'സോവിയറ്റ് യൂണിയന്‍ യുദ്ധം ചെയ്തില്ലേ?'; വിമര്‍ശകര്‍ക്ക് മറുപടിയുമായി സ്വരാജ്

ഇന്ത്യയ്ക്കും മറ്റു വഴിയില്ലാതായാല്‍ യുദ്ധം ചെയ്യണ്ടി വരില്ലേ എന്നു ചോദിക്കുന്നവരുണ്ട് .
m swaraj
എം സ്വരാജ്ഫയല്‍
Updated on
3 min read

തിരുവനന്തപുരം: യുദ്ധത്തെ എതിര്‍ത്തുകൊണ്ടുള്ള സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. നവമാധ്യമങ്ങളിലും ചാനലുകളിലും യുദ്ധദാഹം അണപൊട്ടി ഒഴുകുന്നത് കണ്ടപ്പോഴാണ് യുദ്ധവിരുദ്ധ കുറിപ്പ് പോസ്റ്റ് ചെയ്തത്. ഭ്രാന്തമായി പടരുന്ന യുദ്ധാസക്തിയെ എതിര്‍ക്കാതെ വയ്യെന്നും പുതിയ കുറിപ്പില്‍ പറയുന്നു.

യുദ്ധാസക്തരുടെ വിലാപങ്ങള്‍ അപ്രതീക്ഷിതമല്ലെന്ന തലക്കെട്ടോടെയാണ് പുതിയ കുറിപ്പ്. 'ഹിറ്റ്‌ലറെ കീഴടക്കിക്കഴിഞ്ഞ ഉടനേ യുദ്ധവെറിയുമായി മറ്റു രാഷ്ടങ്ങളെ കീഴടക്കാനല്ല മറിച്ച് ലോക സമാധാന പ്രസ്ഥാനം കെട്ടിപ്പടുക്കാനാണ് സ്റ്റാലിനും സോവിയറ്റ് യൂണിയനും മുന്‍കയ്യെടുത്തത്. ലോകസമാധാന കൗണ്‍സില്‍ ( ഡബ്ല്യു പി സി ) നിലവില്‍ വന്നത് അങ്ങനെയാണ്. ലോകസമാധാന കൗണ്‍സിലിന്റെ ഭാഗമായി കമ്യൂണിസ്റ്റുകാരും അണിനിരന്നിട്ടുള്ള എ ഐ പി എസ് ഒ എന്ന ഒരു സമാധാന പ്രസ്ഥാനം ഇന്ത്യയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുവെങ്കിലും ഇക്കൂട്ടര്‍ ഓര്‍ക്കണം. ആ പോസ്റ്റില്‍ പറഞ്ഞ എല്ലാ കാര്യങ്ങളിലും അടിയുറച്ചു നില്‍ക്കുന്നു. പ്രഖ്യാപിക്കാത്ത യുദ്ധത്തില്‍ ഏറെ മുന്‍പേ അണിനിരന്നു കഴിഞ്ഞ സംഘപരിവാറുകാരോട് ഒറ്റക്കാര്യമേ പറയാനുള്ളൂ. എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നിങ്ങള്‍ക്കുവേണ്ടി എഴുതിയതല്ല. മനുഷ്യരെ ഉദ്ദേശിച്ചു മാത്രമുള്ളതായിരുന്നു അത്. കുറച്ചു മനുഷ്യര്‍ക്ക് അത് മനസ്സിലായിട്ടുണ്ട്. അതില്‍ സന്തോഷവുമുണ്ട്' സ്വരാജ് കുറിപ്പില്‍ പറയുന്നു.

സ്വരാജിന്റെ കുറിപ്പ്

യുദ്ധാസക്തരുടെ വിലാപങ്ങള്‍ അപ്രതീക്ഷിതമല്ല...

നവമാധ്യമങ്ങളിലും ചാനലുകളിലും യുദ്ധദാഹം അണപൊട്ടി ഒഴുകുന്നത് കണ്ടപ്പോഴാണ് ഇന്നലെ ഒരു യുദ്ധവിരുദ്ധ കുറിപ്പ് പോസ്റ്റ് ചെയ്തത് .

ഭ്രാന്തമായി പടരുന്ന യുദ്ധാസക്തിയെ എതിര്‍ക്കാതെ വയ്യ.

കുറിപ്പില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ പരാമര്‍ശിക്കുന്നയിടത്ത് ഭീകരതയ്‌ക്കെതിരായ നിലപാട് വ്യക്തവും കൃത്യവുമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു.

കുറിപ്പ് പോസ്റ്റ് ചെയ്യുമ്പോള്‍ ചെറിയ ഒരാശങ്ക തോന്നിയിരുന്നു .

മറ്റൊന്നുകൊണ്ടുമല്ല.

'നിരപരാധികളെ കൊന്നു തള്ളുന്ന ഭീരുക്കളാണ് ഭീകരര്‍ '

'ഭീകരത തുടച്ചുനീക്കപ്പെടേണ്ടതാണ് .'

'അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന രാജ്യമാണ് പാകിസ്താന്‍. '

'പഹല്‍ഗാം ഭീകരാക്രമണത്തിന് ഏറ്റ തിരിച്ചടിയില്‍ നിന്നും പാകിസ്ഥാന്‍ പാഠം ഉള്‍ക്കൊള്ളണം .'

'ഇവിടം കൊണ്ട് ഇത് അവസാനിക്കണം '

എന്നിങ്ങനെ ആ കുറിപ്പില്‍ നേരിട്ടുള്ള വിമര്‍ശനങ്ങള്‍ ഭീകരര്‍ക്കും പാകിസ്താനുമെതിരെ ഉണ്ടായിരുന്നു .

ഒപ്പം ഷെല്ലാക്രമണം ആരംഭിച്ച പാകിസ്ഥാന്‍ സൈന്യം ലോകത്തെ യുദ്ധഭീതിയിലാഴ്ത്തുന്നു എന്നും വിമര്‍ശിച്ചിരുന്നു.

തുടര്‍ന്ന് യുദ്ധത്തിന്റെ ഭീകരതയും ദുരന്തവും വിശദീകരിക്കുകയും ചെയ്തു.

കേന്ദ്രസര്‍ക്കാരിനെതിരായി നേരിയ ഒരു വിമര്‍ശനം പോലും കുറിപ്പില്‍ ഉണ്ടായിരുന്നതുമില്ല.

ഇക്കാരണങ്ങളാല്‍ പ്രസ്തുത

ഫേസ്ബുക്ക് പോസ്റ്റിനെ സംഘപരിവാര്‍ പിന്തുണയ്ക്കുമോ എന്നതായിരുന്നു എന്റെ ഭയവും ആശങ്കയും.

ഇന്നേവരെ എന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റിനെയും സംഘപരിവാര്‍ പിന്തുണച്ചിട്ടില്ല. ആദ്യമായി അങ്ങനെ ഒന്നുണ്ടായാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് എന്തുകാര്യം ?

പിന്നെയൊരു രണ്ടാം ആലോചനയില്‍ അങ്ങനെയൊരു ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല എന്നുതന്നെ തീര്‍ച്ചപ്പെടുത്തി. പോസ്റ്റ് കാണുന്ന മാത്രയില്‍തന്നെ തെറിയഭിഷേകവും അധിക്ഷേപങ്ങളുമായി ചാടി വീഴുന്ന സ്ഥിരം ശൈലിക്കാരാണല്ലോ അവര്‍. എഴുതിയ കാര്യങ്ങള്‍ വായിച്ചുനോക്കാനൊന്നും അവര്‍ തയാറാവില്ലെന്നും വായിച്ചാലും അവര്‍ക്കിത് മനസ്സിലാവില്ലെന്നും പതിവ് തെറിയഭിഷേകം ആവര്‍ത്തിക്കാനാണ് സാധ്യതയെന്നും മനസിലുറപ്പിച്ചു.

