

കൊച്ചി: റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ നിന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ പുതിയ ഇടയനായി പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിലെ കത്തോലിക്കാ സഭയുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. മാര്‍പാപ്പയാകുന്നതിന് വളരെ മുമ്പ് തന്നെ ഫാ.റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിന് കേരളവുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്.
വിശുദ്ധ അഗസ്തീനോസിന്റെ ജീവിതത്തില്‍ ആകര്‍ഷിക്കപ്പെട്ട അദ്ദേഹം ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ സെന്റ് അഗസ്റ്റിന്‍ സന്യസ്ത സഭയില്‍ ചേര്‍ന്നിരുന്നു. സെന്റ് അഗസ്റ്റിന്‍ ജനറല്‍ ആയിരുന്ന കാലത്താണ് ഫാ.റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് 2004ലും 2006ലും ആറ് ഒഎസ്എ ഡീക്കന്‍മാരുടെ പൗരോഹിത്യ സ്ഥാനാരോഹണ ചടങ്ങിനായി ആദ്യമായി കൊച്ചി സന്ദര്‍ശിച്ചത്. വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ മാര്‍പാപ്പ അന്ന് കേരളം സന്ദര്‍ശിച്ചതിനെക്കുറിച്ച് പറയുന്നതിങ്ങനെ, ''ഞങ്ങളുടെ ഹൃദയംഗമവും പ്രാര്‍ഥനാ പൂര്‍ണവുമായ ആശംസകള്‍ അദ്ദേഹത്തിന് അര്‍പ്പിക്കുന്നു. അദ്ദേഹം മിഷനറിയായി ചെലവഴിച്ച വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ലാളിത്യം കാണിക്കുന്നതാണ്. കലൂരില്‍ പുതുതായി നിര്‍മിച്ച സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയിലും അദ്ദേഹം പങ്കെടുത്തു. ചടങ്ങിന്റെ പ്രധാന കാര്‍മികന്‍ അന്നത്തെ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡാനിയേല്‍ അച്ചാരുപറമ്പിലായിരുന്നു.
2006ല്‍ ഫാ.റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിന്റെ സന്ദര്‍ശന വേളയില്‍ അദ്ദേഹം അതിരൂപതയുടെ ആസ്ഥാനത്തും വരാപ്പുഴയിലെ സെന്റ് ജോസഫിന്റേയും ചരിത്രപ്രസിദ്ധമായ ബസിലിക്കയിലും എത്തി. മാര്‍പാപ്പയുടെ സന്ദര്‍ശനം വരാപ്പുഴ അതിരൂപതയുടെ നാഴികക്കല്ലാണെന്നും വിശ്വാസികള്‍ക്ക് എന്നും പ്രിയപ്പെട്ട ഓര്‍മകളാണെന്നും ആര്‍ച്ച് ബിഷപ്പ് കളത്തിപ്പറമ്പില്‍ പറഞ്ഞു.
ദരിദ്രര്‍, സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ടവര്‍ എന്നിവരോടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമീപനം എടുത്തുപറയേണ്ടതാണ്. അതേ പാത തന്നെ ലിയോ പതിനാലാമന്‍ മാര്‍പാപ്പയും പിന്തുടരുമെന്ന് പ്രതീക്ഷിക്കാം.
ഡയാംപര്‍ സിനഡിലൂടെ കേരള സഭയുടെ നവീകരണത്തിനായി നിര്‍ണായക പങ്ക് വഹിച്ച ആര്‍ച്ച് ബിഷപ്പ് അലക്‌സോ ഡി മെനെസസും ഒഎസ്എ(ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന്‍) അംഗമായിരുന്നു. ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ അദ്ദേഹത്തിന്റെ പിന്‍ഗാമി എന്ന് വിളിക്കാവുന്നതാണെന്നും കളത്തിപ്പറമ്പില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates