

ആലപ്പുഴ: എൽപിഎസ്ടി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളുമായി വീണ്ടും ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ. ഉദ്യോഗാർഥികളുമായി നേരത്തെയും പലതവണ ചർച്ച നടത്തിയിട്ടുണ്ടെന്നും പ്രശ്നം പരിഹരിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചർച്ചയ്ക്ക് സർക്കാർ സന്നദ്ധമാണെങ്കിലും തീയതിയും സമയവും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നേയുള്ളൂവെന്നും മന്ത്രി പറഞ്ഞു. സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ ആരോഗ്യം വീണ്ടെടുത്ത് പൂർവസ്ഥിതിയിലേക്ക് മടങ്ങിയെത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മയിൽപ്പീലി വിവാദത്തിലും മന്ത്രി വിശദീകരണം നൽകി. ഉത്തരവ് ഏതെങ്കിലും രാഷ്ട്രീയ ഇടപെടലിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ചതല്ലെന്നും, അധ്യാപക സംഘടന നൽകിയ അപേക്ഷ പരിഗണിച്ചാണ് അനുമതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെയും വിവിധ സംഘടനകൾക്ക് ഇത്തരത്തിൽ അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മയിൽപ്പീലി വിവാദത്തിൽ ജോയിന്റ് ഡയറക്ടറുടെ ഭാഗത്തുനിന്ന് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിലും അത് മനഃപൂർവമല്ലെന്നും, സംഭവിച്ച വീഴ്ച പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിഷയത്തിൽ ഇടതുപക്ഷത്തിന് വിമർശനം ഉന്നയിക്കാൻ അവകാശമില്ലെന്നും മന്ത്രി തുറന്നടിച്ചു. ബിജെപി അനുകൂല അധ്യാപക സംഘടനയുടെ പ്രതിനിധികളെ കരിക്കുലം കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് എൽഡിഎഫ് സർക്കാരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആലപ്പുഴ ചേർത്തലയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates