

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ സുരക്ഷാ വീഴ്ച. തദ്ദേശ മന്ത്രി കെഎംഷാജിയുടെ വാഹനം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് മന്ത്രി ഓട്ടോയില്‍ കയറിയെങ്കിലും മന്ത്രിയെ സഞ്ചരിക്കാന്‍ സമ്മതിച്ചില്ല. തുടര്‍ന്ന് മന്ത്രിക്ക് നടന്നുപോകേണ്ടി വന്നു. സെക്രട്ടേറിയറ്റില്‍നിന്നും മടങ്ങുന്നതിനിടെയാണ് മന്ത്രിയുടെ വാഹനം വാന്‍ട്രോസ് ജങ്ഷനില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞത്.
പ്രതിഷേധക്കാര്‍ വാഹനം തടഞ്ഞതോടെ അല്‍പനേരം മന്ത്രി വാഹനത്തിലിരുന്നു. പിന്നീട് വാഹനത്തില്‍നിന്നും ഇറങ്ങിയ മന്ത്രി ഓട്ടോയില്‍ പോകാന്‍ ശ്രമിച്ചു. ഓട്ടോയില്‍ കയറിയെങ്കിലും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വീണ്ടും തടഞ്ഞു. പിന്നീട് മന്ത്രി നടന്നുപോകുകയായിരുന്നു. സംഭവ സമയം മന്ത്രിക്ക് പൈലറ്റോ എസ്‌കോര്‍ട്ടോ ഉണ്ടായിരുന്നില്ല. ഗണ്‍മാനും പഴ്‌സണല്‍ സാറ്റാഫും മാത്രമാണ് ഒപ്പമുണ്ടായിരുന്നത്.
കൊല്ലം സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് ബിജെപി സംസ്ഥാന മന്ത്രിമാരുടെ വാഹനങ്ങള്‍ തടയാന്‍ തുടങ്ങിയത്. ഇന്ന് തലസ്ഥാനത്ത് മൂന്നിടത്താണ് ആക്രമണം ഉണ്ടായത്.
അതിനിടെ, യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ പാളയത്തെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലിന് മുന്നില്‍ വന്‍ സംഘര്‍ഷം ഉണ്ടായി. മന്ത്രി ഒജെ ജെനീഷ്, ഷാഫി പറമ്പില്‍ എം.പി എന്നിവര്‍ നയിച്ച മാര്‍ച്ചിന് നേരെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് മെന്‍സ് ഹോസ്റ്റലിന് മുന്നില്‍ വെച്ച് കല്ലേറുണ്ടായെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. സ്ഥലത്ത് വേണ്ടത്ര പൊലീസ് വിന്യാസം ഇല്ലാതിരുന്നത് സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ ടയര്‍ കത്തിച്ചു പ്രതിഷേധിക്കുന്നതിനിടെ ഹോസ്റ്റലില്‍ നിന്ന് കൂവലുണ്ടായി. ഇതിനുപിന്നാലെ ബിയര്‍ കുപ്പികളും കല്ലുകളും എറിഞ്ഞത് എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസുകാര്‍ കത്തുന്ന പന്തങ്ങള്‍ ഹോസ്റ്റല്‍ വളപ്പിലേക്ക് എറിഞ്ഞു.
അതേസമയം, പ്രകോപനം ഉണ്ടാക്കിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കറന്റ് പോയ സമയത്ത് ഹോസ്റ്റലിനുള്ളില്‍ നിന്ന് മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും, മാര്‍ച്ച് കടന്നുപോയപ്പോള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ അസഭ്യം പറയുകയും ഹോസ്റ്റലിനുള്ളിലേക്ക് ബിയര്‍ കുപ്പികളും തീപ്പന്തങ്ങളും എറിയുകയുമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates