

മലപ്പുറം: രാഷ്ട്രീയത്തില്‍ മലപ്പുറത്തിന്റെ നിറം പച്ചയാണ്, ചുരുങ്ങിയ സാഹചര്യത്തില്‍ മാത്രമാണ് മലപ്പുറം ചുവന്നിട്ടുള്ളത്. ചുവപ്പ് പച്ച തൊടാത്ത മലപ്പുറത്ത് ഒരു ചുവന്ന തുരുത്തുണ്ട്. സോവിയറ്റ് യൂണിയന്റെ വിപ്ലവതലസ്ഥാനത്തിന്റെ പേരുള്ള നാട്, മോസ്‌കോ. ഇരിമ്പിളിയം പഞ്ചായത്തിലെ 12ാം വാര്‍ഡ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രം എന്ന നിലയിലാണ് ഈ പ്രദേശത്തിന് മോസ്‌കോ എന്ന പേര് വന്നത്. പതിറ്റാണ്ടുകളായി ഇരിമ്പിളിയം പഞ്ചായത്ത് ലീഗിനും കോണ്‍ഗ്രസിനും ഒപ്പം നിലകൊണ്ടപ്പോഴും മോസ്‌കോയില്‍ ഇപ്പോഴും ഇടത് പക്ഷത്തിനാണ് മേല്‍ക്കൈ.
1950-കളിലാണ് ഇരിമ്പിളിയത്തെ മോസ്‌കോയുടെ ചരിത്രം ആരംഭിക്കുന്നത്. അയ്യപ്പന്‍ എന്ന തയ്യല്‍ക്കാരനില്‍ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. ''കമ്മ്യൂണിസത്തെക്കുറിച്ച് വലിയ അറിവുള്ള സോഷ്യലിസ്റ്റായിരുന്നു അയ്യപ്പന്‍. തന്റെ തയ്യല്‍ക്കടയിലിരുന്ന് സോഷ്യലിസം, പഴയ സോവിയറ്റ് യൂണിയന്‍, ചൈന, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ എന്നിവയെ കുറിച്ച് അയ്യപ്പന്‍ വിവരണങ്ങള്‍ നല്‍കും. ഇരിമ്പിളിയത്തെ വലിയൊരു സംഘം യുവാക്കള്‍ ആദ്യമായി കമ്യൂണിസത്തെ കുറിച്ച് പഠിച്ചത് അദ്ദേഹത്തിലൂടെ ആയിരുന്നു. പിന്നീട് പലരും ആ വഴി തന്നെ തെരഞ്ഞെടുത്തു.'' വാര്‍ഡ് അംഗവും മുതിര്‍ന്ന സിപിഎം നേതാവുമായ ബാലചന്ദ്രന്‍ വിശദീകരിച്ചു.
1962-ല്‍ ഒരു കൂട്ടം യുവ സഖാക്കള്‍ വിജയ കലാ സമിതി എന്ന പേരില്‍ ഒരു ക്ലബ് തുടങ്ങി. അവരാണ് ഈ സ്ഥലത്തിന് സോവിയറ്റ് യൂണിയന്റെയും ഇപ്പോള്‍ റഷ്യന്‍ തലസ്ഥാനവുമായി മോസ്‌കോ എന്ന പേര് നല്‍കിയത്. 2015 വരെ ഈ വാര്‍ഡില്‍ കമ്മ്യൂണിസ്റ്റ് അംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ സിപിഎമ്മിന് കീഴിലാണ് പ്രദേശത്തെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ക്ലബുകള്‍ യുവജന സംഘങ്ങള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു. മോസ്‌കോ ജംഗ്ഷനില്‍ ജനകീയ വേദി എന്നൊരു സ്ഥലമുണ്ട്, രാഷ്ട്രീയവും സാമൂഹിക പ്രശ്‌നങ്ങളും ആളുകള്‍ ചര്‍ച്ച ചെയ്യുന്ന സ്ഥലമാണിത്. ജനങ്ങളില്‍ നിന്നും ഫണ്ട് ശേഖരിച്ച് പാര്‍ട്ടി ഓഫീസും ഇവിടെ നിര്‍മ്മിക്കുന്നുണ്ട്,' ബാലചന്ദ്രന്‍ പറഞ്ഞു.
അടിയുറച്ച ഇടതു പാരമ്പര്യം അവകാശപ്പെടുമ്പോഴും തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഒരിക്കല്‍ മോസ്‌കോ സിപിഎമ്മിനെ കൈവിട്ടിട്ടുണ്ട്. 2015 ലെ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് വിജയം നേടിയത്. സാമ്പത്തിക സ്വാധീനമാണ് അന്നത്തെ പരാജയത്തിന് കാരണം എന്നാണ് ഇന്നും സിപിഎം വിശ്വസിക്കുന്നത്. എന്നാല്‍ 2020 ല്‍ വാര്‍ഡ് തിരിച്ച് പിടിച്ചു. മികച്ച ഭൂരിപക്ഷത്തിലാണ് താന്‍ വാര്‍ഡ് പ്രതിനിധിയായത് എന്നും ബാലചന്ദ്രന്‍ പറയുന്നു. ഇത്തവണ ഇത്തവണ മോസ്‌കോ സ്ത്രീ സംവരണ വാര്‍ഡാണ്. നഴ്‌സറി സ്‌കൂള്‍ അധ്യാപികയും പ്രദേശത്ത് സുപരിചതയുമായ ദിവ്യ ആനന്ദാണ് സിപിഎമ്മിന് വേണ്ടി പോരാട്ട രംഗത്തുള്ളത്. പ്രചാരണത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിക്കഴിഞ്ഞു, മോസ്‌കോയുടെ ഇടത് പാരമ്പര്യം തുടരുമെന്ന് ഉറപ്പാണെന്നും ബാലചന്ദ്രന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates