

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരാനിരിക്കെ, സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിലെ സംഘടനാ പോരായ്മകളെ കുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍, അഴിച്ചുപണി അധികം വൈകാതെ ഉണ്ടാകുമെന്നാണ് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മധ്യകേരളത്തിലെയും തെക്കന്‍ കേരളത്തിലെയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാനാണ് നീക്കം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഡിസിസി പ്രസിഡന്റുമാരെയും മറ്റ് ഭാരവാഹികളെയും മാറ്റുന്നതുള്‍പ്പെടെ ചില ജില്ലകളില്‍ സമ്പൂര്‍ണ അഴിച്ചുപണി നടത്തണമെന്ന മുറവിളി ശക്തമായിട്ടുണ്ട്. ഇടുക്കി, വയനാട്, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ പ്രസിഡന്റുമാരെ പല കാരണങ്ങളാല്‍ മാറ്റാനുള്ള നീക്കം ശക്തമാണ്. കോട്ടയത്ത് ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നും ഒരാളെ ഡിസിസി പ്രസിഡന്റ് ആക്കണമെന്ന ആവശ്യം ശക്തമാണ്. തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കെ മുരളീധരന്‍ സംഘടനാ പോരായ്മകള്‍ ഉന്നയിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ സംഘടനാ പോരായ്മകള്‍ കേരളത്തിലെ എല്ലാ ലോക്സഭാ മണ്ഡലങ്ങളെയും ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, 10 ഡിസിസി പ്രസിഡന്റുമാര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തവരാണെന്ന വിലയിരുത്തലുമുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പ്രതികൂലമായാല്‍ സംസ്ഥാന നേതൃത്വത്തിനും വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നാണ് അനുമാനം.
കെ സുധാകരനെ കെപിസിസി പ്രസിഡന്റായി തിരിച്ചെടുത്തെങ്കിലും തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കില്‍ അദ്ദേഹത്തിന്റെ സ്ഥാനം അപകടത്തിലായേക്കും. തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനായില്ലെങ്കില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനു പുറമെ, പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉത്തരവാദിത്തം ഏല്‍ക്കേണ്ടിവരുമെന്നും ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
കെപിസിസിയുടെ ധനസമാഹരണ ശ്രമങ്ങളുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്നത് തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിനെ പ്രതിരോധത്തിലാക്കിയിരുന്നു. വിഡി സതീശന്റെ ഏകാധിപത്യ ശൈലിയിലും പല നേതാക്കള്‍ക്കും അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ലമെന്റ് മണ്ഡല തല യോഗങ്ങള്‍ മെയ് 15-ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതിനാല്‍ പാര്‍ട്ടി നിലവില്‍ പോളിങ് ഡാറ്റ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates