

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടേയും തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോര്‍പ്പറേഷനുകളിലെ മേയര്‍ തെരഞ്ഞെടുപ്പ് രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്കും നടക്കും. കണ്ണൂര്‍, തൃശ്ശൂര്‍, കൊച്ചി കോര്‍പ്പറേഷനുകളിലെ മേയര്‍സ്ഥാനങ്ങള്‍ വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്. മുനിസിപ്പാലിറ്റി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പും ഇന്ന് നടക്കും.
തിരുവനന്തപുരം
തലസ്ഥാന നഗരസഭയില്‍ വി വി രാജേഷ് ആണ് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി. ആശാനാഥ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കും. എല്‍ഡിഎഫ് ആര്‍ പി ശിവജിയെയും യുഡിഎഫ് കെ എസ് ശബരിനാഥിനെയും മേയര്‍ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ മേരി പുഷ്പമാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി.
എന്‍ഡിഎ-50, എല്‍ഡിഎഫ്-29,യുഡിഎഫ്-19, മറ്റുള്ളവര്‍-2 എന്നിങ്ങനെയാണ് കോര്‍പ്പറേഷനിലെ കക്ഷിനില. പാറ്റൂരില്‍ നിന്നും ജയിച്ച സ്വതന്ത്രന്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ, ചരിത്രത്തിലാദ്യമായി ഒരു കോര്‍പ്പറേഷനില്‍ ബിജെപി ഭരണത്തിലേറാന്‍ സാധ്യതയേറി. വിഴിഞ്ഞം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.
കൊല്ലം
ഇടതുകോട്ടയായ കൊല്ലം പിടിച്ചെടുത്ത യുഡിഎഫ്, കോണ്‍ഗ്രസിന്റെ എ കെ ഹഫീസിനെയാണ് മേയര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്. ാമരക്കുളത്തുനിന്നുള്ള പ്രതിനിധിയാണ് ഹാഫിസ്. ഡോ. ഉദയ സുകുമാരനാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി. കന്നിമേല്‍ ഡിവിഷനില്‍ നിന്നും വിജയിച്ച പി ജി രാജേന്ദ്രനാണ് എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. എന്‍ഡിഎയുടെ മേയര്‍ സ്ഥാനാര്‍ത്ഥി ജി ഗിരീഷും ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി ബി ഷൈലജയുമാണ്.
കോര്‍പ്പറേഷനിലെ കക്ഷിനില ഇങ്ങനെ: യുഡിഎഫ്-27, എല്‍ഡിഎഫ്-16, എന്‍ഡിഎ-12, മറ്റുള്ളവര്‍-1. 56 അംഗ കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷത്തിനാവശ്യമായത് 29 അംഗങ്ങളുടെ പിന്തുണയാണ്. എന്നാല്‍ മൂന്ന് മുന്നണികള്‍ക്കും ഇത്രയും അംഗങ്ങളില്ല. ആര്‍എസ്പിയുടേയും മുസ്ലിം ലീഗിന്റേയും എതിര്‍പ്പുകള്‍ തള്ളിയാണ് മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് കോണ്‍ഗ്രസ് മത്സരിക്കുന്നത്.
കൊച്ചി
ഇടതുമുന്നണിയുടെ പക്കല്‍ നിന്നും വന്‍ഭൂരിപക്ഷത്തില്‍ ഭരണം പിടിച്ച കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ ആണ് യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന്റെ ദീപക് ജോയി ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയുമാണ്. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനെ മേയര്‍ സ്ഥാനത്തേക്ക് തഴഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു.
അഡ്വ. വി കെ മിനിമോളും ഷൈനി മാത്യുവും രണ്ടരക്കൊല്ലം വീതം മേയര്‍സ്ഥാനം വഹിക്കാനാണ് ധാരണയായിട്ടുള്ളത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനവും പങ്കുവെക്കും. ആദ്യത്തെ രണ്ടരക്കൊല്ലം ദീപക് ജോയിക്കാണ്. രണ്ടാം ടേമില്‍ കെ വി പി കൃഷ്ണകുമാറും ഡെപ്യൂട്ടി മേയറാകും. 76 അംഗ കൊച്ചി കോര്‍പ്പറേഷനിലെ കക്ഷിനില ഇങ്ങനെ: യുഡിഎഫ് -46, എല്‍ഡിഎഫ് -20, എന്‍ഡിഎ- 6, മറ്റുള്ളവര്‍-4
തൃശ്ശൂര്‍
എല്‍ഡിഎഫില്‍ നിന്നും അധികാരം തിരിച്ചു പിടിച്ച തൃശൂര്‍ കോര്‍പ്പറേഷനില്‍ ഡോ. നിജി ജസ്റ്റിനാണ് യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റാണ് ഗൈനക്കോളജിസ്റ്റായ നിജി. കിഴക്കുംപാട്ടുകര ഡിവിഷനില്‍ നിന്നാണ് നിജിയുടെ വിജയം. എ. പ്രസാദാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി. 56 അംഗ തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ 33 സീറ്റാണ് യുഡിഎഫ് നേടിയത്.
കോഴിക്കോട്
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ഏക കോര്‍പ്പറേഷനാണ് കോഴിക്കോട്. 76 അംഗ കോര്‍പ്പറേഷനിലെ കക്ഷിനില: എല്‍ഡിഎഫ്-34, യുഡിഎഫ്-26, എന്‍ഡിഎ-13, മറ്റുള്ളവര്‍-3. കോര്‍പ്പറേഷനില്‍ കേവലഭൂരിപക്ഷത്തിന് 39 പേരുടെ പിന്തുണയാണ് വേണ്ടത്.
സിപിഎം കോഴിക്കോട് നോര്‍ത്ത് ഏരിയാ കമ്മിറ്റിയംഗം ഒ സദാശിവന്‍ ആണ് ഇടതുമുന്നണിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി. ഡോ. എസ്. ജയശ്രീയാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി. തടമ്പാട്ടുതാഴം വാര്‍ഡില്‍നിന്നുള്ള കൗണ്‍സിലറാണ് സദാശിവന്‍. കോട്ടൂളി വാര്‍ഡില്‍ നിന്നാണ് ജയശ്രീ വിജയിച്ചത്.
കണ്ണൂര്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണമാറ്റമുണ്ടാകാത്ത കോര്‍പ്പറേഷനാണ് കണ്ണൂര്‍. 56 അംഗ കോര്‍പ്പറേഷനില്‍ 36 സീറ്റുകള്‍ നേടിയാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയത്. നഗരസഭയിലെ കക്ഷിനില ഇങ്ങനെയാണ്: യുഡിഎഫ്-36, എല്‍ഡിഎഫ്-15, എന്‍ഡിഎ-4, മറ്റുള്ളവര്‍-1.
നിലവിലെ ഡെപ്യൂട്ടി മേയറായ പി ഇന്ദിരയാണ് യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് ഇന്ദിര വിജയിച്ചത്. മുസ്ലിം ലീഗ് അംഗം കെ പി താഹിറാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി. വാരം ഡിവിഷനില്‍ നിന്നുള്ള പ്രതിനിധിയാണ്.
സംസ്ഥാനത്തെ 86 മുനിസിപ്പാലിറ്റികളിലും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്നുണ്ടാകും. തൃപ്പൂണിത്തുറയിൽ ബിജെപി ഭരണത്തിലേറാൻ സാധ്യതയേറി. സിപിഎമ്മിനെ പിന്തുണയ്ക്കില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചു. അഡ്വ. പി എൽ ബാബുവാണ് ബിജെയുടെ ചെയർമാൻ സ്ഥാനാർത്ഥി. രാധിക വർമ്മ വെച് ചെയർപേഴ്സൺ സ്ഥാനാർത്ഥിയാണ്. കുന്നംകുളം മുനിസിപ്പാലിറ്റിയിൽ സിപിഎമ്മിലെ സൗമ്യ അനിലൻ ചെയർപേഴ്സൺ ആവും. കൊടുങ്ങല്ലൂരിൽ സിപിഐയിലെ ഹണി പീതാംബരനും, ചാവക്കാട് എച്ച് അക്ബറും, ഇരിഞ്ഞാലക്കുടയിൽ എംപി ജാക്സണും ചെയർമാനാകും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നാളെ രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നും നടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates