

കൊച്ചി: കേരളം ഇന്ന് നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ ഉത്തരവാദിത്തം, കേവലം 100 ദിവസം മുന്‍പ് മാത്രം അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാന്‍ ചിലര്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുകയാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ സന്ദീപ് വാര്യര്‍. ഒരു പതിറ്റാണ്ടിന്റെ ഭരണ പരാജയത്തിന്റെയും പിടിപ്പുകേടിന്റെയും ഫലമാണ് നാമിപ്പോള്‍ അനുഭവിക്കുന്നത്. ജനങ്ങളെ ഇരുട്ടിലാക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കഴിഞ്ഞ പത്തു വര്‍ഷം ഭരിച്ച ഇടത് സര്‍ക്കാരിന് മാത്രമാണെന്ന് സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രതിദിന വൈദ്യുതി ഉപയോഗത്തില്‍ ഭീമമായ വര്‍ദ്ധനവാണ് ഉണ്ടായത്. പീക്ക് ടൈം ഡിമാന്‍ഡ് 3800 മെഗാവാട്ടില്‍ നിന്ന് കുത്തനെ ഉയര്‍ന്ന് 5836 മെഗാവാട്ടിലെത്തി. അതായത് ഏകദേശം 2000 മെഗാവാട്ടിന്റെ അധിക ആവശ്യം. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന ഈ ആവശ്യകത മുന്‍കൂട്ടി കണ്ട് പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതില്‍ കഴിഞ്ഞ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു' - കുറിപ്പില്‍ പറയുന്നു.
കുറിപ്പ്
കേരളം ഇന്ന് നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ ഉത്തരവാദിത്തം, കേവലം 100 ദിവസം മുന്‍പ് മാത്രം അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാന്‍ ചിലര്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്?
കഴിഞ്ഞ പത്ത് വര്‍ഷം കേരളം ഭരിച്ച പിണറായി വിജയന്‍ സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയും കെടുകാര്യസ്ഥതയുമാണ് ഈ ഇരുട്ടിന് യഥാര്‍ത്ഥ കാരണം. വസ്തുതകളും കണക്കുകളും പരിശോധിച്ചാല്‍ ഇത് ആര്‍ക്കും വ്യക്തമാകും.
പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രതിദിന വൈദ്യുതി ഉപയോഗത്തില്‍ ഭീമമായ വര്‍ദ്ധനവാണ് ഉണ്ടായത്. പീക്ക് ടൈം ഡിമാന്‍ഡ് 3800 മെഗാവാട്ടില്‍ നിന്ന് കുത്തനെ ഉയര്‍ന്ന് 5836 മെഗാവാട്ടിലെത്തി. അതായത് ഏകദേശം 2000 മെഗാവാട്ടിന്റെ അധിക ആവശ്യം. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന ഈ ആവശ്യകത മുന്‍കൂട്ടി കണ്ട് പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതില്‍ കഴിഞ്ഞ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ സോളാര്‍ പദ്ധതികളും, സ്വകാര്യ കമ്പനികളുടെ നിക്ഷേപങ്ങളും, ജനങ്ങള്‍ സ്വന്തം പണം മുടക്കി മേല്‍ക്കൂരകളില്‍ സ്ഥാപിച്ച സോളാറുകളും മാറ്റിനിര്‍ത്തിയാല്‍, കെ.എസ്.ഇ.ബി സ്വന്തം നിലയ്ക്ക് കഴിഞ്ഞ 10 വര്‍ഷം കൊണ്ട് നേരിട്ട് ഉത്പാദിപ്പിച്ചത് വെറും 204 മെഗാവാട്ട് വൈദ്യുതി മാത്രമാണ്. ഉത്പാദന മേഖലയില്‍ കഴിഞ്ഞ 10 വര്‍ഷം നടന്നത് വന്‍ മരവിപ്പായിരുന്നു.
ഉത്പാദനം കൂട്ടിയില്ല എന്നത് മാത്രമല്ല പിണറായി സര്‍ക്കാരിന്റെ വീഴ്ച. സംസ്ഥാനത്തിന് ഭാവിയില്‍ കുറഞ്ഞ നിരക്കില്‍ തടസ്സമില്ലാതെ വൈദ്യുതി ലഭിക്കുന്നതിനായി മുന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെ ഒപ്പുവെച്ചിരുന്ന ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ (PPA) അനാവശ്യമായ സാങ്കേതിക കാരണങ്ങള്‍ നിരത്തി റദ്ദാക്കിയ നടപടിയാണ് ഇന്നത്തെ ഈ വലിയ പ്രതിസന്ധിക്ക് പ്രധാന കാരണം. തുച്ഛമായ വിലയ്ക്ക് കിട്ടുമായിരുന്ന ആ വൈദ്യുതി വേണ്ടെന്നുവെച്ചതോടെ, പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് കൊള്ളവിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട ഗതികേടിലേക്ക് കെ.എസ്.ഇ.ബിയെയും കേരളത്തെയും അവര്‍ തള്ളിവിട്ടു.
പത്ത് വര്‍ഷക്കാലം വൈദ്യുതി ഉത്പാദന മേഖലയില്‍ ഒരു ചെറുവിരല്‍ പോലും അനക്കാതെ, ഉണ്ടായിരുന്ന ലാഭകരമായ കരാറുകള്‍ കൂടി റദ്ദാക്കി ഊര്‍ജ്ജ മേഖലയെ തകര്‍ത്തവര്‍ ഇപ്പോള്‍ വെറും 100 ദിവസം മാത്രം പ്രായമുള്ള സര്‍ക്കാരിനെ പഴിചാരുന്നത് അപഹാസ്യമാണ്. നൂറു ദിവസത്തിനുള്ളില്‍ ലോകത്തിലെ ഒരു സര്‍ക്കാരിനും പുതുതായി ഒരു വൈദ്യുതി പ്രതിസന്ധി ഉണ്ടാക്കാനോ പുതുതായി ഒരു വൈദ്യുതി പദ്ധതി സൃഷ്ടിക്കാനോ സാധിക്കില്ല എന്നത് വ്യക്തമല്ലേ ?
ഒരു പതിറ്റാണ്ടിന്റെ ഭരണ പരാജയത്തിന്റെയും പിടിപ്പുകേടിന്റെയും ഫലമാണ് നാമിപ്പോള്‍ അനുഭവിക്കുന്നത്. ജനങ്ങളെ ഇരുട്ടിലാക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കഴിഞ്ഞ പത്തു വര്‍ഷം ഭരിച്ച ഇടത് സര്‍ക്കാരിന് മാത്രമാണ്. ഈ പ്രതിസന്ധികളെയും കടബാധ്യതകളെയും മറികടന്ന് കേരളത്തിന്റെ ഊര്‍ജ്ജ മേഖലയെ വീണ്ടും കാര്യക്ഷമമാക്കാന്‍ നിലവിലെ സര്‍ക്കാരിന് സാധിക്കുക തന്നെ ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates