

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണ വേളയില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ വീര്യംകുറഞ്ഞ മദ്യത്തിനായി കുറഞ്ഞ നികുതി ഘടന പ്രഖ്യാപിച്ചതില്‍ വിവാദം കടുക്കുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെയോ എക്‌സൈസ് വകുപ്പുമന്ത്രി എം ലിജുവിന്റെയോ അറിവില്ലാതെയാണ് ധനവകുപ്പ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. പ്രതിപക്ഷം നേരത്തെ തന്നെ വിഷയത്തില്‍ ആക്ഷേപവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ, സ്വന്തം നിലയില്‍ തീരുമാനമെടുത്തതില്‍ പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പുയരുന്നത് മുഖ്യമന്ത്രിക്ക് കൂടുതല്‍ സമ്മര്‍ദമാകും.
വകുപ്പ് മന്ത്രി അറിയാതെയുള്ള തീരുമാനത്തില്‍ പ്രതിഷേധമറിയിക്കാന്‍ എം ലിജു ഇന്ന് മുഖ്യമന്ത്രിയെ കാണും. നിയമസഭയിലാവും കൂടിക്കാഴ്ച. നിയമസഭയിലെ ബജറ്റിന്മേലുള്ള ചര്‍ച്ചയിലും ഇത് പ്രധാന വിഷയമാകും. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിനു പുറമെ ധാതു സംസ്‌കരണത്തിലെ സ്വകാര്യ പങ്കാളിത്തവും പ്രധാന ചര്‍ച്ചയാകും. രണ്ട് വിഷയത്തിലും ശക്തമായി എതിര്‍പ്പുന്നയിക്കാനുറച്ചാണ് പ്രതിപക്ഷം സഭയിലെത്തിയത്. മുഖ്യമന്ത്രി വിഡി സതീശന്റെ രണ്ട് തീരുമാനങ്ങളിലും കോണ്‍ഗ്രസിലും എതിര്‍പ്പുയര്‍ന്നിരുന്നു.
മുഖ്യമന്ത്രി ചര്‍ച്ച നടത്താതെ ഏകപക്ഷീയമായി തീരുമാനങ്ങള്‍ സ്വീകരിക്കുകയാണെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ രണ്ട് വിഷയങ്ങളിലും എതിര്‍പ്പുന്നയിച്ച് മുഖ്യമന്ത്രി വിഡി സതീശന് കത്തയച്ചിരുന്നു. കോണ്‍ഗ്രസും ലീഗും എതിര്‍ത്താല്‍ തീരുമാനത്തില്‍നിന്ന് മുഖ്യമന്ത്രിക്ക് പിന്നോട്ടുപോകേണ്ടിവരുമെന്ന് സതീശൻ മന്ത്രിസഭയിലെ ഒരംഗം ചൂണ്ടിക്കാട്ടി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷം എതിര്‍പ്പുന്നയിച്ച വിഷയം, അധികാരത്തിലേറി ആദ്യ ബജറ്റില്‍ തന്നെ ഉള്‍പ്പെടുത്തിയതില്‍ പാര്‍ട്ടിയിലെ പല നേതാക്കള്‍ക്കും അതൃപ്തിയുണ്ട്.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സാമുദായിക സംഘനകളും മതനേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനത്തില്‍ വിമര്‍ശനവുമായി കാന്തപുരം വിഭാഗം മുഖപത്രമായ സിറാജിലെ എഡിറ്റോറിയലിലാണ് കടുത്ത വിമര്‍ശനമുന്നയിച്ചത്. വീര്യം കുറഞ്ഞത്, കൂടിയത്, ശുദ്ധം, വ്യാജം എന്നിങ്ങനെ മദ്യത്തെ തരം തിരിക്കുന്നത് വിഡ്ഢിത്തമാണെന്നും പുതിയ മദ്യനയം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്നും വിമര്‍ശിച്ചു. ഈ തീരുമാനം പൊതുസമൂഹത്തില്‍ മദ്യ വ്യാപനത്തിന് ഇടയാക്കും. പുതിയ മദ്യക്കമ്പനികളുടെയും ഇനങ്ങളുടെയും കുത്തൊഴുക്കിനു കാരണമാകും. പ്രഖ്യാപനം മുഖ്യമന്ത്രി തിരുത്തണം. ഓപ്പറേഷന്‍ തൂഫാന്‍ ഒരു വശത്തു നടക്കുമ്പോഴാണ് മദ്യ വ്യാപനത്തിന് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുന്നതെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തി.
സിറോ മലബാര്‍സഭ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയും സര്‍ക്കാറിനെതിരെ രംഗത്തെത്തി. ലഹരി വ്യാപിപ്പിക്കുന്ന നയം സ്വീകാര്യമല്ലെന്നും വീര്യം കുറഞ്ഞത് എന്ന പേരില്‍ എല്ലാവര്‍ക്കും മദ്യം ലഭ്യമാക്കാനുള്ള തീരുമാനം ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ തൂഫാന്‍ പോലുള്ള പരിപാടികളെ ഇത് പിന്നോട്ടടിപ്പിക്കും. തീരുമാനം പുനഃപരിശോധിക്കണം. കഴിഞ്ഞ സര്‍ക്കാര്‍ ചെയ്ത തെറ്റ് തെറ്റെന്ന് പറയാന്‍ കഴിയണം. ആ നയത്തിന്റെ മറവില്‍ പുതിയ സര്‍ക്കാര്‍ മദ്യമൊഴുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates