
വിടപറയുന്ന 2024 ല്‍ വിവിധ മേഖലകളില്‍ മലയാളി മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഒട്ടേറെ പ്രമുഖരെ കേരളത്തിന് നഷ്ടമായി. രാഷ്ട്രീയ-സിനിമാ-സംഗീത രംഗത്തെ വിട പറഞ്ഞ പ്രധാനപ്പെട്ട ചില അതികായരെക്കുറിച്ച്....
2024ലെ തീരാനഷ്ടങ്ങളിലൊന്നാണ് മലയാളത്തിന്റെ അക്ഷരനക്ഷത്രം എംടി വാസുദേവന്‍ നായര്‍ (91). ഡിസംബര്‍ 25 ന് രാത്രിയാണ്, അനുവാചകരേയും ആസ്വാദകരേയും കണ്ണീരിലാഴ്ത്തി, അക്ഷരങ്ങള്‍ കൊണ്ട് മഹാവിസ്മയം തീര്‍ത്ത തൂലിക ഈ മണ്ണില്‍ അവശേഷിപ്പിച്ച് എംടി വിട പറഞ്ഞത്. 1933 ജൂലൈ 15 ന് പാലക്കാട് ജില്ലയിലെ കൂടല്ലൂരിലാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായരുടെ ജനനം.
സാഹിത്യകൃതികള്‍ക്ക് പുറമെ, നിരവധി മലയാള സിനിമകളുടെ തിരക്കഥാകൃത്തും സംവിധായകനുമാണ്. 54 ഓളം സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ എംടി, ഏഴു സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നാലു തവണ ( ഒരു വടക്കന്‍ വീരഗാഥ, കടവ്, സദയം, പരിണയം) നേടിയിട്ടുണ്ട്. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം നേടി.
2005 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്, ഒഎന്‍വി സാഹിത്യ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സിനിമയിലെ വാത്സല്യം കവിയുന്ന അമ്മ വേഷത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം തെളിയുന്ന മുഖമാണ് കവിയൂര്‍ പൊന്നമ്മ. മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന കവിയൂര്‍ പൊന്നമ്മ (79) 2024 ന്റെ പ്രധാന നഷ്ടങ്ങളിലൊന്നാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കവിയൂര്‍ പൊന്നമ്മ സെപ്റ്റംബര്‍ 20 നാണ് അന്തരിച്ചത്.
ആറു പതിറ്റാണ്ടോളം നീണ്ട അഭിനയ സപര്യയില്‍ മലയാള സിനിമയിലെ ഏതാണ്ടെല്ലാ നടന്മാരുടെയും അമ്മ വേഷത്തില്‍ കവിയൂര്‍ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. പ്രേനസീര്‍ മുതല്‍ ഏറ്റവും പുതിയ താരങ്ങളുടെ അമ്മയായി വരെ കവിയൂര്‍ പൊന്നമ്മ വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാല്‍-കവിയൂര്‍ പൊന്നമ്മ കോംബോ മലയാളത്തില്‍ ഏറെ ഹിറ്റായ അമ്മ-മകന്‍ വേഷമാണ്.
സംഗീത രംഗത്ത് 2024 ലെ വലിയ നഷ്ടങ്ങളിലൊന്നായിരുന്നു കെ ജി ജയന്റെ വിയോഗം. ഇരട്ടസഹോദരനായ വിജയനൊപ്പം ചേര്‍ന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും സിനിമാഗാനരംഗത്തും കെ ജി ജയന്‍ മികച്ച സംഭാവന നല്‍കി. ഏപ്രില്‍ 16 നാണ് കെ ജി ജയന്‍ (90) അരങ്ങൊഴിഞ്ഞത്. തൃപ്പൂണിത്തുറയിലെ വസയില്‍ വെച്ചായിരുന്നു അന്ത്യം.
ധര്‍മ്മശാസ്താ, നിറകുടം, സ്‌നേഹം, തെരുവുഗീതം തുടങ്ങിയ സിനിമകളിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. പാദപൂജ, ഷണ്‍മുഖപ്രിയ, പാപ്പാത്തി എന്നീ തമിഴ് ചിത്രങ്ങള്‍ക്കും സംഗീതമൊരുക്കിയിട്ടുണ്ട്. ശ്രീകോവില്‍ നട തുറന്നു..., നക്ഷത്രദീപങ്ങള്‍ തിളങ്ങി..., ഹൃദയം ദേവാലയം തുടങ്ങിയവ കെ ജി ജയന്‍- കെ ജി വിജയന്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളാണ്.
പ്രശസ്ത സംഗീതകാരന്‍ ബാലമുരളീകൃഷ്ണയുടെ ശിഷ്യനാണ്. യേശുദാസിനെയും ജയചന്ദ്രനെയും ആദ്യ അയ്യപ്പഗാനം പാടിച്ചതും ജയവിജയ ടീമാണ്. 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ഹരിവരാസനം അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചു. നടന്‍ മനോജ് കെ ജയന്‍ മകനാണ്.
യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ (95) വിടപറഞ്ഞത് ഈ വർഷമാണ്. ഒക്ടോബർ 31 നായിരുന്നു ബാവയുടെ അന്ത്യം. രണ്ട് പതിറ്റാണ്ടിലേറെയായി യാക്കോബായ സഭയുടെ മുഖമായിരുന്നു ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ.
മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എല്‍ഡിഎഫ് കണ്‍വീനറും മുന്‍ എംപിയുമായ എംഎം ലോറന്‍സ് ഇക്കൊല്ലമാണ് നമ്മെ വിട്ടു പിരിഞ്ഞത്. സെപ്റ്റംബര്‍ 21 നായിരുന്നു ലോറന്‍സിന്റെ അന്ത്യം. ലോറന്‍സിന്റെ മൃതദേഹം പിന്നീട് കോടതി കയറുന്നതിനും കേരളം സാക്ഷിയായി.
ലോറന്‍സിന്റെ ആഗ്രഹപ്രകാരം മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കാന്‍ മകന്‍ തീരുമാനിച്ചു. ഇതിനെതിരെ പെണ്‍മക്കള്‍ രംഗത്തെത്തി. മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍മക്കള്‍ കോടതിയെ സമീപിച്ചു. എന്നാല്‍ പെണ്‍മക്കളുടെ ഹര്‍ജി തള്ളിയ ഹൈക്കോടതി ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിന് വിട്ടു നല്‍കിയത് ശരിവെക്കുകയും ചെയ്തു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ വിടവാങ്ങിയത് ഈ വർഷമാണ്. 93 വയസായിരുന്നു. ദി ഹിന്ദു, സ്റ്റേറ്റ്സ്മാന്‍, പേട്രിയേറ്റ്, ഡെക്കാന്‍ ഹെറാള്‍ഡ് തുടങ്ങിയ പത്രങ്ങളിലും ഏഷ്യാനെറ്റ് ന്യൂസ് ചാനലിലും ബിആര്‍പി സേവനമനുഷ്ഠിച്ചു. മാധ്യമ മേഖലയിലെ മികവിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ സ്വദേശാഭിമാനി കേസരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
സാഹിത്യരംഗത്തെ നഷ്ടങ്ങളിലൊന്നാണ് എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള (100) യുടെ വിയോഗം. നവംബര്‍ 22 നായിരുന്നു ഓംചേരി അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഒമ്പത് നാടകങ്ങളും 80 ഏകാങ്കങ്ങളും രചിച്ചിട്ടുണ്ട്. 1972 ല്‍ 'പ്രളയം' എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചു. ആകാശവാണി ഉദ്യോഗസ്ഥനായിരുന്നു.
സംവിധായകന്‍ മോഹന്‍ ഓഗസ്റ്റ് 27 ന് അന്തരിച്ചു. 76 വയസ്സായിരുന്നു. മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടമെന്ന് അറിയപ്പെടുന്ന 1980കളില്‍ തന്റെ ചലച്ചിത്രങ്ങള്‍ കൊണ്ട് സവിശേഷ സാന്നിധ്യം അറിയിച്ച സംവിധായകനായിരുന്നു മോഹന്‍.രണ്ട് പെണ്‍കുട്ടികള്‍, ശാലിനി എന്റെ കൂട്ടുകാരി, വിട പറയും മുമ്പെ, ഇളക്കങ്ങൾ,തീർത്ഥം, പക്ഷെ, മുഖം തുടങ്ങി 23 ചിത്രങ്ങൾ സംവിധാനം ചെയ്തു
ലോക പ്രശസ്ത കാർഡിയാക് സർജൻ ഡോ. എം എസ് വല്യത്താൻ ജൂലൈ 18 നാണ് അന്തരിച്ചത്. 90 വയസ്സായിരുന്നു. മാവേലിക്കര രാജകുടുംബാംഗമാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ചുകാരനാണ്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിൽ മുഖ്യപങ്കു വഹിച്ചു.
ഫുട്ബോൾ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ നിറഞ്ഞുനിന്ന ടി കെ ചാത്തുണ്ണി അന്തരിച്ചത് ജൂൺ 12നാണ്. സന്തോഷ് ട്രോഫിയില്‍ കേരളത്തിനായും ഗോവയ്ക്കായും കളിച്ചിട്ടുണ്ട്. മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍ അടക്കം നിരവധി ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
ഒരു കാലത്ത് മലയാള സിനിമാ സംഗീതത്തില്‍ നിറഞ്ഞു നിന്ന പേരുകളിലൊന്നാണ് കെ ജെ ജോയി. ജനുവരി 15 ന് തൃശൂരിലായിരുന്നു ജോയിയുടെ അന്ത്യം. കസ്തൂരി മാന്‍മിഴി..., അക്കരെ ഇക്കരെ നിന്നാലെങ്ങനെ..., സ്വര്‍ണമീനിന്റെ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളുടെ ശില്‍പ്പിയാണ്. 70 ഓളം മലയാള സിനിമകള്‍ക്കാണ് കെ ജെ ജോയി സംഗീതമൊരുക്കിയത്. പന്ത്രണ്ടോളം ഹിന്ദി സിനിമകള്‍ക്ക് പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്.
പ്രശസ്ത കവിയും എഴുത്തുകാരനും നിരൂപകനുമായ എന്‍ കെ ദേശം (87) വിടവാങ്ങിയത് ഈ വര്‍ഷമാണ്. ഫെബ്രുവരി 4ന് ആലുവ കോതകുളങ്ങരയിലെ വീട്ടിലായിരുന്നു അന്ത്യം. കന്യാഹൃദയം, അപ്പൂപ്പന്‍താടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അന്‍പത്തൊന്നരക്ഷരാളി, എലിമീശ, കാവ്യകേളി, മുദ്ര, മഴത്തുള്ളികള്‍, ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവര്‍ത്തനം എന്നിവയാണ് ദേശത്തിന്റെ പ്രധാന കൃതികള്‍.
സിനിമയില്‍ കാരക്ടര്‍ റോളുകളിലടക്കം തിളങ്ങിയ ടി പി മാധവന്‍ അരങ്ങൊഴിഞ്ഞതും ഈ വര്‍ഷമാണ്. ഒക്ടോബര്‍ 9ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. അറുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. താരസംഘടന അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു. കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന ടി പി മാധവന്‍, വര്‍ഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു. പിന്നീട് മറവി രോഗം ബാധിച്ചു.
സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ കീരിക്കാടന്‍ ജോസ് എന്ന മോഹന്‍ രാജ് അരങ്ങൊഴിഞ്ഞത് 2024ന്റെ നഷ്ടമാണ്. ഒക്ടോബര്‍ 3ന് കഠിനംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ലോഹിതദാസ്-സിബിമലയില്‍ ടീമിന്റെ കിരീടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയാണ് മോഹന്‍രാജ് സിനിമയിലേക്ക് കാലെടുത്തുവെച്ചത്.
കിരീടം എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രമായ കീരിക്കാടന്‍ ജോസ് എന്ന പേര് പിന്നീട് മോഹന്‍രാജിന്റെ സ്വന്തം പേരായി മാറുകയായിരുന്നു. മലയാളത്തിലും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും പ്രതിനായക വേഷങ്ങളില്‍ കീരിക്കാടന്‍ ജോസ് വേഷമിട്ടിട്ടുണ്ട്. വില്ലന്‍ പരിവേഷം മാറ്റി ഏതാനും സിനിമകളില്‍ നായകനായും കീരിക്കാടന്‍ ജോസ് അഭിനയിച്ചിട്ടുണ്ട്.
വില്ലന്‍ വേഷങ്ങളിലും സഹനടനായും മലയാള സിനിമയില്‍ തിളങ്ങിയ മേഘനാഥന്റെ വിയോഗവും 2024ലെ നഷ്ടങ്ങളിലൊന്നാണ്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കോഴിക്കോട് ആശുപത്രിയില്‍ നവംബര്‍ 21ന് ആയിരുന്നു അന്ത്യം. 60 വയസായിരുന്നു. പഞ്ചാഗ്‌നി, ചെങ്കോല്‍, ഈ പുഴയും കടന്ന്, ഉത്തമന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ആക്ഷന്‍ ഹീറോ ബിജു, ക്രൈംഫയല്‍ തുടങ്ങി 50 ലേറെ സിനിമകളില്‍ അഭിനയിച്ചു. നടന്‍ ബാലന്‍ കെ. നായരുടെ മകനാണ്.
മലയാള സിനിമാ സീരിയല്‍ രംഗത്തെ നിറസാന്നിധ്യമായിരുന്ന കനകലതയും 2024 ലെ നഷ്ടങ്ങളില്‍പ്പെടുന്നു. പാര്‍ക്കിന്‍സണ്‍സും മറവിരോഗവും കാരണം ഏറെനാളായി ദുരിതാവസ്ഥയിലായിരുന്നു. മെയ് 6 ന് തിരുവനന്തപുരത്തായിരുന്നു കനകലതയുടെ അന്ത്യം. നാടകത്തിലൂടെ സിനിമയിലെത്തിയ കനകലത 350 ഓളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. രാജാവിന്റെ മകന്‍, ജാഗ്രത, കൗരവര്‍, കിരീടം, ഒരു യാത്രാമൊഴി, ഗുരു, കിലുകില്‍ പമ്പരം, പാര്‍വതീ പരിണയം, തുമ്പോളി കടപ്പുറം, ആദ്യത്തെ കണ്‍മണി, എഫ്‌ഐആര്‍, ആകാശഗംഗ, അനിയത്തിപ്രാവ്, മയില്‍പ്പീലിക്കാവ്, മന്ത്രമോതിരം, എന്നെന്നും നന്മകള്‍ തുടങ്ങിയവ കനകലതയുടെ പ്രധാന ചിത്രങ്ങളാണ്.
പ്രശസ്ത സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവന്‍ വിടവാങ്ങിയത് ഈ വര്‍ഷമാണ്. യോദ്ധ, ഗാന്ധര്‍വ്വം, നിര്‍ണയം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മെയ് എട്ടിനായിരുന്നു അന്ത്യം. സംവിധായകരായ സന്തോഷ് ശിവന്‍, സജ്ഞീവ് ശിവന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
നാടക-സിനിമാ രംഗത്ത് തിളങ്ങിയ മീന ഗണേഷ് വിടവാങ്ങിയതും 2024ലാണ്. അമ്മ കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി ആയിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡിസംബര്‍ 19ന് ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, മിഴി രണ്ടിലും, മീശ മാധവന്‍ തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ മീന ഗണേഷ് അഭിനയിച്ചിട്ടുണ്ട്.
മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ (82) ജനുവരി 14 നാണ് അന്തരിച്ചത്. കരുണാകരൻ സർക്കാരിൽ 1991 മുതൽ 1995 വരെ ഭക്ഷ്യമന്ത്രിയായിരുന്നു. അഞ്ചു തവണ നിയമസഭാംഗമായിരുന്നിട്ടുണ്ട്.
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം ടി പത്മ 81-ാം വയസ്സിൽ അന്തരിച്ചു. നവംബർ 12 നായിരുന്നു പത്മയുടെ അന്ത്യം. 1991ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ഫിഷറീസ്-ഗ്രാമ വികസന-രജിസ്ട്രേഷന്‍ മന്ത്രിയായിരുന്നു. കേരളത്തിലെ മൂന്നാമത്തെ വനിതാ മന്ത്രിയായിരുന്നു പത്മ.
മുന്‍മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി ഓഗസ്റ്റ് 11 ന് അന്തരിച്ചു. 71 വയസ്സായിരുന്നു. 2004 ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശവകുപ്പ് മന്ത്രിയായിരുന്നു. താനൂർ, തിരൂരങ്ങാടി മണ്ഡലങ്ങളിൽ നിന്നായി മൂന്നു തവണ എംഎൽഎയായിരുന്നിട്ടുണ്ട്.
എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ കെ ജെ ബേബി (കനവ് ബേബി) സെപ്റ്റംബർ ഒന്നിനാണ് അന്തരിച്ചത്. 70 വയസ്സായിരുന്നു. വയനാട് ചീങ്ങോട്ടെ നടവയല്‍ വീടിന് സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നേടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates