അപകടത്തില്‍പ്പെട്ട ബോട്ട് കരയ്‌ക്കെത്തിക്കുന്നു/ ടെലിവിഷന്‍ ദൃശ്യം
അപകടത്തില്‍പ്പെട്ട ബോട്ട് കരയ്‌ക്കെത്തിക്കുന്നു/ ടെലിവിഷന്‍ ദൃശ്യം

അനുവദനീയമായതിലും കൂടുതല്‍ പേര്‍ കയറി; ബോട്ടില്‍ സുരക്ഷാ ഉപകരണങ്ങള്‍ ഉണ്ടായിരുന്നില്ല;  അടിയന്തര നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

നാസര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. രാത്രി ഏഴിനും ഏഴരയ്ക്കും ഇടയിലായിരുന്നു അപകടം. 
Published on

മലപ്പുറം: താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ടില്‍ അനുവദനീയമായതിലും കുടുതല്‍ പേരെ കയറ്റിയതാണ് അപകടകാരണമെന്ന് റിപ്പോര്‍ട്ട്. ബോട്ടില്‍ യാതൊരു സുരക്ഷാ ഉപകരണങ്ങളും ഇല്ലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. നാസര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. രാത്രി ഏഴിനും ഏഴരയ്ക്കും ഇടയിലായിരുന്നു അപകടം. 

അപകടത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. നാലു കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ബോട്ടില്‍ അന്‍പതോളം പേരുണ്ടായിരുന്നതായാണ് വിവരം. ഇരുപതോളം പേരെ രക്ഷപ്പെടുത്തി.  ഇവരെ പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, കോട്ടക്കല്‍, താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനു വെളിച്ചക്കുറവ് പ്രതിസന്ധിയായെന്നു നാട്ടുകാര്‍ പറഞ്ഞു. 

കടലും കായലും സംഗമിക്കുന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ഇവിടെനിന്ന് വിനോദയാത്രയ്ക്ക് പുറപ്പെട്ട ബോട്ട് അവസാന ട്രിപ്പിനിടെയാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടവിവരം പുറത്തറിഞ്ഞപ്പോഴേക്കും വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. ഫയര്‍ഫോഴ്സ് എത്തുന്നതിന് മുമ്പുതന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ചെറിയ തോണികള്‍ ഉപയോഗിച്ചായിരുന്നു നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം. 

പിന്നാലെ കോഴിക്കോടുനിന്നും മലപ്പുറത്തുനിന്നുമുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളും ദുരന്തനിവാരണ സേനയും രംഗത്തെത്തി. ബോട്ട് ഉയര്‍ത്താനും കരയിലേക്ക് എത്തിക്കാനുള്ള ശ്രമവും പിന്നീടാണ് നടന്നത്.

ഏകോപിതമായി അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മുഴുവന്‍ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടല്‍ നടന്നു വരികയാണ്. താനൂര്‍, തിരൂര്‍ ഫയര്‍ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

മന്ത്രിമാരായ പിഎമുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങി. ഇതു പിന്നീട് ഉയര്‍ത്തി കരയ്ക്കടുപ്പിച്ചു. പരപ്പനങ്ങാടി, താനൂര്‍ നഗരസഭകളുടെ അതിര്‍ത്തിയിലാണ് ഒട്ടുംപുറം തൂവല്‍തീരം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com