേക്ക് വാഹന സൗകര്യം നൽകും.

പരിശോധനയ്ക്ക് ശേഷം അദാലത്തുകളിലൂടെ തരം മാറ്റ നടപടികൾ വേഗവും സുതാര്യതയും ഉറപ്പാക്കും. തരം മാറ്റവുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന അനഭിലഷണീയമായ എല്ലാ പ്രവണതകളും ഇല്ലാതാക്കും. ആറു മാസകാലം മിഷൻ മോഡിൽ നടത്തുന്ന ഈ പ്രവർത്തനം ആഴ്ചയിലൊരിക്കൽ ജില്ലാ കലക്ടറും മാസത്തിലൊരിക്കൽ ലാൻഡ് റവന്യു കമ്മിഷണറും വിലയിരുത്തും. ഓൺലൈൻ ആക്കിയ ശേഷം ലഭിച്ചിട്ടുള്ള അപേക്ഷകൾ മന്ത്രി ഓഫിസിൽ തന്നെ നേരിട്ട് പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com