

തൃശൂര്‍ : എഡിഎം തെറ്റുപറ്റിയെന്ന് പറഞ്ഞുവെന്ന മൊഴി കലക്ടര്‍ റവന്യൂ വകുപ്പിന് നല്‍കിയ ആദ്യ റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍. കലക്ടര്‍ കൊടുത്ത മൊഴി ഞങ്ങളുടെ മുമ്പില്‍ നല്‍കിയ മൊഴിയല്ല. അത് കോടതിയില്‍ അന്വേഷണ ഏജന്‍സിക്ക് മുമ്പാകെ കൊടുത്ത മൊഴിയാകാമെന്ന് മന്ത്രി രാജന്‍ പറഞ്ഞു. റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം അതു ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. എത്രയും പെട്ടെന്ന് അത് മന്ത്രിക്ക് ലഭിക്കുമെന്നും കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.
നവീന്‍ബാബുവിന്റെ മരണത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ മന്ത്രി എന്ന നിലയില്‍ ഇപ്പോള്‍ അഭിപ്രായം പറയാനില്ല. സത്യസന്ധമായ നിലയില്‍ അന്വേഷണം മുന്നോട്ടുപോകണണെന്ന ആഗ്രഹമാണുള്ളത്. ആ ഘട്ടത്തില്‍ ഓരോരുത്തരും കൊടുത്ത മൊഴിയെപ്പറ്റി ഈ ഘട്ടത്തില്‍ പറയുന്നത് ശരിയല്ല. കലക്ടറുടെ മൊഴിയില്‍ കോടതി അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും മന്ത്രി രാജന്‍ പറഞ്ഞു. 15-ാം തീയതി സംഭവം നടന്നശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ടപ്പോള്‍ എന്റെ വ്യക്തിപരമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ നവീന്‍ബാബുവിനെക്കുറിച്ച് പറഞ്ഞിരുന്നു. ആ ബോധ്യം മാറാന്‍ പറ്റുന്ന വിധത്തിലുള്ള ഒന്നും ഈ കലയളവില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ അന്നത്തെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു. മന്ത്രി രാജന്‍ പറഞ്ഞു.
പല മൊഴികള്‍ ഒരാള്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ വൈരുധ്യം കോടതി കണ്ടെത്തിക്കോളും. സംഭവത്തില്‍ റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. അത് ക്രൈമിനെക്കുറിച്ചല്ല. റവന്യൂ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട നാള്‍വഴികളാണ് റവന്യൂ വകുപ്പ് അന്വേഷിച്ചത്. അതുമായി ബന്ധപ്പെട്ട ഫയലുകളുടെ പുരോഗതി, ഓരോ ഉദ്യോഗസ്ഥര്‍ നടത്തിയ അഭിപ്രായങ്ങള്‍, രേഖപ്പെടുത്തലുകള്‍ തുടങ്ങിയവയില്‍ റവന്യൂ ഉദ്യോഗസ്ഥരുടേയും അതുമായി കൂട്ടിച്ചേര്‍ക്കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരുടേയും അഭിപ്രായങ്ങള്‍ കേള്‍ക്കുക എന്നതാണ് റവന്യൂ വകുപ്പ് നടത്തിയിട്ടുള്ളത്. ക്രൈമുമായി ബന്ധപ്പെട്ട കേസുകള്‍ പൊലീസാണ് അന്വേഷിക്കുന്നതെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
