

കോഴിക്കോട്: നഗരത്തിന്റെ മധ്യത്തില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ വന്‍ നാശ നഷ്ടം. കോഴിക്കോട് പുതിയ ബസ്റ്റാന്‍ഡ് പരിസരത്തെ വസ്ത്ര ഗോഡൗണ്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു തീപടര്‍ന്നത്. നാല് മണിക്കൂറോളം പണിപ്പെട്ട് രാത്രി ഒമ്പത് മണിയോടെയാണ് അഗ്നിബാധ ഭാഗികമായെങ്കിലും നിയന്ത്രണ വിധേയമാക്കിയത്. 30 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം ദൗത്യത്തില്‍ പങ്കാളികളായി.
അതിനിടെ, തീപിടിത്തത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ജില്ലാ കളക്ടര്‍ക്ക് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം.
കോഴിക്കോടെ അഗ്നിശമന സേനയ്ക്ക് പുറമെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ജില്ലയിലെ മറ്റ് യൂണിറ്റുകളില്‍ നിന്നും ഫയര്‍ എഞ്ചിന്‍ എത്തിച്ചായിരുന്നു തീയണയ്ക്കാന്‍ ശ്രമം നടത്തിയത്. നിരവധി യൂണിറ്റുകള്‍ നാല് മണിക്കൂറിലധികം പണിപ്പെട്ടിട്ടും കെട്ടിടത്തിന് ഉള്ളിലെ തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചിരുന്നില്ല. തൂണിക്കെട്ടുകള്‍ക്ക് തീപടര്‍ന്നതാണ് അഗ്നിബാധ നിയന്ത്രണാതീതമായത്. ഇതോടെ നഗരത്തില്‍ കറുത്ത പുകമൂടി.
വെള്ളം ചീറ്റിച്ച് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന തുണി പ്രതിസന്ധി സൃഷിടിച്ചു. ഇതോടെ മണ്ണുമാന്തി യന്ത്രം എത്തിച്ച് ചില്ല് പൊട്ടിച്ചു തീ അണയ്ക്കാനുളള ശ്രമം നടത്തിയ. ഈ നീക്കത്തോടെയാണ് തീ ചെറുതായെങ്കിലും നിയന്ത്രണ വിധേയമാക്കിയത്. ഇതിനിടെ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്കും തീ പടര്‍ന്നു. രണ്ടാം നിലയിലെ മരുന്ന് ഗോഡൗണിലേക്ക് ഉള്‍പ്പെടെ തീപടര്‍ന്നു. കെട്ടിടത്തിന്റെ ചുറ്റും തകര പ്ലാസ്റ്റിക് ഷീറ്റുകള്‍ ഉപയോഗിച്ചുള്ള പരസ്യ ബോര്‍ഡുകള്‍ ഉള്ളതിനാല്‍ വെള്ളം അകത്തേക്ക് എത്തിക്കുന്നതിലും അഗ്നിശമന സേന വെല്ലുവിളി നേരിട്ടു.
തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുമെന്ന് കോഴിക്കോട് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കോ മറ്റ് അപകടങ്ങളോ ഉണ്ടായിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തീ നിയന്ത്രിക്കാന്‍ ജില്ലയിലെ മുഴുവന്‍ ഫയര്‍ യൂണിറ്റും സ്ഥലത്തുണ്ട്. സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതെ തടയാന്‍ സാധിച്ചു. ശ്രമം പുരോഗമിക്കുകയാണ്. ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകിയോ എന്ന് പരിശോധിക്കും. ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ പറഞ്ഞു.
കെട്ടിടത്തിന്റെ അശാസ്ത്രീയമായ നിര്‍മിതിയാണ് തീയണയ്ക്കാന്‍ വെല്ലിവിളിയായത് എന്ന് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. ഷട്ടറുകളും ഗ്ലാസുകളും തകര്‍ത്ത ശേഷമാണ് കെട്ടിടത്തില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞത്. കെട്ടിടത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നില്ല. നാല് ഭാഗത്തുനിന്നും കെട്ടിയടച്ച രീതിയില്‍ ഇടുങ്ങിയ വഴികളോടുകൂടിയ ഗോഡൗണുമായിരുന്നു കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടത്തിന്റെ ബ്ലൂപ്രിന്റ് ഉള്‍പ്പെടെ ലഭ്യമായിരുന്നില്ലെന്നും ജില്ലാ ഫയര്‍ ഓഫീസര്‍ പ്രതികരിച്ചു.
തീപിടിത്തത്തിന് പിന്നാലെ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. ബസ്സ്റ്റാന്‍ഡ് പരിസരത്തെ റോഡ് പൂര്‍ണമായും അടച്ചായിരുന്നു നിയന്ത്രം. അഗ്നിശമന സേനയുടെ വാഹനങ്ങള്‍ മാത്രമായിരുന്നു ഈ ഭാഗത്തേക്ക് കടത്തിപിടഡ്ടത്. ഇതോടെ നഗരത്തിലെ മറ്റു ഭാഗങ്ങളില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. മുന്‍ കരുതലിന്റെ ഭാഗമായി തീപിടിച്ച കെട്ടിടത്തിന് സമീപത്തെ മുഴുവന്‍ കടകളിലുമുള്ളവരെയും പൊലീസ് ഒഴിപ്പിച്ചു. പ്രദേശത്തെ എല്ലാ കടകളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് മേയര്‍ ബീനാ ഫിലിപ്പ് അറിയിച്ചു. ഇതിനിടെ, ബസ്റ്റാന്റിനകത്ത് വലിയ ആള്‍ക്കൂട്ടം രൂപം കൊണ്ടു. ജനങ്ങളെ കയര്‍കൊണ്ട് സുരക്ഷാ വേലി കെട്ടി നിയന്ത്രിച്ചാണ് ദൗത്യം പുരോഗമിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