കുറിപ്പ് പോസ്റ്റ് ചെയ്ത് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ കണക്കുകൂട്ടല്‍ അണുവിട പോലും തെറ്റിയിട്ടില്ല എന്ന് തെളിഞ്ഞു. അതിന്റെ ആഹ്ലാദം പറഞ്ഞറിയിക്കുക വയ്യ. ????

എന്നാല്‍ കൂട്ടത്തില്‍ മറ്റൊരു കാര്യം കൂടി സംഭവിച്ചു എന്നതാണ് കൗതുകകരം. നവമാധ്യമങ്ങളില്‍ ഇടതുപക്ഷക്കാര്‍ എന്ന നിലയില്‍ പ്രത്യക്ഷപ്പെടുന്ന വിരലിലെണ്ണാവുന്ന ചിലര്‍ പെട്ടന്ന് സന്ദേഹികളായി മാറി. യുദ്ധം വേണ്ടിവരില്ലേ?

സോവിയറ്റ് യൂണിയന്‍ യുദ്ധം ചെയ്തില്ലേ? എന്നൊക്കെയാണ് ഇക്കൂട്ടരുടെ സന്ദേഹം. നാസിപ്പടയെ തോല്‍പിച്ചത് യുദ്ധം ചെയ്തിട്ടല്ലേ എന്നൊക്കെയാണ് ഇവര്‍ ചോദിക്കുന്നത്.

രണ്ടാം ലോകയുദ്ധം എന്നു കേട്ടയുടന്‍ 'ഹായ് .. യുദ്ധം' എന്നും പറഞ്ഞ് ചാടിയിറങ്ങിയവരല്ല ചെമ്പടയെന്ന് ഇക്കൂട്ടര്‍ മറന്നതായി തോന്നുന്നു. യുദ്ധം ഒഴിവാക്കാന്‍ നടത്തിയ സോവിയറ്റ് പരിശ്രമവും, അനാക്രമണ സന്ധിയും ഒന്നും ഇക്കൂട്ടര്‍ക്ക് ഓര്‍മയില്ല. ഒടുവില്‍ അക്രമിക്കപ്പെട്ടപ്പോള്‍, യുദ്ധമല്ലാതെ മറ്റു വഴിയില്ലെന്ന് ഉറപ്പായപ്പോഴാണ് സോവിയറ്റ് യൂണിയന്‍ യുദ്ധത്തിനിറങ്ങിയത്.

ഹിറ്റ്‌ലറെ കീഴടക്കിക്കഴിഞ്ഞ ഉടനേ യുദ്ധവെറിയുമായി മറ്റു രാഷ്ടങ്ങളെ കീഴടക്കാനല്ല മറിച്ച് ലോക സമാധാന പ്രസ്ഥാനം കെട്ടിപ്പടുക്കാനാണ് സ്റ്റാലിനും സോവിയറ്റ് യൂണിയനും മുന്‍കയ്യെടുത്തത്. ലോകസമാധാന കൗണ്‍സില്‍ ( ഡബ്ല്യു പി സി ) നിലവില്‍ വന്നത് അങ്ങനെയാണ് .

ലോകസമാധാന കൗണ്‍സിലിന്റെ ഭാഗമായി കമ്യൂണിസ്റ്റുകാരും അണിനിരന്നിട്ടുള്ള എ ഐ പി എസ് ഒ എന്ന ഒരു സമാധാന പ്രസ്ഥാനം ഇന്ത്യയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുവെങ്കിലും ഇക്കൂട്ടര്‍ ഓര്‍ക്കണം.

ഇതിനിടയില്‍ മുമ്പ് പലസ്തീനെ പിന്തുണച്ചതിനെതിരായ ചില അപശബ്ദങ്ങളും കേട്ടു.

അവിടെ ചരിത്രത്തിലുടനീളം ഇസ്രായേലാണ് യുദ്ധഭീകരത സൃഷ്ടിച്ചത് .

സര്‍വവും അപഹരിക്കപ്പെട്ട , മുക്കാല്‍പങ്ക് മനുഷ്യരും കൊല്ലപ്പെട്ട ഒരു ജനതയെന്ന നിലയില്‍ പലസ്തീനികള്‍ക്ക് പൊരുതുകയല്ലാതെ വഴിയില്ല . അതിനാല്‍ യുദ്ധവിരുദ്ധ നിലപാടു തന്നെയാണ് പലസ്തീനികള്‍ക്കുള്ള ഉപാധിരഹിത പിന്തുണ.

ഇന്ത്യയ്ക്കും മറ്റു വഴിയില്ലാതായാല്‍ യുദ്ധം ചെയ്യണ്ടി വരില്ലേ എന്നു ചോദിക്കുന്നവരുണ്ട് .

ഇന്ത്യ ഇപ്പോഴും യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്നും യുദ്ധം ഒഴിവാക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പക്ഷേ ഇക്കൂട്ടര്‍ ഇപ്പോഴും മനസിലാക്കിയിട്ടില്ല. പാകിസ്ഥാനിലെ ഭീകരവാദികളുടെ പരിശീലന കേന്ദ്രങ്ങള്‍ മാത്രം തിരഞ്ഞു പിടിച്ചു തകര്‍ക്കുന്ന സൈനിക നടപടിയാണ് ഇന്ത്യ നടത്തിയത് . ഇന്ത്യ വ്യക്തമാക്കിയത് പോലെ ഇത് ഭീകരാക്രമണത്തിനുള്ള തിരിച്ചടിയാണ്. യുദ്ധമല്ല. ഈ നടപടിയെ സിപിഎം ഉള്‍പ്പെടെ ഇന്ത്യയില്‍ എല്ലാവരും പിന്തുണച്ചതുമാണ്. അതില്‍ ഒരു തര്‍ക്കവും നിലവിലില്ല.

ഈ തിരിച്ചടിയില്‍ നിന്നും പാകിസ്ഥാന്‍ പാഠം ഉള്‍ക്കൊള്ളണമെന്നും എല്ലാം ഇവിടെ അവസാനിപ്പിക്കണമെന്നുമാണ് ഇന്നലത്തെ കുറിപ്പില്‍ വ്യക്തമാക്കിയത്. എന്നാല്‍ അതിര്‍ത്തിയില്‍ ഷെല്ലാക്രമണം നടത്തിക്കൊണ്ട് പാകിസ്ഥാന്‍ യുദ്ധാന്തരീക്ഷം ഉണ്ടാക്കുന്നു എന്നും അത് ലോകത്തെ യുദ്ധഭീതിയിലാഴ്ത്തുന്നു എന്നും വ്യക്തമായി തന്നെയാണ് സൂചിപ്പിച്ചത്. തുടര്‍ന്ന് യുദ്ധവിരുദ്ധ നിലപാടും വിശദീകരിച്ചു.

ഇതില്‍ എവിടെയാണ് സന്ദേഹികളുടെ പ്രശ്‌നം എന്ന് മനസ്സിലാവുന്നില്ല. വന്‍തോതില്‍ പടര്‍ന്നുപിടിക്കുന്ന യുദ്ധാസക്തിയുടെ പിടിയില്‍ ഈ കൂട്ടരും വീണുപോയി എന്നു തോന്നുന്നു. അത്രമാത്രം വിപല്‍ക്കരമാണ് ജനങ്ങള്‍ക്കിടയില്‍ പടരുന്ന യുദ്ധാഭിമുഖ്യം എന്നതാണ് വസ്തുത. എന്നാല്‍ ലോകത്തെവിടെയും ഒരു കമ്മ്യൂണിസ്റ്റുകാരന് യുദ്ധാസക്തനാവാന്‍ കഴിയില്ല.

ലോകസമാധാനം എന്ന മുദ്രാവാക്യം ലോകത്തിനു സമ്മാനിച്ചത് തന്നെ വേള്‍ഡ് പീസ് കൗണ്‍സിലും കമ്മ്യൂണിസ്റ്റുകാരുമാണ്.

മനുഷ്യന്‍ മനുഷ്യനെയും രാഷ്ട്രം രാഷ്ട്രത്തെയും ചൂഷണം ചെയ്യാത്ത കാലമാണ് കമ്യൂണിസ്റ്റുകാരുടെ സ്വപ്നമെന്ന് ഇടതു നാട്യ സന്ദേഹികള്‍ മനസിലാക്കണം . യുദ്ധങ്ങളില്ലാത്ത സാഹോദര്യത്തിന്റെ ലോകമാണ് കമ്യൂണിസം . ആരും ആരെയും കീഴടക്കാത്ത , അന്യന്റെ ശബ്ദം പോലും സംഗീതംപോലെ ആസ്വദിക്കാന്‍ കഴിയുന്ന ലോകം സ്വപ്നം കാണുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്ന് സന്ദേഹികള്‍ ഇനിയും മനസ്സിലാക്കിയിട്ടില്ല.

ഇന്ത്യ ഇന്നുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത യുദ്ധത്തില്‍ ഇന്നലെ തന്നെ അണിനിരക്കാന്‍ കുറെ യുദ്ധാസക്തര്‍ ഇറങ്ങിയിരിക്കുകയാണ്. യുദ്ധാസക്തി ഒരു സാംക്രമിക രോഗം പോലെ സമൂഹത്തെ ബാധിച്ചിരിക്കുന്നു എന്നതിന് ഇതില്‍ കൂടുതല്‍ എന്തു തെളിവാണ് വേണ്ടത് ?

വാര്‍ ഗെയിമുകളിലൂടെ വളര്‍ന്നുവന്ന ഒരു തലമുറയെ യുദ്ധഭ്രാന്തരാക്കാന്‍ എത്ര എളുപ്പമാണ് എന്ന് തെളിയുന്നു. കൂടുതല്‍ ശക്തിയോടെ യുദ്ധവിരുദ്ധ പ്രചാരണം ഏറ്റെടുക്കേണ്ട സമയമായെന്ന് തിരിച്ചറിയേണ്ടതുണ്ട്. ആവര്‍ത്തിക്കുന്നു;

യുദ്ധത്തില്‍ വിജയികളില്ല. ആണവ യുദ്ധാനന്തരം മനുഷ്യരുമുണ്ടാവില്ല.

അതായത് ഇന്നലെ പോസ്റ്റ് ചെയ്ത കുറിപ്പില്‍ നിന്ന് ഒരു വരിയോ വാക്കോ മാറ്റേണ്ട കാര്യമില്ല. കുത്തോ കോമയോ പോലും നീക്കേണ്ട ആവശ്യവുമില്ല.

കൂടുതല്‍ വിശദീകരിക്കേണ്ടതുമില്ല.

ആ പോസ്റ്റില്‍ പറഞ്ഞ എല്ലാ കാര്യങ്ങളിലും അടിയുറച്ചു നില്‍ക്കുന്നു. പ്രഖ്യാപിക്കാത്ത യുദ്ധത്തില്‍ ഏറെ മുന്‍പേ അണിനിരന്നു കഴിഞ്ഞ സംഘപരിവാറുകാരോട് ഒറ്റക്കാര്യമേ പറയാനുള്ളൂ

എന്റെ ഫേസ്ബുക്ക് പോസ്റ്റ് നിങ്ങള്‍ക്കുവേണ്ടി എഴുതിയതല്ല. മനുഷ്യരെ ഉദ്ദേശിച്ചു മാത്രമുള്ളതായിരുന്നു അത് .

കുറച്ചു മനുഷ്യര്‍ക്ക് അത് മനസ്സിലായിട്ടുണ്ട് . അതില്‍ സന്തോഷവുമുണ്ട് .

അപ്പോള്‍ പിന്നെ,

സംഘപരിവാറുകാര്‍ തെറിവിളിയും ഭീഷണിയും അധിക്ഷേപവും സംഘടിതമായി , കൂടുതല്‍ ശക്തിയോടെ തുടരുക. പറ്റാവുന്നവരെയൊക്കെ കൂടെ കൂട്ടുക .

ഇനിയെങ്ങാന്‍ ഞാന്‍ പേടിച്ച് നിലപാട് മാറ്റിയാലോ.....!??

- എം സ്വരാജ് .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com