'ഹൃദയസ്പര്‍ശിയായ അവതരണം'; പിസി വിഷ്ണുനാഥിനെ അഭിനന്ദിച്ച് എംബി രാജേഷ്; മയക്കുമരുന്നിനെതിരെ ഒരേ സ്വരത്തില്‍ സഭ

പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ കേരളം ലഹരിയുടെ കേന്ദ്രമായി മാറിയിട്ടില്ല. വ്യാപനം കൂടിയിട്ടുണ്ടെന്നത് വസ്തുതതായാണെന്ന് രാജേഷ് പറഞ്ഞു
mb rajesh - pc vishnunath
എംബി രാജേഷ് - പിസി വിഷ്ണുനാഥ്‌
Updated on
2 min read

തിരുവനന്തപുരം: ലഹരി വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്. പിസി വിഷ്ണുനാഥാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് വളരെ ഹൃദയസ്പര്‍ശിയായി അനുഭവങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് പ്രമേയ അവതാരകന്‍ അവതരിപ്പിച്ചെന്നും അദ്ദേഹത്തിന്റെ അവതരണത്തെ അഭിനന്ദിക്കുന്നുവെന്നും എംബി രാജേഷ് പറഞ്ഞു.

പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തോട് യോജിക്കുന്നില്ലെങ്കിലും ഗൗരവമുള്ള സാമൂഹിക വിപത്തിനെ മുന്നോട്ടുവെക്കുന്നതുകൊണ്ടാണ് സഭ ചര്‍ച്ചയ്ക്ക് തയ്യാറായതെന്ന് മന്ത്രി രാജേഷ് പറഞ്ഞു. പിസി വിഷ്ണുനാഥ് കാര്യഗൗരവത്തോടെയാണ് പ്രമേയം അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ അവതരണത്തില്‍ കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരമല്ല ഉണ്ടായത്. പ്രശ്‌നത്തിന്റെ ഗൗരവം തന്നെയാണെന്നും രാജേഷ് പറഞ്ഞു. മറ്റ് അംഗങ്ങള്‍ പലരും ഇക്കാര്യത്തില്‍ ഗൗരവമുള്ള വിഷയങ്ങള്‍ ഉന്നയിച്ചു. അവസാനം പ്രതിപക്ഷ നേതാവിന്റെ സംസാരത്തില്‍ ചില രാഷ്ട്രീയ മുനകളുണ്ടായെങ്കിലും അത് ഈ വിഷയത്തില്‍ പ്രശ്‌നമാക്കുന്നില്ലെന്നും രാജേഷ് പറഞ്ഞു.

കേരളത്തില്‍ മാത്രമുള്ള ഒരു പ്രശ്‌നമല്ല ഇതെന്ന് രാജേഷ് പറഞ്ഞു. സംസ്ഥാനത്ത് മയക്കുമരുന്നിന്റെ വ്യാപനം ഉണ്ടെന്നത് വസ്തുതയാണ്. ഇതിനെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. കേരളത്തിലേക്ക് മയക്കുമരുന്ന് വരുന്നത് പുറത്തുനിന്നാണ്. ഇത് ഒരു ആഗോള പ്രതിഭാസമാണ്. രാജ്യത്തും മയക്കുമരുന്ന് ഉപയോഗം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ദേശീയതലത്തില്‍ മയക്കുമരുന്ന് ഉപഭോഗത്തില്‍ കേരളം ഏറ്റവും പിന്നിലാണ്. ഈ പറഞതിന്റെ അര്‍ഥം നമുക്ക് ആശ്വസിക്കാമെന്നല്ല. പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ കേരളം ലഹരിയുടെ കേന്ദ്രമായി മാറിയിട്ടില്ല. വ്യാപനം കൂടിയിട്ടുണ്ടെന്നത് വസ്തുതതായാണെന്ന് രാജേഷ് പറഞ്ഞു.

പിഐബിയുടെ ഇന്നലെ വന്ന റിപ്പോര്‍ട്ടില്‍ 2024ല്‍ 25,000 കോടിയുടെ മയക്കുമരുന്ന് പിടികൂടിയെന്നാണ്. 2023ല്‍ ഇത് 16,1000 കോടിയുടെതായിരുന്നു. ഒരുവര്‍ഷം കൊണ്ട് ഇന്ത്യയിലാകെ 55 ശതമാനം അധികമാണ് മയക്കുമരുന്ന് പിടികൂടിയത് എന്നാണ്. ഇതില്‍ ആകെ കേരളത്തില്‍ പിടികൂടിയ മൂല്യം 60 കോടിയുടെതാണ്. അത് അതിന്റെ ഗൗവരത്തില്‍ കാണുകയും വേണം. ഇക്കാര്യത്തില്‍ ക്ഷുദ്രമായ തര്‍ക്കം സഭയില്‍ വേണ്ടതില്ല.

2023ല്‍ സ്‌കൂള്‍ പരിസരങ്ങളിലെ പരിശോധന 10761 ആണ്. 2024ല്‍ ഇത് 32846 പരിശോധനകളായി വര്‍ധിച്ചു. രാജ്യത്ത് മയക്കുമരുന്ന് കേസുകളുടെ ഏറ്റവും പേര്‍ അറസ്റ്റിലായത് കേരളത്തിലാണ്. 24517 പേരെയാണ് കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തത്.. ഡ്രഗ് ക്യാപിറ്റല്‍ എന്നറിയപ്പെടുന്ന പഞ്ചാബില്‍ നിന്ന് അറസ്റ്റിലായത് 9134 പേര്‍ മാത്രമാണ്. മൂര്‍ഖന്‍ ഷാജിയെന്ന മയക്കുമരുന്ന് കുറ്റവാളിയെ അതിസാഹസികമായാണ് എക്‌സൈസ് പിടികൂടിയത്. ആന്‍ഡമാന്‍ നിക്കോബാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടത്തിയത് കേരള എക്‌സൈസ് മഞ്ചേരിയില്‍ നിന്ന് അറസ്റ്റ് ചെയ്ത തുമ്പില്‍ നിന്നാണെന്നും രാജേഷ് പറഞ്ഞു.

പ്രതിപക്ഷം ആവശ്യപ്പെട്ടതുപോലെ എക്‌സൈസിനെ ഇനിയും ശാക്തികരിക്കണം. അതിനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ചെക്ക് പോസ്റ്റ് ആധുനിക വത്കരിക്കുന്നതിന്റെ ഭാഗമായി സിസിടിവി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ഫോറസിക് സോഫ്റ്റ് വെയര്‍ രൂപികരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

വിവിധ ജില്ലകളിലെ ലഹരി ആക്രമണ വാര്‍ത്തകള്‍ സഭയില്‍ ഉയര്‍ത്തിയായിരുന്നു പിസി വിഷ്ണുനാഥിന്റെ അവതരണം. കോഴിക്കോട് മകന്‍ മാതാവിനെ വെട്ടി കൊലപ്പെടുത്തിയത് സിനിമ കഥയല്ല. ലഹരി സ്വന്തം മാതാപിതാക്കളെ കഴുത്തറുത്ത് കൊല്ലുന്ന സാഹചര്യം സൃഷ്ടിക്കുന്നു. ലഹരിയുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന കൊലപാതകങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല. ഗ്രാമങ്ങളില്‍ ലഹരി വസ്തുക്കള്‍ യഥേഷ്ടം ലഭിക്കുന്നുവെന്നും വിഷ്ണുനാഥ് പറഞ്ഞു. താമരശേരിയിലെത് ഒറ്റപ്പെട്ട സംഭവമല്ല. ഒരുതലമുറയെ കാര്‍ന്നുതിന്നുന്ന വൈറസായി ലഹരി മാറുകയാണ്.

ഇന്നലെയാണ് കൊടുങ്ങല്ലൂരില്‍ ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് അമ്മയുടെ കഴുത്തറുത്തത്. പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായി പറവൂരിലെ ചേന്ദ മംഗലത്ത് വീട്ടില്‍ കയറി മൂന്നുപേരെ അടിച്ചുകൊന്നത് ലഹരി ഉപയോഗിച്ച യുവാവാണ്. കോട്ടയത്ത് പൊലീസുകാരനെ കൊന്ന പ്രതി ലഹരിക്ക് അടിമയാണ്. കുണ്ടറയില്‍ ലഹരിക്കടിമയായ യുവാവ് മുത്തച്ഛനെയും അമ്മയെയും തലയ്ക്കടിച്ചുകൊന്നു. അയാളെ പൊലീസ് അറസ്റ്റ് ചെയ്തത് കശ്മീരില്‍ നിന്നാണ്. അയാളില്‍ അശേഷം കുറ്റബോധം ഉണ്ടായിരുന്നില്ല. ആ നാട്ടില്‍ അത് യഥേഷ്ടം ഉപയോഗിക്കാന്‍ കിട്ടുന്നതാണ്.

വിദ്യാര്‍ഥികള്‍ ക്യാരിയര്‍മാരായി മാറുന്നു. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കണം. പലപ്പോഴും തിരിച്ചു കൊണ്ടുവരാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കുട്ടികള്‍ മാറുന്നു. രാസലഹരി കൂടുതലായി ഉപയോഗിക്കാന്‍ യുവാക്കള്‍ തയ്യാറാകുന്നു. പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കില്ല എന്നതാണ് ഉപയോഗിക്കുന്നതിന് പിന്നിലെന്നും വിഷ്ണുനാഥ് ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com