

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി നാളെ ( ഞായറാഴ്ച ) അവസാനിക്കും. പുതിയ സ്ഥിരം എംഡിയെ കേരള സര്‍ക്കാര്‍ തീരുമാനിക്കുന്നത് വരെ എറണാകുളം ജില്ലാ കലക്ടര്‍ ജി പ്രിയങ്കയ്ക്ക് കൊച്ചി മെട്രോയുടെ താല്‍ക്കാലിക ചുമതല നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
2021 ഓഗസ്റ്റിലാണ് ബെഹ്‌റ കൊച്ചി മെട്രോയുടെ തലപ്പത്ത് എത്തിയത്. തുടര്‍ന്ന് ഇടത് സര്‍ക്കാരിന്റെ കാലത്ത് രണ്ടുതവണ അദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കി. ബെഹ്‌റയുടെ കാലത്താണ് കൊച്ചി വാട്ടര്‍ മെട്രോ വിജയകരമായി യാഥാര്‍ഥ്യമാക്കിയത്. കൂടാതെ രണ്ടാം ഘട്ട മെട്രോ പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിലും നിര്‍ണായക പങ്കാണ് അദ്ദേഹം വഹിച്ചത്. ഇത്തവണ ലോക്‌നാഥ് ബെഹ്‌റയ്ക്ക് കാലാവധി നീട്ടിനല്‍കേണ്ടതില്ലെന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പുതിയ മാനേജിങ് ഡയറക്ടറെ നിയമിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കിയിട്ടുണ്ട്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരായ ബിജു പ്രഭാകര്‍, ജിജി തോംസണ്‍ എന്നിവരുടെ പേരുകള്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് പകരമായി സര്‍ക്കാര്‍ പരിഗണിക്കുന്നതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
2004ലെ കേരള കേഡര്‍ ഉദ്യോഗസ്ഥനായ ബിജു പ്രഭാകര്‍, കെഎസ്ഇബി ചെയര്‍മാനും മാനേജിങ് ഡയറക്ടറും ഗതാഗത സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച ശേഷം 2025 ഏപ്രിലിലാണ് വിരമിച്ചത്. 2016 ഫെബ്രുവരിയില്‍ കേരള ചീഫ് സെക്രട്ടറിയായി വിരമിച്ച ജിജി തോംസണ്‍, അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കാബിനറ്റ് പദവിയോടെ മുഖ്യമന്ത്രിയുടെ ഉപദേശകന്‍ എന്ന പദവിയും വഹിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates