

ന്യൂഡൽഹി: സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടത്തുമെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കോവിഡ് വ്യാപനം പരിഗണിച്ച് നിലവിലുള്ള 25,000 ബൂത്തുകൾക്കൊപ്പം 15,000 അനുബന്ധ ബൂത്തുകൾ കൂടി സജ്ജീകരിക്കാൻ തീരുമാനിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ അറിയിച്ചു.
ഓരോ ബൂത്തിലും 500 മുതൽ 1000 വരെ വോട്ടർമാർ മാത്രം. പോളിങ് സമയം ഒരു മണിക്കൂർ കൂടി നീട്ടും. കോവിഡ് പോസിറ്റീവായവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും അവസാന മണിക്കൂറിൽ വോട്ടു ചെയ്യാം. മുതിർന്ന പൗരന്മാർക്കും മറ്റുമുള്ള തപാൽ വോട്ടുകളുടെ പോളിങ് സുതാര്യമായി നടത്തണമെന്നു വിവിധ രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കമ്മീഷൻ കണക്കിലെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ ഉത്സവങ്ങളും പ്രാദേശിക ആഘോഷങ്ങളും വിദ്യാർഥികളുടെ പരീക്ഷകളും കണക്കിലെടുത്ത് തെരഞ്ഞെടുപ്പിന്റെ തീയതി കമ്മീഷൻ പിന്നീടു ഡൽഹിയിൽ പ്രഖ്യാപിക്കും.
മലപ്പുറം, പാലക്കാട്, വയനാട് ജില്ലകൾ പ്രശ്നബാധിതമാണെന്നു സുനിൽ അറോറ അറിയിച്ചു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കഴിഞ്ഞ വർഷം സെപ്റ്റംബറിലെ റിപ്പോർട്ട് പ്രകാരമാണ് ഇത്. ഈ ജില്ലകളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ഉന്നയിക്കുമ്പോൾ അതു ക്രമസമാധാന പ്രശ്നമാണെങ്കിൽ മാത്രമേ ഇടപെടൂ എന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates