കൊച്ചി: പുസ്തകങ്ങള്‍ കേവലം വായനയ്ക്കുള്ളതല്ല, മറിച്ച് മനുഷ്യന്റെ ജീവിതം എല്ലാ തലങ്ങളിലും മാറ്റിയെടുക്കാന്‍ സഹായിക്കുന്ന വലിയൊരു ഉപാധിയാണെന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ആരംഭിച്ച കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം, സംസ്‌ക്കാരം, ആധ്യാത്മികത എന്നീ രംഗങ്ങളില്‍ നൂറു ശതമാനം സാക്ഷരത നേടിയവരാണ് മലയാളികള്‍. രാജ്യത്തിനകത്തും പുറത്തും ഭാരതത്തിന്റെ സല്‍പേര് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കേരളീയര്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രത്തോടുള്ള ഇഷ്ടം കൊണ്ടാണ് വായന തുടങ്ങിയതെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് പറഞ്ഞു. സയന്‍സ് ആന്റ് ടെക്‌നോളജി പവിലിയന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രവും സാങ്കേതികവിദ്യയും ലളിതമായ രീതിയില്‍ വിവരിക്കുന്ന പുസ്തകങ്ങളാണ് വായിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ശാസ്ത്ര സാങ്കേതികവിദ്യയുടെ യാഥാര്‍ത്ഥ്യത്തിലേക്ക് കടന്നുവന്നപ്പോള്‍ ഇവയില്‍ പലതും യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ഫെസ്റ്റിവല്‍ ബുള്ളറ്റിന്റെ പ്രകാശനം എംപി ഹൈബി ഈഡന്‍ നിര്‍വ്വഹിച്ചു. ന്യൂഡല്‍ഹി സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. വരുണ്‍ ഗുലാത്തി, പുസ്തകോത്സവ സമിതി അധ്യക്ഷന്‍ മധു എസ് നായര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. നവംബര്‍ 8വരെ പത്ത് ദിവസം നീണ്ടു നില്‍കുന്ന പുസ്തകോത്സവത്തില്‍ നൂറുകണക്കിന് പ്രസാധകരും പുസ്തക വിതരണക്കാരും പങ്കെടുക്കുന്നുണ്ട്. പുസ്തകോത്സവത്തിന്റെ ഭാഗമായി നവംബര്‍ 4 മുതല്‍ 8വരെ 10ാമത് കൊച്ചി ലിറ്ററേച്ചര്‍ ഫെസ്റ്റിവലും ഇതേ വേദിയില്‍ നടക്കും. പ്രമുഖ ദേശീയ-അന്തര്‍ദേശീയ എഴുത്തുകാരും സാംസ്‌ക്കാരിക നായകന്മാരും പങ്കെടുക്കുന്ന സാഹിത്യ ചര്‍ച്ചകളും സംവാദങ്ങളും ഇതിന്റെ ഭാഗമായി നടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates