

കൊച്ചി: സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ (67) ചുമതലയേറ്റു. കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നടന്ന ചടങ്ങിലായിരുന്നു സ്ഥാനാരോഹണം. സിറോ മലബാര്‍ സഭാ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മുഖ്യ കാര്‍മികനായിരുന്നു.
മുഖ്യകാര്‍മികന്‍ മാര്‍ റാഫേല്‍ തട്ടിലിനെ ചുവന്ന മുടി ധരിപ്പിക്കുകയും അംശവടി നല്‍കുകയും ചെയ്തു. തുടര്‍ന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പിനായി തയ്യാറാക്കിയ പ്രത്യേകം ഇരിപ്പിടത്തിലേക്ക് അദ്ദേഹത്തെ ആനയിച്ച് ഇരുത്തി. തുടർന്ന് സ്ഥാനാരോഹണ കര്‍മത്തിന്റെ സമാപന ആശീര്‍വാദം നല്‍കി.
മെത്രാന്‍മാരും രൂപതാ പ്രതിനിധികളും സന്യാസ സഭാ സുപ്പീരിയര്‍മാരും ഉള്‍പ്പെടെയുള്ള ലളിതമായ സദസാണ് സ്ഥാനാരോഹണച്ചടങ്ങിന് സാക്ഷ്യം വഹിച്ചത്. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ് ലിയോപോള്‍ ജിറെല്ലി, ഗോവയുടെയും ഡാമന്റെയും മെത്രാപ്പൊലീത്തയും ഈസ്റ്റ് ഇന്‍ഡീസ് പാത്രിയര്‍ക്കീസുമായ കര്‍ദിനാള്‍ ഡോ. ഫിലിപ് നെരി അന്റോണിയോ സെബാസ്റ്റ്യാവോ ഡോ റൊസാരിയോ ഫെറാവോ തുടങ്ങിയവര്‍ സന്നിഹിതനായിരുന്നു.
സ്ഥാനമൊഴിഞ്ഞ ആര്‍ച്ചു ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷനും മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കണ്ണൂര്‍ ബിഷപ് ഡോ.അലക്‌സ് വടക്കുംതല തുടങ്ങിയവരും സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തു.
മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഡിസംബർ 7ന് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് സിനഡ് ചേർന്ന് പിൻഗാമിയെ തെരഞ്ഞെടുത്തത്. സിറോ മലബാർ സഭയുടെ നാലാമതു മേജർ ആർച്ച്ബിഷപ്പും മാർ ആലഞ്ചേരിക്കു ശേഷം സഭാ സിനഡ് തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ മേജർ ആർച്ച് ബഷപ്പുമാണ് മാർ റാഫേൽ തട്ടിൽ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates