

തിരുവനന്തപുരം; തദ്ദേശസ്വയംഭരണ വകുപ്പിലെ 5 വകുപ്പുകളെ സംയോജിപ്പിച്ചുള്ള പൊതുസർവീസ് ജനുവരിയിൽ നടപ്പിലാക്കിയേക്കും. ഇതിനായുള്ള പ്രത്യേകചട്ടങ്ങളുടെ കരട് സർക്കാർ പ്രസിദ്ധീകരിച്ചു. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, എൻജിനീയറിങ്, നഗര– ഗ്രാമാസൂത്രണം എന്നീ വകുപ്പുകളെ ഏകീകരിച്ചാണ് പൊതുസർവീസ് വരുന്നത്.
ലോക്കൽ സെൽഫ് ഗവൺമെന്റ് കമ്മിഷൻ സമർപ്പിച്ച കരട്ചട്ടങ്ങളും തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടും പരിഗണിച്ചാണ് കരട് തയാറാക്കിയത്. കഴിഞ്ഞ ജൂലൈയിലാണ് തദ്ദേശസ്വയംഭരണ വകുപ്പിൽ പൊതുസർവീസ് കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനമെടുത്തത്. എന്നാൽ ഇതിനെതിരെ ഒരു വിഭാഗം ജീവനക്കാർ രംഗത്തെത്തുകയായിരുന്നു.
സർക്കാരുമായി നടത്തിയ ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെന്ന് ആരോപിച്ചാണ് ജീവനക്കാരുടെ ഏതാനും സംഘടനകൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. താഴെത്തട്ടിലെ ജനങ്ങൾക്കുള്ള സേവനത്തിൽ പൊതുസർവീസ് പ്രയോജനപ്പെടില്ലെന്ന വാദവും സംഘടനകൾ ഉയർത്തുന്നു. പൊതുസർവീസ് നടപ്പാക്കുന്നതിന് ട്രൈബ്യൂണൽ വിലക്കേർപ്പെടുത്തിയില്ലെങ്കിലും ജീവനക്കാരുടെ സേവനവ്യവസ്ഥകളെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കാനാണ് ട്രൈബ്യൂണൽ നിർദേശം നൽകിയത്.
ഈ സാഹചര്യത്തിൽ ചട്ടങ്ങളുടെ കരട് സംബന്ധിച്ചു സർവീസ് സംഘടനകളുമായി വീണ്ടും സർക്കാർ ചർച്ചയ്ക്കു തയാറാകും. തുടർന്നു പ്രത്യേകചട്ടങ്ങൾ പൊതുഭരണവകുപ്പ് വഴി കേരള പബ്ലിക് സർവീസ് കമ്മിഷന് അയച്ചുകൊടുക്കും. പിഎസ്‌സി അംഗീകരിച്ച ശേഷം സർക്കാർ അവ വിജ്ഞാപനം ചെയ്യും. തദ്ദേശതിരഞ്ഞെടുപ്പിനു മുൻപ് സർവീസ് നടപ്പാക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ നിയമനടപടികളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ഇതിന് തടസമായി. ഇനി നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു നടപ്പാക്കുകയാണു ലക്ഷ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates