

കാസര്‍കോട്: കേരളത്തിന്റെ കടുത്ത എതിര്‍പ്പുകളും പ്രതിഷേധങ്ങളും മറികടന്ന്, മംഗളൂരുവിന് ദക്ഷിണ റെയില്‍വേയുമായുള്ള നൂറ്റാണ്ട് പഴക്കമുള്ള ബന്ധം ഇന്ന് പൂര്‍ണമായി അവസാനിക്കും. വ്യാഴാഴ്ച മുതല്‍ മംഗളൂരു മേഖല സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ മൈസൂരു ഡിവിഷന്റെ ഭാഗമായി മാറും. മംഗളൂരു സ്വദേശികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയ്ക്ക് കീഴിലാകുന്നതോടെ മംഗളൂരു മേഖലയിലെ ഭരണം കുറച്ചുകൂടി എളുപ്പത്തിലാകും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിഭജനം പിന്‍വലിക്കാന്‍ റെയില്‍വേ വിസമ്മതിച്ചത്.
ബുധനാഴ്ചയോടെ റെയില്‍വേ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം മൈസൂരു ഡിവിഷന് കൈമാറി. സെപ്റ്റംബര്‍ 28, 29 തീയതികളില്‍ രണ്ടുദിവസത്തെ മേല്‍നോട്ടത്തിന് ശേഷം റെയില്‍വേ കണ്‍ട്രോളര്‍മാര്‍ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ ചുമതലയേറ്റെടുത്തു. ഭരണപരമായ കാര്യങ്ങളുടെ കൈമാറ്റം കൂടി പൂര്‍ത്തിയാകുന്നതോടെ നടപടികള്‍ പൂര്‍ണമാകും.
ഇന്നുമുതല്‍ കര്‍ണാടകയിലെ ദക്ഷിണ കന്നഡയിലുള്ള ഉല്ലാള്‍ സ്റ്റേഷനിലേക്കുള്ള പാതയായിരിക്കും ദക്ഷിണ റെയില്‍വേയുടെ വടക്കന്‍ അതിര്‍ത്തി. ഓഗസ്റ്റ് 21നാണ് മംഗളൂരു സെന്‍ട്രല്‍, മംഗളൂരു ജങ്ഷന്‍ ടെര്‍മിനലുകള്‍, ഗുഡ്സ് ഷെഡ്, മാര്‍ഷലിങ് യാര്‍ഡുകള്‍, ഏകദേശം 38 റൂട്ട് കിലോമീറ്റര്‍ പാത എന്നിവയെ ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷനില്‍ നിന്ന് വേര്‍പെടുത്തി റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കിയത്.
2024ല്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നെങ്കിലും, കേന്ദ്രത്തിന്റെ പെട്ടെന്നുള്ള ഉത്തരവും ഏതാനും മണിക്കൂറുകള്‍ക്കകം വന്ന ഗസറ്റ് വിജ്ഞാപനവും സംസ്ഥാന സര്‍ക്കാരിനെയും ജനപ്രതിനിധികളെയും അമ്പരപ്പിച്ചു. ദക്ഷിണ കന്നഡ എംപി ബ്രിജേഷ് ചൗട്ടയുടെ വലിയ രാഷ്ട്രീയ വിജയമായാണ് കന്നഡ മേഖലയില്‍ ഇത് ആഘോഷിക്കപ്പെടുന്നത്. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സെപ്റ്റംബര്‍ 21ന് അവസാനവട്ട ശ്രമമെന്ന നിലയില്‍ എംപിമാര്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടെങ്കിലും 2014ന് ശേഷം സംസ്ഥാനത്ത് നടപ്പിലാക്കിയ റെയില്‍വേ വികസനങ്ങളെക്കുറിച്ച് സംസാരിക്കുക മാത്രമാണ് മന്ത്രി ചെയ്തത്.
റെയില്‍വേ മന്ത്രാലയത്തിന്റെ പിടിവാശി മലബാറിലെ റെയില്‍വേ യാത്രക്കാരുടെ കൂട്ടായ്മകളില്‍ വന്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. വിഭജനം മൂലമുണ്ടാകുന്ന നഷ്ടം നികത്താന്‍ മലബാറിലെ റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പ്രത്യേക പാക്കേജ് ആവശ്യപ്പെടാന്‍ സംഘടനകള്‍ എം.പിമാരോട് ആവശ്യപ്പെട്ടു. റെയില്‍വേ മാപ്പ് പുനര്‍നിര്‍ണയിച്ചതോടെ പാലക്കാട് ഡിവിഷന് പ്രതിവര്‍ഷം 1,650 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകും. അതേസമയം, മലബാറില്‍ കൂടുതല്‍ ടെര്‍മിനല്‍ സൗകര്യങ്ങള്‍ വികസിപ്പിക്കാനും, ലഭ്യമായ സ്റ്റേഷനുകള്‍ ഉപയോഗിച്ച് വരുമാനം വര്‍ധിപ്പിക്കാനും ദക്ഷിണ റെയില്‍വേ ഇനി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജീവനക്കാരെ പുനര്‍വിന്യസിച്ചു
പുനഃസംഘടനയുടെ ഭാഗമായി മംഗളൂരു ജങ്ഷനിലെ റണ്ണിങ് ക്രൂവിനെ ദക്ഷിണ റെയില്‍വേ കണ്ണൂര്‍, കോഴിക്കോട് സ്റ്റേഷന്‍ ഡിപ്പോകളിലേക്ക് മാറ്റി. സെപ്റ്റംബര്‍ 23ലെ ഉത്തരവ് പ്രകാരം 10 സെറ്റ് ഗുഡ്സ് ട്രെയിന്‍ ക്രൂവിനെ കണ്ണൂരിലേക്കും 28 സെറ്റുകളെ കോഴിക്കോട്ടേക്കും മാറ്റി. കൂടാതെ 10 ട്രെയിന്‍ മാനേജര്‍മാരെ കണ്ണൂരിലേക്കും 9 പേരെ കോഴിക്കോട്ടേക്കും പുനര്‍വിന്യസിച്ചിട്ടുണ്ട്.
അവസാനിക്കുന്ന ചരിത്രബന്ധം
ഇന്ത്യന്‍ റെയില്‍വേയിലെ ചുരുക്കം ചില 'ഡെഡ്-എന്‍ഡ്' ടെര്‍മിനലുകളില്‍ ഒന്നാണ് മംഗളൂരു സെന്‍ട്രല്‍. ചരിത്രപ്രസിദ്ധമായ മദ്രാസ്-മംഗലാപുരം റെയില്‍വേ ലൈന്‍ ഔദ്യോഗികമായി അവസാനിച്ചിരുന്നത് ഈ സ്റ്റേഷനിലായിരുന്നു.
1907ല്‍ മദ്രാസ് റെയില്‍വേ കമ്പനിയാണ് മംഗളൂരു സെന്‍ട്രല്‍ (അന്ന് മംഗലാപുരം റെയില്‍വേ സ്റ്റേഷന്‍) തുറന്നത്. 'മദ്രാസില്‍ നിന്ന് 550 മൈല്‍' എന്ന് രേഖപ്പെടുത്തിയ ചരിത്രപരമായ നാഴികക്കല്ല് ഇന്നും ഈ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലുണ്ട്.
ബ്രിട്ടീഷ് മലബാറിനെയും ദക്ഷിണ കന്നഡയുടെ തീരദേശ ജില്ലകളെയും നേരിട്ട് മദ്രാസുമായി ബന്ധിപ്പിച്ചിരുന്ന ഈ പാത ഇരുപ്രദേശങ്ങളും തമ്മിലുള്ള വലിയ രീതിയിലുള്ള വ്യാപാര-സാംസ്‌കാരിക ബന്ധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
1915ല്‍ 'കങ്കനാടി' എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങിയ മംഗളൂരു ജങ്ഷന്‍, 1993ല്‍ കൊങ്കണ്‍ റെയില്‍വേ പാതയും 2007ല്‍ മംഗളൂരു-ബംഗളൂരു പാതയും പൂര്‍ത്തിയായതോടെയാണ് പ്രമുഖ ടെര്‍മിനലായി മാറിയത്. 2007ല്‍ മംഗളൂരു ജങ്ഷന്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട സ്റ്റേഷന്‍ 2023നും 2025നും ഇടയില്‍ വന്‍തോതില്‍ നവീകരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates