shine tom chacko
രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍, ഷൈന്‍ ടോം ചാക്കോ

'ഓടിയതിന്റെ കാരണം വ്യക്തമാക്കണം', ഷൈനിനെ ഇന്ന് ചോദ്യം ചെയ്യും; ചോദ്യാവലി തയ്യാറാക്കി പൊലീസ്

ഷൈന്‍ മൂന്ന് മണിക്ക് പൊലീസിന് മുന്നിലെത്തുമെന്ന് കുടുംബം
Published on

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും. ഹോട്ടല്‍ മുറിയില്‍ ഇറങ്ങിയോടിയതിന് പിന്നില്‍ എന്താണ് കാരണം എന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ നോട്ടീസ് പ്രകാരമാണ് നടപടി. ഷൈന്‍ മൂന്ന് മണിക്ക് പൊലീസിന് മുന്നിലെത്തുമെന്ന് കുടുംബം വ്യക്തമാക്കി.

ഷൈനിന്റെ രക്ഷപ്പെടലിന് പിന്നിലെ കാരണം കൃത്യമായി ചോദിച്ചറിയാന്‍ ആണ് പൊലീസിന്റെ നീക്കം. ഇതിനായി ഷൈനിന്റെ ഒരു കഴിഞ്ഞ ഒരുമാസത്തെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പൊലീസ് സംഘം പരിശോധിച്ചതായാണ് വിവരം. ഇക്കാലയളവില്‍ ഷൈന്‍ താമസിച്ച ആറ് ഹോട്ടലുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് സംഘം പരിശോധിച്ചിട്ടുണ്ട്. ചോദ്യാവലി ഉള്‍പ്പെടെ തയ്യാറാക്കിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഒരുങ്ങുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ചോദ്യം ചെയ്യലിനെ നേരിടാന്‍ ഷൈന്‍ അഭിഭാഷകരുടെ സഹായം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ ഹാജരായി വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ട് എറണാകുളം നോര്‍ത്ത് പൊലീസ് ഷൈന്‍ ടോം ചാക്കോയുടെ തൃശൂരിലെ വീട്ടിലെത്തി നോട്ടീസ് നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ 10 മണിക്ക് ഹജാരാകാനാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നത്. പിന്നാലെയാണ് വൈകീട്ട് ഹാജരാകും എന്ന് വ്യക്തമാക്കി കുടുംബം രംഗത്തെത്തിയത്. കേസ് വെറും ഓലപ്പാമ്പാണെന്നും നാളെ വൈകിട്ട് മൂന്ന് മണിക്ക് ഷൈന്‍ ഹാജരാകുമെന്നും കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.

ലഹരി പരിശോധനയ്ക്കായി ഡാന്‍സാഫ് സംഘം ഹോട്ടലിലെത്തിയപ്പോള്‍ എന്തിനാണ് ഓടി രക്ഷപെട്ടത് എന്ന ചോദ്യത്തിനാണ് പൊലീസ് പ്രധാനമായും ഉത്തരം തേടുക. സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തില്‍ ആയിരിക്കും ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യുക. ഷൈന്‍ രക്ഷപ്പെട്ടതിന് പിന്നാലെ ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ നിന്നും ലഹരി വസ്തുക്കള്‍ ഒന്നും കണ്ടെത്താനായിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com