തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടികയിൽ ആകെ 2,84,46,762 വോട്ടർമാർ. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനു ശേഷം പുതിയ വാർഡുകളിലെ പോളിങ് സ്റ്റേഷനുകളുടെ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടർ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇതിനു പുറമേ പ്രവാസി വോട്ടർ പട്ടികയിൽ ആകെ 2798 പേരുണ്ട്.
14 ജില്ലകളിലായി 941 ഗ്രാമ പഞ്ചായത്തുകളിലെ 17,337 വാർഡുകളിലേയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലേയും 6 കോർപറേഷനുകളിലെ 421 വാർഡുകളിലേയും അന്തിമ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ പൊതു തെരഞ്ഞടുപ്പിനു വേണ്ടിയാണ് വോട്ടർ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
പട്ടിക തെരഞ്ഞെടുപ്പ് കമ്മീന്റെ https://www.sec.kerala.gov.in എന്ന വെബ്സൈറ്റിലും അതാത് തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്കു ലഭ്യമാണ്. കരട് വോട്ടർ പട്ടിക സംബന്ധിച്ച് ഈ മാസം 14 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹിയറിങ് നടത്തിയുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇആർഒ) അന്തിമ പട്ടിക തയ്യാറാക്കിയത്.
സംക്ഷിപ്ത പുതുക്കലിനായി സെപ്റ്റംബർ 29നു പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 2,83,12,468 വോട്ടർമാരാണുണ്ടായിരുന്നത്. 1,33,52,961 പുരുഷൻമാരും 1,49,59,236 സ്ത്രീകളും 271 ട്രാൻസ്ജെൻഡറുമാണ് കരട് പട്ടികയിലുണ്ടായിരുന്നത്. 2087 പ്രവാസി വോട്ടർമാരുമുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
