'13'ൽ വിശ്വാസം; ആരും ഏറ്റെടുക്കാത്ത കാർ ചോദിച്ചുവാങ്ങി മന്ത്രി കെ എം ഷാജി

ഷാജിക്ക് നിശ്ചയിച്ചിരുന്ന ഒമ്പതാം നമ്പർ കാർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറി
KM Shaji Car no 13
KM Shaji Car no 13
Edited By:
Updated on
2 min read

തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളുടെ നമ്പർ വിതരണത്തിൽ ഉയർന്നുകേട്ട കൗതുകകരമായ ചർച്ചകൾക്ക് ഒടുവിൽ ശുഭപര്യവസാനം. ഭാഗ്യമില്ലാത്ത നമ്പറായി കണ്ട് മറ്റ് മന്ത്രിമാരെല്ലാം ഏറ്റെടുക്കാൻ മടിച്ച് ഒഴിവാക്കിയിട്ടിരുന്ന 'പതിമൂന്നാം നമ്പർ' ഔദ്യോഗിക കാർ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി വിശ്വാസപൂർവ്വം ഏറ്റെടുത്തു. ഇതോടെ പതിമൂന്നാം നമ്പർ കാറിനെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസ കഥകൾക്ക് വിരാമമായി.

മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ കഴിഞ്ഞയുടൻ തന്നെ ടൂറിസം വകുപ്പ് സാധാരണയായി നൽകാറുള്ളതുപോലെ 13-ാം നമ്പർ സ്റ്റേറ്റ് കാർ സജ്ജമാക്കി നിർത്തിയിരുന്നെങ്കിലും പുതിയ മന്ത്രിമാരിൽ ആരും തന്നെ ഈ വാഹനം ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. സാധാരണയായി 13 എന്ന അക്കത്തെ ഭാഗ്യദോഷമായാണ് പലരും കണക്കാക്കുന്നത്. ഇതേത്തുടർന്ന് കെ.എം ഷാജിക്ക് ആദ്യം അനുവദിച്ചിരുന്നത് ഒമ്പതാം നമ്പർ വാഹനമായിരുന്നു. എന്നാൽ തനിക്ക് ഒമ്പതാം നമ്പർ കാർ വേണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തെ തന്നെ ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ചെന്നിത്തലയുടെ താല്പര്യം മാനിച്ചുകൊണ്ട് കെ.എം. ഷാജി തന്റെ 9-ാം നമ്പർ കാർ അദ്ദേഹത്തിന് സന്തോഷത്തോടെ വിട്ടുനൽകുകയും, പകരം ആരും തൊടാത്ത 13-ാം നമ്പർ കാർ തനിക്ക് മതിയെന്ന് വ്യക്തമാക്കി അത് ഏറ്റെടുക്കുകയുമായിരുന്നു.

യുഡിഎഫ് പതിവുകൾ തിരുത്തി ഷാജി; മുൻ ഇടത് മന്ത്രിമാരുടെ വഴിയിൽ

മുൻപ് അധികാരത്തിലിരുന്ന യുഡിഎഫ് സർക്കാരുകളുടെ കാലത്തെല്ലാം 13-ാം നമ്പർ സ്റ്റേറ്റ് കാറിന് അവകാശികളുണ്ടായിരുന്നില്ല എന്നതായിരുന്നു പൊതുവായ കീഴ്‌വഴക്കം. മുൻപ് ഉമ്മൻചാണ്ടി മന്ത്രിസഭയുടെ കാലത്തും ഈ നമ്പർ ആരും വാങ്ങാതെ ടൂറിസം വകുപ്പിന്റെ ഗാരേജിൽ ഒതുങ്ങിക്കിടക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ പത്തു വർഷത്തെ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് രണ്ടു തവണയും ഇടതുപക്ഷ മന്ത്രിമാർ 13-ാം നമ്പർ കാർ മനഃപൂർവ്വം ചോദിച്ചു വാങ്ങി യാത്ര ചെയ്ത് അന്ധവിശ്വാസങ്ങൾക്കെതിരെ കൃത്യമായ സന്ദേശം നൽകിയിരുന്നു. ആ മാതൃകയാണ് ഇപ്പോൾ യുഡിഎഫ് മന്ത്രിസഭയിലെ ലീഗ് പ്രതിപ്രതിനിധിയായ കെ.എം. ഷാജിയും പിന്തുടർന്നിരിക്കുന്നത്.

പിണറായി സർക്കാരിൽ കൃഷി വകുപ്പ് മന്ത്രിയായിരുന്ന സിപിഐ നേതാവ് പി. പ്രസാദായിരുന്നു 13-ാം നമ്പർ കാറിൽ ഔദ്യോഗികമായി സഞ്ചരിച്ചത്. അതിന് മുൻപത്തെ ഒന്നാം പിണറായി സർക്കാരിൽ പ്രമുഖ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന ഡോ. ടി.എം. തോമസ് ഐസക്കും 13 എന്ന അക്കത്തോടുള്ള ഭയം മാറ്റാൻ ഈ നമ്പർ ചോദിച്ചു വാങ്ങിയിരുന്നു. ഇതിനെല്ലാം തുടക്കം കുറിച്ചുകൊണ്ട് 2006-ലെ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബിയാണ് ആദ്യമായി 13-ാം നമ്പർ വാഹനത്തിൽ ബോർഡ് വെച്ച് കേരളത്തിൽ വിപ്ലവം സൃഷ്ടിച്ചത്. മുൻഗാമികളായ ഈ ഇടത് മന്ത്രിമാരുടെ അതേ വഴിയിലൂടെ സഞ്ചരിച്ചുകൊണ്ട്, ഭരണപരമായ പുതിയ തുടക്കത്തിന് അന്ധവിശ്വാസങ്ങൾ തടസ്സമല്ലെന്ന് തെളിയിക്കുകയാണ് തന്റെ തീരുമാനത്തിലൂടെ പുതിയ തദ്ദേശ മന്ത്രി കെഎം ഷാജി.

Summary

Putting an end to the superstitious tales surrounding 'State Car No. 13', newly sworn-in Local Self-Government Minister K.M. Shaji on Thursday opted to ride in the vehicle that other ministers had skipped

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com