

കോഴിക്കോട്: അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റില്‍. വയനാട് പുല്‍പ്പള്ളി സ്വദേശി അജിത്ത്, മരക്കടവ് സ്വദേശി വിശാല്‍ എന്നിവരാണ് അറസ്റ്റിലായത്. കേസിലെ 10, 11 പ്രതികളാണ് ഇരുവരും.
ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഒളിവിലുള്ള മുഖ്യപ്രതി വയനാട് സ്വദേശി ഷിന്റോയുടെ അടുത്ത സുഹൃത്തുക്കളാണ് പിടിയിലായ അജിത്തും വിശാലും.
ഇക്കഴിഞ്ഞ ജൂണ്‍ 28ന് പുലര്‍ച്ചെ രണ്ടു മണിയോടെ വടകര ഐസ് പ്ലാന്റ് റോഡിലെ റോളക്‌സ് ഓയില്‍ ഇന്‍ഡസ്ട്രീസിന് മുന്നില്‍ വെച്ച് സഫ്വാന്‍ എന്ന യുവാവിനെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് കേസില്‍ അധ്യാപികമാരുടെ പങ്ക് വെളിപ്പെട്ടത്. കേസില്‍ പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷല്‍ എജ്യുക്കേറ്റര്‍ മരുതോങ്കര സ്വദേശി കീര്‍ത്തന (31), ചെരുവാളൂര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ.കാവ്യ (29), പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷല്‍ എജ്യുക്കേറ്റര്‍ ആവള കുട്ടോത്ത് വലിയപറമ്പില്‍ വി.പി.നീഷ്മ (30), ഇരിട്ടി സ്വദേശിയും സ്വദേശിയും ഓണ്‍ലൈന്‍ ഡെലിവറി എജന്റുമായ ജിജില്‍ കുര്യാക്കോസ് തുടങ്ങിയവരും പിന്നാലെ അറസ്റ്റിലായിരുന്നു.
കേസിലെ മറ്റ് പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ബിആര്‍സി അധ്യാപകരായ കീര്‍ത്തന, നീഷ്മ, കാവ്യ എന്നിവര്‍ക്കും അഞ്ചാം പ്രതി ജിജിന്‍ കുര്യാക്കോസിനുമാണ് ജാമ്യം ലഭിച്ചത്. വടകര എന്‍ഡിപിഎസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates