

പാലക്കാട്: 2018 ലെ പ്രളയത്തിന് പിന്നില്‍ അഴിമതിയാണെന്നുള്ള മാത്യു കുഴല്‍നാടന്റെ ആരോപണം തള്ളി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ആ ശബ്ദരേഖ തന്റേതല്ല. ആ ഓഡിയോ എഐ നിര്‍മ്മിതമാണോയെന്ന് സംശയമുണ്ട്. ഞാനങ്ങനെ പറഞ്ഞതായി ഓര്‍മ്മയിലില്ല. അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് വിശ്വാസം. എഐ ഒക്കെയുള്ള സമയമാണല്ലോ. ഓഡിയോയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
പ്രളയത്തെപ്പറ്റി നിയമസഭയില്‍ വിശദമായ ചര്‍ച്ച നടന്നിരുന്നു. അന്നെന്തുകൊണ്ട് മാത്യു കുഴല്‍നാടന്‍ ഇതേപ്പറ്റി പറഞ്ഞില്ല?. ഇപ്പോള്‍ ഈ ഓഡിയോ വന്നതിനുപിന്നില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണ്. മാത്യു ടി തോമസിനെക്കുറിച്ച് പറഞ്ഞതായിട്ടുള്ള ഒരു സംഭവമേയില്ല. അയാളൊരു പാവം നല്ലൊരു മനുഷ്യനാണ്. മാത്യു ടി ജീവിതത്തില്‍ അങ്ങനെ ചെയ്യില്ല. ഇങ്ങനെയൊരു ആരോപണമുണ്ടെങ്കില്‍ നേരത്തെ മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ പറയാതിരുന്നതെന്തുകൊണ്ടാണെന്നും കെ കൃഷ്ണന്‍കുട്ടി ചോദിച്ചു.
അന്തര്‍ സംസ്ഥാന പദ്ധതിയില്‍ എന്ത് അഴിമതി ചെയ്യാന്‍ സാധിക്കുമെന്നാണ് പറയുന്നത്. എങ്ങനെ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ്?. എങ്ങനെ നടത്താന്‍ പറ്റും?. മാത്യു ടി തോമസിനെ മോശക്കാരനാക്കി കാണിക്കുക എന്ന ലക്ഷ്യമാണ് ഈ ആരോപണത്തിന് പിന്നിലുള്ളത്. ഇതെല്ലാം തെരഞ്ഞെടുപ്പിന് വേണ്ടിയുണ്ടാക്കിയ ഓഡിയോയാണ്. എഐ കൊണ്ട് ആരുടെ സൗണ്ട് പോലും വളരെ ഭംഗിയായി നിര്‍മ്മിക്കും. ഈ ഓഡിയോ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു.
പ്രളയത്തിന് കാരണം തീവ്രമഴയാണെന്ന് ഐഐടി പഠന റിപ്പോര്‍ട്ടുണ്ട്. അതിനും മീതെ ആരാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. മാത്യു കുഴല്‍നാടന്റെ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച ജനതാദള്‍ നേതാവായിരുന്ന പ്രഭാതിനെ, മാത്യു കുഴല്‍നാടന്‍ ഉപയോഗിക്കുകയായിരുന്നു. പ്രഭാത് നിലവില്‍ ജനതാദളില്‍ ഇല്ല. ചില അനാവശ്യ കാര്യങ്ങള്‍ പ്രഭാത് ആവശ്യപ്പെട്ടതിന് പാര്‍ട്ടിയില്‍ നിന്ന് കുറേ മുമ്പ് പുറത്താക്കിയതാണ്. അയാള്‍ ആവശ്യപ്പെട്ടത് കിട്ടാതായപ്പോള്‍ പാര്‍ട്ടിയോട് ഇടഞ്ഞുവെന്നും, എതിര്‍ ഗ്രൂപ്പില്‍ പോയിയെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.
നയാ പൈസയുടെ അഴിമതി നടത്തിയിട്ടില്ല: മാത്യു ടി തോമസ്
തോട്ടപ്പള്ളി സ്പില്‍ വേ തുറക്കാന്‍ ഒരു മാസമല്ല, ഒരു ദിവസം പോലും വൈകിയിട്ടില്ലെന്ന് മുന്‍മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. മുഴുവന്‍ സ്പില്‍വേ ഷട്ടറുകളും തുറന്നുവെച്ചിരിക്കുകയായിരുന്നു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആവശ്യപ്പെട്ടിട്ടും തുറക്കാന്‍ അനുമതി നല്‍കിയില്ല എന്നത് കളവായ കാര്യമാണ്. തുറക്കാന്‍ കഴിയുന്ന എല്ലാ ഷട്ടറുകളും തുറന്നിട്ടുണ്ട്. അക്കാര്യം നിയമസഭയില്‍ വ്യക്തമാക്കിയതുമാണ്. തുറക്കാന്‍ കഴിയാതിരുന്ന ഷട്ടര്‍ ജനറേറ്റര്‍ ഉപയോഗിച്ച് ലിഫ്റ്റ് ചെയ്താണ് തുറന്നത്.
ഈ ആരോപണമൊന്നും തിരുവല്ലക്കാരോ, കേരളീയരോ വിശ്വസിക്കില്ല. എന്നെ എല്ലാവര്‍ക്കും അറിയാം. പ്രളയത്തെക്കുറിച്ച് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനും ചെന്നൈ ഐഐടിയുടെ സാങ്കേതിക വിദഗ്ധരും പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതിതീവ്രമായ മഴയാണ് പ്രളയത്തിന് കാരണമെന്ന് അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മേരിമാതാ കരിമണല്‍ കമ്പനി എന്നും ശത്രുപക്ഷത്താണ്. അവര്‍ ആവശ്യപ്പെട്ട ഒരു കാര്യവും ചെയ്തുകൊടുത്തിട്ടില്ല. അതിനാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ അവര്‍ പ്രചാരണം നടത്തിയിരുന്നുവെന്ന് മാത്യു ടി തോമസ് പറഞ്ഞു.
ആരോപണം ഉന്നയിച്ചത് മാത്യു കുഴല്‍നാടന്‍ ആയതുകൊണ്ടു തന്നെ ഒട്ടും വിശ്വാസ്യത അതിനില്ല. തിരുവല്ലക്കാര്‍ക്ക് മാത്രമല്ല, കേരളീയര്‍ക്ക് മുഴുവന്‍ എന്നെ അറിയാം. അതില്‍കൂടുതല്‍ ആരുടെ സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. മാത്യു കുഴല്‍നാടന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ട് ഒരു കാര്യവുമില്ല. കെ കൃഷ്ണന്‍കുട്ടി അങ്ങനെ പറയാന്‍ സാധ്യതയില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടോയെന്ന് അദ്ദേഹം തന്നെ പറയട്ടെ. ഒരു നയാ പൈസയുടെ അഴിമതി ഇതുവരെ നടത്തിയിട്ടില്ല. പുണ്യാളനാണോ അല്ലയോ എന്നതെല്ലാം ജനങ്ങള്‍ക്കറിയാം. ജനങ്ങള്‍ അത് തീരുമാനിച്ചോളുമെന്നും മാത്യു ടി തോമസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates