

മലബാറില്‍ റോമന്‍ കത്തോലിക്കാ മിഷനറിയായ ഫ്രാന്‍സിസ് സേവ്യര്‍ മതം മാറ്റ ശ്രമങ്ങള്‍ നടത്തിയതിനെക്കുറിച്ച് കുറിപ്പുമായി എഴുത്തുകാരന്‍ മനോജ് ബ്രൈറ്റ്. അന്നത്തെ മലബാറില്‍ നിന്ന് റോമിലെ സൊസൈറ്റി ഓഫ് ജീസസിന് മലബാറിലെ തന്റെ ക്രിസ്തുമത പരിവര്‍ത്തന ശ്രമങ്ങളെക്കുറിച്ച് ഫ്രാന്‍സിസ് സേവ്യര്‍ എഴുതിയ കത്തിലെ വിവരങ്ങളാണ് കുറിപ്പിലുള്ളത്. പലപ്പോളും മാമോദീസ മുക്കി തന്റെ കൈകള്‍ തളര്‍ന്ന്, പലപ്പോളും ഉപയോഗശൂന്യമായി പോയെന്നാണ് ഫ്രാന്‍സിസ് സേവറുടെ കത്തിലുള്ളത്. പലപ്പോളും ഒരു ദിവസം കൊണ്ട് ഒരു ഗ്രാമം മുഴുവന്‍ മാമോദീസ കൊടുത്തിട്ടുണ്ട്. ചിലപ്പോള്‍ മതപ്രമാണങ്ങള്‍ ആവര്‍ത്തിച്ച് ഒച്ചയും ശക്തിയും ക്ഷയിച്ചു പോയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.
എന്നാല്‍ ഒരു തരത്തിലും മതം മാറ്റാന്‍ കഴിയാത്തവര്‍ ബ്രാഹ്മണര്‍ എന്ന കൂട്ടരാണ് എന്ന് ഫ്രാന്‍സിസ് സേവ്യര്‍ പറയുന്നു. ഗ്രാമങ്ങള്‍ അപ്പാടെ മതം മാറ്റിയ സേവ്യര്‍ക്ക് ആകെ ഒരു ബ്രാഹ്മണനെയാണ് ക്രിസ്ത്യാനിയാക്കാന്‍ പറ്റിയുള്ളൂവെന്നാണ് കത്തില്‍ പറയുന്നത്. എന്നാല്‍ കേരളത്തിലെ ക്രിസ്ത്യാനികളെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത് അവരൊക്കെ പണ്ട് ബ്രാഹ്മണരായിരുന്നു എന്നാണെന്നും മനോജ് ബ്രൈറ്റ് കത്തിലെ വരികള്‍ക്കൊപ്പം കുറിപ്പിനൊപ്പം പറഞ്ഞുവെക്കുന്നു.
ബ്രാഹ്മണരുടെ അമ്പലത്തില്‍ ഇതരമതസ്ഥര്‍ക്ക് പ്രവേശം നിഷേധിച്ചതായി രേഖകളിലില്ലെന്നും ബ്രാഹ്മണരുടെ ക്ഷേത്രത്തില്‍ ഞങ്ങള്‍ മാത്രം പ്രവേശിച്ചാല്‍ മതി എന്ന ആചാരം തുടങ്ങിയത് എപ്പോള്‍ മുതലായിരിക്കുമെന്നും മനോജ്‌ബ്രൈറ്റ് ചോദിക്കുന്നു.
സെന്റ്‌റ് ഫ്രാന്‍സിസ് സേവ്യര്‍ 1543ല്‍ മലബാറിലെത്തുന്നത് ക്രിസ്ത്യാനികളായി മതം മാറിയ പരവരെ മതം പഠിപ്പിക്കാനാണ്. കേരളത്തില്‍ പലയിടത്തുനിന്നും പൊട്ടിയ വിഗ്രഹങ്ങള്‍ കിട്ടാറുണ്ട്. നമ്മുടെ ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ അതൊക്കെ ബുദ്ധ വിഗ്രഹങ്ങളും, അവ തകര്‍ത്തത് ബ്രാഹ്മണരുമാണ്. ഇത് ശരിയാണെങ്കില്‍ ഫ്രാന്‍സിസ് സേവ്യറുടെ പ്രേരണയാല്‍ ക്രിസ്തുമതം സ്വീകരിച്ച അവര്‍ണ്ണര്‍ തകര്‍ത്ത അവരുടെ പ്രതിമകളുടെ അവശിഷ്ടങ്ങള്‍ എവിടെ? അവര്‍ ഫ്രാന്‍സിസ് സേവ്യറുടെ പ്രേരണയാല്‍ പുതു ക്രിസ്ത്യാനികള്‍ തന്നെ തകര്‍ത്തതാണെങ്കില്‍ നമ്മുടെ ചരിത്രകാരന്മാരുടെ ബ്രാഹ്മണ തിയറി? എന്താണെന്നും മനോജ് ബ്രൈറ്റ് ചോദിക്കുന്നു.
ഫ്രാന്‍സിസ് സേവ്യര്‍ കത്തില്‍ ബ്രാഹ്മണരുടെ അമ്പലത്തില്‍ പോയതായും അവര്‍ വളരെ ബഹുമാനപൂര്‍വ്വം തന്നെ സ്വീകരിച്ചതായും പറയുന്നുണ്ട്. ബ്രാഹ്മണര്‍ പതിവായി തനിക്ക് സമ്മാനങ്ങള്‍ അയക്കാറുണ്ടെന്നും താന്‍ സ്വീകരിക്കാതെ തിരിച്ചയക്കുകയാണ് പതിവെന്നും അദ്ദേഹം പറയുന്നു. ഇവിടെ അവരുടെ അമ്പലങ്ങളില്‍ ഇതര വിശ്വാസികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിന്റെ ഒരു സൂചന പോലുമില്ല. അതിനും നാല്‍പ്പത്തഞ്ചു വര്‍ഷം മുന്‍പ് കോഴിക്കോട് കപ്പലിറങ്ങിയ വാസ്‌കോ ഡി ഗാമ ഒരു ബ്രാഹ്മണ ക്ഷേത്രത്തില്‍ പ്രവേശിച്ച കാര്യവും ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്. അവര്‍ അദ്ദേഹത്തെ അങ്ങോട്ട് ആനയിച്ചു കൊണ്ടുപോകുകയായിരുന്നു. അപ്പോള്‍ ബ്രാഹ്മണരുടെ ക്ഷേത്രത്തില്‍ ഞങ്ങള്‍ മാത്രം പ്രവേശിച്ചാല്‍ മതി എന്ന ആചാരം തുടങ്ങിയത് എപ്പോള്‍, എന്തുകൊണ്ടായിരിക്കും?
മലബാര്‍ സന്ദര്‍ശിച്ച എല്ലാ സഞ്ചാരികളും രേഖപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. ജനങ്ങളെല്ലാം ഒരേ ദൈവങ്ങളില്‍ വിശ്വസിക്കുന്നവരാണെങ്കിലും, എല്ലാ ജാതികള്‍ക്കും വെവ്വേറെ അമ്പലങ്ങളുണ്ട്. മതം മാറിയവര്‍ തിരിച്ചു വന്നപ്പോള്‍ അവര്‍ക്ക് പൂജിക്കാന്‍ അമ്പലങ്ങളും, ദൈവങ്ങളും ഇല്ലാതായി. പാതിരിമാരുടെ വാക്കു കേട്ട് പുതു ക്രിസ്ത്യാനികള്‍ സ്വന്തം പൂജാ വിഗ്രഹങ്ങള്‍ തകര്‍ത്തതിന് പില്‍കാലത്തും വേറെ ഉദാഹരണങ്ങളുണ്ട് . മല അരയന്മാരുടെ കൈവശമുണ്ടായിരുന്ന ശബരിമലയിലെ വിഗ്രഹം തകര്‍ത്തു കളഞ്ഞിട്ടാണ് അതിന്റെ പാരമ്പര്യ അവകാശി ക്രിസ്ത്യാനിയായതെന്നും മനോജ് ബ്രൈറ്റ് കുറിപ്പില്‍ പറയുന്നു.
മനോജ് ബ്രൈറ്റിന്റെ കുറിപ്പിന് താഴെ അനുകൂലിച്ചും വിമര്‍ശിച്ചും കമന്റുകള്‍ നിറയുകയാണ്. താങ്കള്‍ അധികം താമസിയാതെ സങ്കിയായി അറിയപ്പെടുമെന്നാണ് ഒരാളുടെ കമന്റ്. ഫ്രാന്‍സിസ് സേവ്യര്‍ മതം മാറ്റം നടത്തിയവരല്ല ബ്രാഹ്മണരായ ക്രിസ്ത്യാനികള്‍ എന്നറിയപ്പെടുന്നതെന്നും തോമാശ്ലീഹ മതം മാറ്റിവരാണെന്നും കമന്റില്‍ പറയുന്നു. സവര്‍ണ ഹിന്ദുക്കള്‍ക്ക് വെള്ളക്കാരോട് ഭയങ്കര ആരാധനയാണെന്നും അന്നും ഇന്നും അങ്ങനെ തന്നെയാണെന്നാണ് മറ്റൊരു കമന്റ്. ബുദ്ധ പ്രതിമകള്‍ തകര്‍ത്തത് ഇടതു ജിഹാദി നറേറ്റീവ് ആണെന്നും ഇടതുപക്ഷ കഥകളില്‍ മാത്രമുള്ള പ്രതിഭാസമാണെന്നും പ്രതികരിച്ചിട്ടുണ്ട് ആളുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates