

കൊച്ചി; ഹെലികോപ്റ്റര്‍ യാത്രയിലും, പ്രളയദിവസത്തെ പൊന്നാനിയിലെ ഉച്ചഭക്ഷണത്തിലും മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമര്‍ശനവുമായി മുന്‍മന്ത്രി എംബി രാജേഷ്. ഹെലികോപ്റ്റര്‍ യാത്ര ഔദ്യോഗിക ആവശ്യത്തിനാണെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി ആരുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കാണ് പോയതെന്ന് വ്യക്തമാക്കണമെന്ന് എംബി രാജേഷ് പറഞ്ഞു.
'മുഖ്യമന്ത്രി ഉച്ചഭക്ഷണം കഴിച്ചതില്‍ ആരാണ് വിമര്‍ശനം ഉന്നയിച്ചത്? പ്രളയ ഘട്ടത്തില്‍ വിരുന്നിലും സല്‍ക്കാരത്തിലും പങ്കെടുത്തതിലാണല്ലോ വിമര്‍ശനം. വിരുന്ന് മറ്റൊരു ദിവസമാകാമല്ലോ. ആരും ഉന്നയിക്കാത്ത വിമര്‍ശനത്തിന് മറുപടി പറഞ്ഞ് രക്ഷപ്പെടുന്ന കൗശലം കയ്യില്‍ വെച്ചാല്‍ മതി'- എംബി രാജേഷ് പറഞ്ഞു.
എംബി രാജേഷിന്റെ കുറിപ്പ്
മുഖ്യമന്ത്രി ഇന്ന് വിമര്‍ശനങ്ങളോട് പ്രതികരിച്ചതു കണ്ടു.
1. ഹെലികോപ്റ്റര്‍ യാത്ര ഔദ്യോഗിക ആവശ്യത്തിനെന്ന് അദ്ദേഹം അവകാശപ്പെടുന്നു.അങ്ങിനെയെങ്കില്‍ വിമര്‍ശനം ഉടന്‍ പിന്‍വലിക്കണമെന്ന് മനസ്സില്‍ കരുതി. കാരണം അതില്‍ തെറ്റൊന്നുമില്ല. പക്ഷേ ആരുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച എന്ന ചോദ്യത്തിന് അത് നിങ്ങളോട് പറയാനാവില്ലെന്ന് മറുപടി! അക്കൗണ്ടബിലിറ്റി,സുതാര്യത എന്നിവയൊന്നും തനിക്ക് ബാധകമല്ലെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കുന്നു.ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ മംഗലാപുരത്തേക്ക് നടത്തിയ വിവാദ യാത്ര എന്തിനായിരുന്നുവെന്നും, 25 ലക്ഷം രൂപ വിമാനവാടക വഹിച്ച 'അജ്ഞാത സുഹൃത്ത്' ആരാണെന്നത് ഇതുവരെ വെളിപ്പെടുത്താത്തതു പോലെ മറ്റൊരു വിശദീകരണം. അതുകൊണ്ട് വിമര്‍ശനം അങ്ങിനെ തന്നെ നിലനില്‍ക്കും.
2. നാട് പ്രളയത്തിലായ ദിവസം പൊന്നാനിയില്‍ വിരുന്നുണ്ടതിന് 'ഞാന്‍ ഒന്ന് ഉച്ചഭക്ഷണം കഴിച്ചുപോയതാണോ ഇത്ര വലിയ കുറ്റം' എന്ന പതിവ് വളച്ചൊടിക്കല്‍. ഇരവാദം.അതില്‍ എന്ത് ഔചിത്യക്കുറവെന്ന് മറുചോദ്യം. മുഖ്യമന്ത്രി ഉച്ചഭക്ഷണം കഴിച്ചതില്‍ ആരാണ് വിമര്‍ശനം ഉന്നയിച്ചത്? പ്രളയ ഘട്ടത്തില്‍ വിരുന്നിലും സല്‍ക്കാരത്തിലും പങ്കെടുത്തതിലാണല്ലോ വിമര്‍ശനം. വിരുന്ന് മറ്റൊരു ദിവസമാകാമല്ലോ. ആരും ഉന്നയിക്കാത്ത വിമര്‍ശനത്തിന് മറുപടി പറഞ്ഞ് രക്ഷപ്പെടുന്ന കൗശലം കയ്യില്‍ വെച്ചാല്‍ മതി.
3. എന്താണ് ഔചിത്യമില്ലായ്മ എന്നാണ് മറുചോദ്യം. നാട് ദുരിതത്തില്‍ മുങ്ങി നില്‍ക്കുമ്പോള്‍ പോലും വിരുന്നിനും സ്വര്‍ണ്ണക്കട മുതല്‍ ബേക്കറി വരെയുള്ളവയുടെ നാട മുറിക്കലിനുമാണ് മുന്‍ഗണന എന്ന് കരുതുന്ന മുഖ്യമന്ത്രിക്ക് അതിലെ അനൗചിത്യം എന്താണെന്നറിയണമെങ്കില്‍ സ്വന്തം ഉത്തരവാദിത്തം എന്താണെന്ന് അദ്ദേഹം ആദ്യം അറിയണം. സാധാരണ കച്ചവടസ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിന് പ്രതിഫലം വാങ്ങി പങ്കെടുക്കുന്ന സിനിമാ-സീരിയല്‍ താരങ്ങളെപ്പോലെയല്ലല്ലോ മുഖ്യമന്ത്രി. നോ എന്നു പറയാന്‍ എന്താണ് തടസ്സം? പ്രളയമാണ്. ഞാന്‍ മുഖ്യമന്ത്രിയും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനുമാണ്. നാട മുറിക്കലിനേക്കാള്‍ പ്രധാനം ആ ചുമതല നിര്‍വ്വഹിക്കലാണ് എന്ന ബോധം ഇല്ലാത്തതുകൊണ്ടാണ് എന്താണ് ഔചിത്യമില്ലായ്മ എന്നൊക്കെ ഒരു കൂസലുമില്ലാതെ ചോദിക്കാന്‍ പറ്റുന്നത്. ഇതിന് ഇംഗ്ലീഷില്‍ insensitivity എന്നു പറയും.
അവസാനം അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ്- 'മുന്‍ മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ ഉപയോഗിച്ചപ്പോള്‍ ഞാന്‍ ഒരിക്കലും വിമര്‍ശിച്ചിട്ടില്ല.' ഔദ്യോഗിക ആവശ്യത്തിനായിട്ടു പോലും അന്ന് രൂക്ഷമായി വിമര്‍ശിച്ചതിന്റെ വീഡിയോ പൊതുമദ്ധ്യത്തില്‍ നില്‍ക്കുമ്പോഴും അങ്ങനെ പറയാനുള്ള വൈഭവം അദ്ദേഹത്തിനു മാത്രമുള്ളതാണ്. സമ്മതിച്ചിരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates