

കൊച്ചി: ദേശിയ പാതകളിലെ ടോൾ പ്ലാസകളിൽ ഇന്നു മുതൽ ഫാസ്ടാഗ് നിർബന്ധമാക്കി. ഇനിമുതൽ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ ഇരട്ടിത്തുക ടോൾ നൽകേണ്ടതായി വരും. മൂന്ന് മാസമായി നീട്ടി നൽകിയ ഇളവാണ് ഇതോടെ അവസാനിക്കുന്നത്. ഇനി നീട്ടി നൽകില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷം ജനുവരി ഒന്നിനാണ് ഫാസ്ടാഗ് നടപ്പാക്കുന്നത്. തുടർന്ന് ഇളവുകൾ നൽകി. 2021 ജനുവരി ഒന്നു മുതൽ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ നേരത്തെയുള്ള ഉത്തരവ്. പിന്നീടത് ഫെബ്രുവരി 15-ലേക്ക് നീട്ടുകയായിരുന്നു. വാഹനങ്ങളിൽ ഫാസ്ടാഗ് ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിലും പ്രവർത്തിക്കാത്ത ഫാസ്ടാഗാണെങ്കിലും പിഴ നൽകേണ്ടി വരും. ഇരട്ടി നിരക്കിന് തുല്യമായ പിഴയായിരിക്കും ചുമത്തുകയെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
വാഹന ഉടമകൾ മുൻകൂർ പണമടച്ച് എടുക്കുന്ന പ്രത്യേക അക്കൗണ്ടാണ് ഫാസ്ടാഗ്. വാഹനം ടോൾ പ്ലാസയുടെ നിശ്ചിത ദൂരത്തെത്തുമ്പോൾ, വിൻഡ് സ്‌ക്രീനിൽ പതിപ്പിച്ച ഇലക്‌ട്രോണിക് ചിപ്പിലൂടെ ടോൾ പ്ലാസയിലെ സ്കാനർ വിവരങ്ങൾ ശേഖരിക്കും. തുടർന്ന് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷനിലൂടെ ടോൾ തുക ഈടാക്കും. വാഹനം ടോൾ പ്ലാസ കടക്കുമ്പോൾത്തന്നെ ഈടാക്കിയ തുകയുടെ വിവരം ഉടമയുടെ മൊബൈലിലെത്തും. ഇതിലൂടെ മൂന്ന് സെക്കന്റുകൊണ്ട് പണമടച്ച് ടോൾപ്ലാസ കടക്കാനാവും.
ദേശീയ പാതകളിലെ എല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് സംവിധാനമുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഡിജിറ്റൽ പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനും കാത്തിരിപ്പ് സമയവും ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും ടോൾ പ്ലാസകളിലൂടെ തടസമില്ലാതെ കടന്നു പോകുന്നതിനും ഫാസ്ടാഗിലേക്കുള്ള മാറ്റം സഹായിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates