മാധവ് ഗാഡ്ഗില്‍ അന്തരിച്ചു

പൂനെയില്‍ വച്ചായിരുന്നു അന്ത്യം
Madhav Gadgil passed away
Madhav Gadgil
Updated on
1 min read

കൊച്ചി: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സംഘത്തിന്റെ അധ്യക്ഷനായിരുന്നു. ഗാഡ്ഗിൽ കമ്മിറ്റി എന്ന പേരിൽ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പാറഖനനം, അണക്കെട്ട് നിർമാണം തുടങ്ങിയവ നിയന്ത്രിക്കണമെന്ന് ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. രാജ്യം പദ്‌മശ്രീ, പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് നാല്മണിക്ക് വൈകുണ്ഡ് ശ്മശാനത്തില്‍.

തന്റെ ആറ് പതിറ്റാണ്ടോളം നീണ്ട ശാസ്ത്ര ജീവിതത്തിൽ എന്നും ഒരു 'ജനപക്ഷ ശാസ്ത്രജ്ഞൻ' ആയിട്ടാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. ആദിവാസികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിച്ച അദ്ദേഹം, പരിസ്ഥിതി സംരക്ഷണത്തിൽ താഴെത്തട്ടിലുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് വാദിച്ചു. 2024-ൽ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം അദ്ദേഹത്തെ 'ചാമ്പ്യൻസ് ഓഫ് ദി എർത്ത്' ആയി തെരഞ്ഞെടുത്തിരുന്നു.

1942 മെയ് 24ന് പൂനെയിലായിരുന്നു ജനനം. അമ്മ പ്രമീള. അച്ഛന്‍ സാമ്പത്തികശാസ്ത്രവിദഗ്ദ്ധനായ ധനഞ്ജയ് രാംചന്ദ്ര ഗാഡ്ഗില്‍. നാസ്തികനായ ധനഞ്ജയ് ജാതിയുടെ അടയാളമാണെന്ന കാരണത്താല്‍ അദ്ദേഹത്തിന്റെ കുട്ടികളുടെ പൂണൂല്‍ ചടങ്ങ് നടത്തിയില്ല. പൂനെ യൂണിവേഴ്സിറ്റിയില്‍ നിന്നും മുംബൈയില്‍ നിന്നും ജീവശാസ്ത്രം പഠിച്ചശേഷം മാധവ് ഗണിതപരിസ്ഥിതിശാസ്ത്രത്തില്‍ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ ഡോക്ടറേറ്റ് നേടി.

1973 മുതല്‍ 2004 വരെ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ അദ്ധ്യാപകനായിരിക്കുമ്പോള്‍ അദ്ദേഹം അവിടെ പാരിസ്ഥിതിക ശാസ്ത്രത്തില്‍ ഒരു വിഭാഗം ആരംഭിച്ചു. ഗാഡ്ഗില്‍ സ്റ്റാന്‍ഫോഡിലും ബെര്‍ക്ലിയിലെ കാലിഫോണിയ സര്‍വകലാശാലയിലും സന്ദര്‍ശക പ്രഫസര്‍ ആയിരുന്നിട്ടുണ്ട്.

ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നിവയിൽ ഇരുന്നൂറിലേറെ ഗവേഷണപ്രബന്ധങ്ങളും നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 2002-ലെ ഇന്ത്യ ബയോഡൈവേഴ്‌സിറ്റി ആക്‌ട് ഉണ്ടാക്കിയ സമിതിയിൽ ഡോ. ഗാഡ്‌ഗിൽ അംഗമായിരുന്നു. പശ്ചിമഘട്ട ജൈവ വിദഗ്ദസമിതിയുടെ തലവനായിരുന്നു ഡോ. ​ഗാഡ്​ഗിൽ. അദ്ദേഹത്തിന്റെ ആത്മകഥയുടെ പേർ പശ്ചിമഘട്ടം ഒരു പ്രണയകഥ എന്നായിരുന്നു.

ദേശീയ പാരിസ്ഥിതിക ഫെല്ലോഷിപ്, ഇക്കോളജി സൊസൈറ്റി ഓഫ് അമേരിക്കയിലെ വിശിഷ്ടാംഗത്വം, ശാന്തി സ്വരൂപ് ഭട്‌നഗർ അവാഡ്, വിക്രം സാരാഭായ് അവാർഡ്, ഈശ്വരവചന്ദ്ര വിദ്യാസാഗർ അവാർഡ്, ഹാർവാർഡ് സർവകലാശാലയുടെ സെന്റെനിയൽ മെഡൽ,വോൾവോ പാരിസ്ഥിതിക അവാർഡ്, പദ്‌മശ്രീ, പദ്‌മഭൂഷൻ , കർണാടക സർക്കാരിന്റെ രാജ്യോൽസവ സമ്മാനം തുടങ്ങി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്

madhav gadgil passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com