

തിരുവനന്തപുരം: യുദ്ധത്തെ തുടര്‍ന്ന് മധ്യേഷ്യയില്‍ നിന്നുള്ള എല്‍പിജി സ്റ്റോക്കിന്റെ ലഭ്യതയില്‍ ദൗര്‍ലഭ്യം നേരിട്ട സാഹചര്യത്തില്‍ എല്‍പിജി സിലിണ്ടറുകളുടെ വിതരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരിക്കുന്നു. ഒരിക്കല്‍ ബുക്ക് ചെയ്തു 25 ദിവസം കഴിഞ്ഞു മാത്രമാണ് നിലവില്‍ അടുത്ത ബുക്കിങ് സാധ്യമാകുന്നത്. അതിനാല്‍ വലിയ ആശങ്ക ഉപഭോക്താക്കള്‍ക്കിടയില്‍ ഉണ്ട്. ഇത് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഓയില്‍ കമ്പനി പ്രതിനിധികളുടെ യോഗം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ വിളിച്ചുചേര്‍ത്തു.
ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിതരണത്തില്‍ ഷോര്‍ട്ടേജ് ഇല്ലായെന്നും വ്യവസായിക ആവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറുകള്‍ ഉപയോഗിക്കുന്ന, മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കേണ്ടതായിട്ടുള്ള ആശുപത്രികള്‍ പോലെയുള്ള സ്ഥാപനങ്ങളേയും നിയന്ത്രണങ്ങള്‍ ബാധിക്കില്ലെന്നും ഓയില്‍ കമ്പനികള്‍ അറിയിച്ചു. വ്യാവസായിക ആവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറുകളുടെ ദൗര്‍ലഭ്യം ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമാണെന്നും അതിനാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാരിലേയ്ക്ക് കത്ത് അയയ്ക്കുമെന്ന് മന്ത്രി അറിയിച്ചു.
ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവെപ്പും ഡൈവര്‍ഷനും തടയുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലാകലക്ടറുടെയും ജില്ലാ സപ്ലൈ ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ പരിശോധന സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കും. യോഗത്തില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി രാജമാണിക്യം, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഹിമ കെ, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ജീവന്‍ ബാബു തുടങ്ങിയവരും ഐ.ഒ.സി, ബി.പി.സി, എച്ച്.പി എന്നീ ഓയില്‍ കമ്പനികളുടെ ഏരിയ മാനേജര്‍മാരും പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates