ബലിയ ഹസ്സന്‍, പറങ്കികളെ വിറപ്പിച്ച പോരാളി; ധീര രക്തസാക്ഷിത്വത്തിന്റെ 500 വര്‍ഷങ്ങള്‍

വലിയ ഹസനെ ചതിയിലൂടെ പിടികൂടി തൂക്കിലേറ്റിയാണ് പറങ്കികള്‍ മലബാർ തീരത്തെ പ്രതിരോധം മറികടന്നത്. ആ വീര രക്തസാക്ഷിയുടെ ഓര്‍മകള്‍ക്ക് അഞ്ച് നൂറ്റാണ്ട് പിന്നിടുകയാണ്.
Balliya Hassan memorial
ബലിയ ഹസ്സനെ കുറിച്ച് കണ്ണൂര്‍ ജുമാ മസ്ജിദിന് മുന്നില്‍ സ്ഥാപിച്ച ഫലകം Express
Updated on
2 min read

കണ്ണൂര്‍: കച്ചവടം ചെയ്യാനെത്തി നാട് പിടിച്ചടക്കാന്‍ ശ്രമിച്ച പോര്‍ച്ചുഗീസുകാരെ കായിക ബലം കൊണ്ട് നേരിട്ടാണ് മലബാറിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. അതുകൊണ്ടു തന്നെ മലബാറിന്റെ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ പലപ്പോഴും രക്തത്തില്‍ കുളിച്ചവയായിരുന്നു. കുഞ്ഞാലി മരക്കാറും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഈ പട്ടികയിലെ കരുത്തുറ്റ പേരുകളാണ്. ഇവര്‍ക്കും മുന്‍പ് പോര്‍ച്ചുഗീസുകാരെ കടലില്‍ പ്രതിരോധിച്ച മറ്റൊരു വീര പുരുഷനുണ്ട് വലിയ ഹസന്‍ അഥവാ ബലിയ ഹസന്‍.

അറബിക്കടലില്‍ മലബാര്‍ തീരത്ത് ബലിയ ഹസന്‍ ഒരുക്കിയ പ്രതിരോധത്തില്‍ വാസ്‌കോ ഡി ഗാമയും പോര്‍ച്ചുഗീസുകാരും പലതവണ അടിയറവ് പറഞ്ഞു. ഒടുവില്‍ ചതിയിലൂടെ വലിയ ഹസനെ പിടികൂടി തൂക്കിലേറ്റിയാണ് പറങ്കികള്‍ ആ പ്രതിരോധം മറികടന്നത്. ആ വീര രക്തസാക്ഷിയുടെ ഓര്‍മകള്‍ക്ക് അഞ്ച് നൂറ്റാണ്ട് പിന്നിടുകയാണ്.

കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറക്കലിലെ അലി രാജയുടെ വിശ്വസ്തനും സൈനിക മേധാവിയുമായിരുന്ന ബലിയ ഹസന്‍. മലബാറിലെ പോര്‍ച്ചുഗീസ് ആധിപത്യത്തെ വെല്ലുവിളിച്ച ബലിയ ഹസന്‍ വലിയ നഷ്ടങ്ങളാണ് യൂറോപ്യന്‍മാര്‍ക്കുണ്ടാക്കിയത്. ചെറുവള്ളങ്ങളില്‍ പാഞ്ഞെത്തി ആക്രമിച്ചും കടലില്‍ തീവച്ചും പറങ്കി കപ്പലുകള്‍ ഹസനും കൂട്ടാളികളും പലവട്ടം നശിപ്പിച്ചു. ഹസനെ ഇല്ലാതാക്കാതെ മലബാര്‍ തീരത്ത് തങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന് മനസിലാക്കിയ പോര്‍ച്ചുഗീസുകാര്‍ കണ്ണൂരിലെ സെന്റ് ആഞ്ചലോ കോട്ടയില്‍ വെച്ച് ഹസ്സനെ പിടികൂടി വധിച്ചു. 1525 ജനുവരി 7നായിരുന്നു ഹസ്സനെ തൂക്കിലേറ്റിയത്.

ചരിത്ര രേഖകളില്‍ ബലിയ ഹസ്സന്റെ പേരും പോരാട്ടവും വലിയ തോതില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. 1520കളിലെ പോര്‍ച്ചുഗീസ് ആര്‍ക്കൈവുകളില്‍ ഹസനെ കുറിച്ചുള്ള സൂചനകളുണ്ടെന്ന് മുന്‍ പോലീസ് ഉദ്യോഗസ്ഥനായ സത്യന്‍ എടക്കാട് തന്റെ 'വാസ്‌കോ ഡ ഗാമ ആന്‍ഡ് ദി അണ്‍നോണ്‍ ഫാക്ട്‌സ് ഓഫ് ഹിസ്റ്ററി' എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു. മലബാര്‍ തീരത്ത് പോര്‍ച്ചുഗീസുകാര്‍ നേരിട്ട പ്രതിസന്ധി അഥവാ നിരന്തര ശല്യക്കാരന്‍ എന്ന നിലയിലാണ് ഹസനെ രേഖപ്പെടുത്തിയിരിക്കുന്നത്. 'പോര്‍ച്ചുഗീസ് കപ്പലുകളില്‍ ചെറിയ തോണികള്‍ ഉപയോഗിച്ച് അയാളും അയാളുടെ യോദ്ധാക്കളും രാത്രിയില്‍ ആക്രമണം നടത്തി,' എന്നാണ് കുറിച്ചിരിക്കുന്നത് സത്യന്‍ എടക്കാട് വിശദീകരിക്കുന്നു.

വാസ്‌കോ ഡി ഗാമ കോഴിക്കോട് സമൂതിരിയെ കാണുന്നു. ചിത്രകാരന്റെ ഭാവനയില്‍
വാസ്‌കോ ഡി ഗാമ കോഴിക്കോട് സമൂതിരിയെ കാണുന്നു. ചിത്രകാരന്റെ ഭാവനയില്‍

ഹസ്സന്റെ മരണത്തെകുറിച്ച് സത്യന്‍ എടക്കാട് പറയുന്നത് ഇങ്ങനെയാണ്. 'കോലത്തിരിയുടെ ക്ഷണം സ്വീകരിച്ച് ചര്‍ച്ചയ്ക്ക് എത്തിയ ഹസനെ പോര്‍ച്ചുഗീസുകാര്‍ പിടികൂടുകയായിരുന്നു. ഹസ്സനെ മോചിപ്പിക്കാന്‍ വലിയ തുക അറക്കല്‍ രാജവംശം വാഗ്ദാനം ചെയ്‌തെങ്കിലും പോര്‍ച്ചുഗീസുകാര്‍ നിരസിച്ചു. കാരണം അവര്‍ക്ക് പണത്തേക്കാള്‍ പ്രധാനം പ്രദേശം പിടിച്ചടക്കാന്‍ ആവശ്യമായ പ്രതിരോധങ്ങള്‍ ഇല്ലാതാക്കുക എന്നതായിരുന്നു. രണ്ടാഴ്ചയോളം തടവില്‍ പാര്‍പ്പിച്ച ശേഷമാണ് ഹസ്സനെ പോര്‍ച്ചുഗീസുകാര്‍ തൂക്കിലേറ്റിയത്.'

വാസ്‌കോ ഡി ഗാമയായിരുന്നു ഹസനെ പിടികൂടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ഹസനെ തടവിലാക്കിയതിന് പിന്നാലെ 1524 ഡിസംബര്‍ 24ന് വാസ്‌കോ ഡി ഗാമ മരിച്ചു. ശേഷം കുപ്രസിദ്ധ കടല്‍ കൊള്ളക്കാരനായി അറിയപ്പെട്ടിരുന്ന ഡോണ്‍ ഡുവാര്‍ട്ടെ ഡി മെനെസെസിന്റെ മകന്‍ ഹെന്റിക് ഡി മെനെസെസ് വാസ്‌കോ ഡി ഗാമയുടെ അധികാരങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. ഹെന്റിക് ഡി മെനെസെസിന്റെ ആദ്യ തീരുമാനങ്ങളില്‍ ഒന്നായിരുന്നു ഹസ്സനെ തൂക്കിലേറ്റുക എന്നത്. ഇന്നത്തെ കണ്ണൂര്‍ സിറ്റി ജുമ മസ്ജിദിലാണ് ബലിയ ഹസ്സനെ ഖബറടക്കിയിരിക്കുന്നത്.

ഹസ്സന്റെ തുക്കിലേറ്റിയതോടെ അറക്കല്‍ അലി രാജയുടെ സൈനിക ശക്തി ക്ഷയിച്ചു. ഇതിനൊപ്പം അറക്കല്‍ - കോലത്തിരി ബന്ധത്തിലും ഉലച്ചിലുണ്ടായി. തുര്‍ച്ചയായ സംഘര്‍ഷങ്ങള്‍ക്ക് കൂടിയായിരുന്നു ഇത് വഴിവച്ചത്. ഹസ്സന്‍ നടത്തിയ പോരാട്ടങ്ങളുടെയും പോര്‍ച്ചുഗീസ് - കോലത്തിരി ബന്ധത്തെ കുറിച്ചും ഡച്ച് രേഖകളിലും പരാമര്‍ശങ്ങളുണ്ട്.

അതേസമയം, 500 വര്‍ഷങ്ങള്‍ക്കിപ്പുറം ബലിയ ഹസ്സന്റെ ചരിത്രത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ക്ക് വഴിതുറക്കുകയാണ്. 'ശഹീദ് ബലിയ ഹസ്സന്‍: ധീര രക്തസാക്ഷിത്വത്തിന്റെ 500 വര്‍ഷങ്ങള്‍' എന്ന പേരില്‍ കണ്ണൂര്‍ സിറ്റി ഹെറിറ്റേജ് ഫൗണ്ടേഷനും പ്രവാസി സാമൂഹ്യ - സാംസ്‌കാരിക സംഘങ്ങളും ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.

ഇന്ത്യയിലേക്കുള്ള കടല്‍ പാത കണ്ടെത്തിയ മഹാനായ നാവികന്‍ എന്ന നിലയില്‍ വാസ്‌കോ ഡി ഗാമയെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നു. ഈ ചരിത്രത്തിന് മറ്റൊരു ഇരുണ്ട വശമുണ്ടെന്നാണ് ബലിയ ഹസന്റെ ജീവിതം നമ്മളെ ബോധ്യപ്പെടുത്തുന്നത്. ഹസ്സന്‍ ഉള്‍പ്പെടെ മലബാറിലെ എണ്ണമറ്റ പോരാളികളുടെ രക്തച്ചൊരിച്ചിലും കഷ്ടപ്പാടും പലപ്പോഴും അവഗണിക്കുന്നു. വലിയ ഹസ്സന്റെ എന്ന പേര് ഔദ്യോഗിക ഇന്ത്യന്‍ രേഖകളൊന്നുമില്ലെന്നത് ഇതിന് ഉദാഹരണമാണെന്ന് കണ്ണൂര്‍ സിറ്റി ഹെറിറ്റേജ് ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷിഹാദ് പറയുന്നു.

'കൊളോണിയല്‍ ഭാഷ്യത്തിന് അപ്പുറത്ത് നിന്നും ചരിത്രം പുനഃപരിശോധിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കണ്ണൂര്‍ സര്‍വകലാശാലയിലെ ചരിത്ര വകുപ്പുമായി സഹകരിച്ച് ഹസ്സന്‍ ഉള്‍പ്പെടെയുള്ളവരെ അടയാളപ്പെടുത്തുന്ന പുസ്തകം പുറത്തിറക്കാന്‍ പദ്ധതിയിടുന്നു. ബലിയ ഹസ്സന് സ്മാരകം സ്ഥാപിക്കാനും കണ്ണൂര്‍ കോര്‍പ്പറേഷന്‍ പദ്ധതിയുണ്ട്, 'ഷിഹാദ് കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com