

കൊല്ലം: അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരിപാടി ഉദ്ഘാടനം ചെയ്തു. നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ പറഞ്ഞു. തന്റെ ജീവിതം മുഴുവന്‍ സേവനത്തിനായി സമര്‍പ്പിച്ച അപൂര്‍വ്വ വ്യക്തികളില്‍ ഒരാളാണ് അമ്മയെന്ന് അമിത് ഷാ വിശേഷിപ്പിച്ചു.
സേവന മനസ്സ് പലര്‍ക്കുമുണ്ടെങ്കിലും അത് സ്ഥാപനവല്‍ക്കരിക്കാന്‍ വളരെ കുറച്ചുപേര്‍ക്കേ കഴിയൂ. മാതാ അമൃതാനന്ദമയി ദേവി സേവന മനസ്സ് സ്ഥാപനവല്‍ക്കരിക്കുക മാത്രമല്ല, അതിനെ ഒരു ആഗോള പ്രസ്ഥാനമായി വളര്‍ത്തുകയും ചെയ്തുവെന്ന് അമിത് ഷാ പറഞ്ഞു. സമൂഹത്തെ നിയന്ത്രിക്കുന്നതില്‍ സ്ഥാപനങ്ങളും സര്‍ക്കാരുകളും പഞ്ചായത്തുകളും കോര്‍പ്പറേഷനുകളും പങ്കുവഹിയ്ക്കുമ്പോള്‍, മനുഷ്യരെ ഒന്നിപ്പിക്കുന്നത് കാരുണ്യമാണ്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പരസ്പരം സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരാനുള്ള സഹാനുഭൂതി വളര്‍ത്തിയെടുക്കാന്‍ അമ്മ സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാതാ അമൃതാനന്ദമയി ദേവിയുമായുള്ള തന്റെ ബന്ധം അനുസ്മരിച്ച അമിത് ഷാ, 2001ലെ ഗുജറാത്ത് ഭൂചലന വേളയിലാണ് താന്‍ ആദ്യമായി അമ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുന്നതെന്ന് പറഞ്ഞു. ഭൂകമ്പ ബാധിതര്‍ക്കായി 1,200 വീടുകളും ടൗണ്‍ ഹാളും വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങളും കുടിവെള്ള-ഡ്രെയിനേജ് സംവിധാനങ്ങളും ഉള്‍പ്പെടുത്തി ഒരു ഗ്രാമം തന്നെ അവിടെ നിര്‍മ്മിച്ചു നല്‍കി. ഗുജറാത്ത് ഭൂചലനം, സുനാമി, ഉത്തരാഖണ്ഡ് ദുരന്തം, കോവിഡ് മഹാമാരി തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ മഠം നടത്തിയ ഇടപെടലുകള്‍ സേവനത്തിന്റെ വലിയ മാതൃകയാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളം 86 അമൃത വിദ്യാലയങ്ങളുടെ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തുലക്ഷത്തിലധികം വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനമാര്‍ഗ്ഗം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങളും 101 ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കാനുള്ള സംരംഭങ്ങളും പ്രശംസനീയമാണ്. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വേള്‍ഡ് പീസ് കോണ്‍ഫറന്‍സ്, വേള്‍ഡ് റിലീജിയന്‍സ് പാര്‍ലമെന്റ് തുടങ്ങിയ അന്താരാഷ്ട്ര വേദികളില്‍ സേവന സന്ദേശം എത്തിക്കാന്‍ മാതാ അമൃതാനന്ദമയി ദേവിക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ജി20 അധ്യക്ഷവേളയില്‍ സിവില്‍ 20 ചെയര്‍പേഴ്‌സണായുള്ള അമ്മയുടെ പങ്കാളിത്തവും അദ്ദേഹം അനുസ്മരിച്ചു.
വൈകാരികത, പ്രവര്‍ത്തനം, കാരുണ്യം എന്നീ മൂന്ന് ഘടകങ്ങളിലൂടെ മാതാ അമൃതാനന്ദമയി ദേവിയുടെ ജീവിത സാരം മനസ്സിലാക്കാം. ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊതുക്കാന്‍ ജീവിതം മാറ്റിവെച്ച ഒരാളുടെ ജന്മദിനം സേവനത്തിലൂടെയാണ് ആചരിക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു. 30 കോടി രൂപയുടെ സൗജന്യ ശസ്ത്രക്രിയകള്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കി വരുന്നതായും അദ്ദേഹം അറിയിച്ചു. ലോകമെമ്പാടുമുള്ള ദുരിതമനുഭവിക്കുന്ന ആളുകളിലേക്ക് അമ്മയുടെ അനുഗ്രഹം തുടര്‍ന്നും ഉണ്ടാകട്ടെയെന്നും മാതാ അമൃതാനന്ദമയി ദേവിയുടെ ദീര്‍ഘായുസിനും ആരോഗ്യത്തിനുമായി പ്രാര്‍ത്ഥിക്കുന്നതായും പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
കൊച്ചിയിലും ഫരീദാബാദിലുമുള്ള അമൃത ആശുപത്രികളില്‍ നടപ്പിലാക്കുന്ന 20 കോടി രൂപയുടെ ആരോഗ്യ പരിരക്ഷാ പദ്ധതിക്ക് ചടങ്ങില്‍ തുടക്കം കുറിച്ചു. പദ്ധതിയിലൂടെ 1,000 രോഗികള്‍ക്ക് സൗജന്യമായി വിദഗ്ധ ചികിത്സ ലഭിക്കും. അമിത് ഷാ ഗുണഭോക്താക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. ഈ പദ്ധതിയുടെ കീഴില്‍ ഗര്‍ഭപാത്ര മാറ്റിവെക്കല്‍ ശസ്ത്രക്രിയയും നടത്തും. പ്രളയക്കെടുതി നേരിടുന്ന അസമിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദമയി മഠം അസം വിദ്യാഭ്യാസ മന്ത്രി ഡോ. രണോജ് പേഗുവിന് രണ്ട് കോടി രൂപ കൈമാറി. ഈ വര്‍ഷത്തെ അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് അമിത് ഷാ സമ്മാനിച്ചു. 1,23,456 രൂപയും, ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത സരസ്വതി ശില്പവും പ്രശസ്തിപത്രവുമാണ് അടങ്ങുന്നതാണ് പുരസ്‌കാരം.
സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, വിവിധ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദ പുരി സ്വാഗതവും ജനറല്‍ സെക്രട്ടറി പൂര്‍ണാമൃതാനന്ദ പുരി നന്ദിയും പറഞ്ഞു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിക്കണക്കിന് ഭക്തരാണ് അമൃതപുരിയില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. ഞായറാഴ്ച നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍ മുഖ്യാതിഥിയാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates