

കോഴിക്കോട്: ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ പൊലീസ് രക്ഷിച്ചു. കോഴിക്കോട് വെള്ളയിലാണ് സംഭവം. ഭാര്യയെ താന്‍ കൊലപ്പെടുത്തി എന്ന് പറഞ്ഞ് വെള്ളയില്‍ സ്വദേശി സക്കീര്‍ (49) പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ ഭാര്യയ്ക്ക് ജീവനുണ്ടായിരുന്നു. ഉടന്‍ അവരെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചു. കഴുത്ത് ഞെരിച്ച് ഭാര്യയെ കൊന്നെന്നായിരുന്നു സക്കീറിന്റെ മൊഴി. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തു.
കുടുംബവഴക്കിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് സക്കീര്‍ ഭാര്യ നസീലയുടെ കഴുത്തുഞെരിച്ചത്. അബോധാവസ്ഥയിലായ ഭാര്യ മരിച്ചെന്നും താന്‍ കൊലപ്പെടുത്തിയതാണെന്നും കരുതിയാണ് സക്കീര്‍ കീഴടങ്ങാനായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. ഭാര്യയെ കൊന്നുവെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
ഉടന്‍ തന്നെ സക്കീറിനെ സ്റ്റേഷനില്‍ ഇരുത്തി രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ സക്കീറിന്റെ വീട്ടിലേക്ക് എത്തി. ബന്ധുക്കളെയും അയല്‍വാസികളെയും വിളിച്ച് വീട്ടില്‍ പരിശോധന നടത്തി. നസീലയ്ക്ക് ജീവനുണ്ടെന്ന് ബോധ്യപ്പെട്ടയുടന്‍ ബന്ധുക്കളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക പരിശോധനയില്‍ പള്‍സും രക്തസമ്മര്‍ദവും ഉയര്‍ന്ന നിലയിലായിരുന്നു. ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ ഓക്സിജന്‍ നല്‍കുകയും തുടര്‍വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
നസീലയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ടെങ്കിലും നിലവില്‍ അപകടാവസ്ഥ തരണം ചെയ്തതായി വെള്ളയില്‍ പൊലീസ് അറിയിച്ചു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഇവരെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. മത്സ്യത്തൊഴിലാളിയാണ് സക്കീര്‍. ഇയാളെ റിമാന്‍ഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates