

തിരുവനന്തപുരം: വൃത്തിയുള്ള നാടിനായി ക്യാമറ കണ്ണുകള്‍ തുറന്ന് സര്‍ക്കാരിനൊപ്പം കാവല്‍നിന്ന ഏവരെയും അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്. മാലിന്യം വലിച്ചെറിയുന്നത് പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് ഏര്‍പ്പെടുത്തിയ സിംഗിള്‍ വാട്ട്‌സ്ആപ്പ് നമ്പറിന് ഒരു വയസ് തികയുമ്പോള്‍ പൊതുജനങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. പൊതുജനങ്ങള്‍ വാട്ട്‌സ്ആപ്പിലൂടെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 61,47,550 രൂപയാണ് ഫൈന്‍ ചുമത്തിയത്. കൃത്യമായ തെളിവുകളോടെ വിവരം നല്‍കിയ ആളുകള്‍ക്ക് 1,29,750 രൂപ പാരിതോഷികവും അനുവദിച്ചതായി മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സിംഗിള്‍ വാട്ട്‌സ് ആപ്പ് നമ്പറിലൂടെ ആകെ ലഭിച്ച 12,265 പരാതികളില്‍ കൃത്യമായ വിവരങ്ങളോടെ ലഭിച്ച 7912 പരാതികളാണ് സ്വീകരിച്ചത്. ഇതില്‍ 7362 പരാതികളിലും നടപടി സ്വീകരിച്ചിട്ടുണ്ട്. മാലിന്യം വലിച്ചെറിഞ്ഞവരെക്കുറിച്ച് യാതൊരു വിവരം ലഭിക്കാത്ത പരാതികളിലും, പ്രദേശത്തെ മാലിന്യം നീക്കി പരാതി പരിഹരിക്കാനായി. ഇങ്ങനെ 93.05% പരാതികളും പരിഹരിച്ചിട്ടുണ്ട്. ശേഷിക്കുന്ന 550 പരാതികളില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഏറ്റവുമധികം നിയമലംഘനങ്ങള്‍ വാട്ട്‌സാപ്പിലൂടെ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം (2100), എറണാകുളം (2028) ജില്ലകളില്‍ നിന്നാണ്. കുറവ് വയനാട് ജില്ലയില്‍ (155) എന്നിങ്ങനെയാണ്.
നിയമലംഘനങ്ങള്‍ 9446700800 എന്ന വാട്ട്സാപ്പ് നമ്പറിലൂടെ റിപ്പോര്‍ട്ട് ചെയ്യാനും പാരിതോഷികം നേടാനുമുള്ള അവസരം ഏവരും തുടര്‍ന്നും പ്രയോജനപ്പെടുത്തണമെന്നും അഭ്യര്‍ഥിക്കുന്നുവെന്ന് മന്ത്രി കുറിപ്പില്‍ പറയുന്നു
കുറിപ്പിന്റെ പൂര്‍ണരൂപം
ഈ കയ്യടി നിങ്ങൾ ഓരോരുത്തർക്കുമാണ്
വൃത്തിയുള്ള നാടിനായി ക്യാമറ കണ്ണുകൾ തുറന്ന് സർക്കാരിനൊപ്പം കാവൽനിന്ന ഏവരെയും ഹൃദയപൂർവം അഭിനന്ദിക്കുകയാണ്. മാലിന്യം വലിച്ചെറിയുന്നത് പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് ഏർപ്പെടുത്തിയ സിംഗിൾ വാട്ട്സാപ്പ് നമ്പറിന് ഒരു വയസ് തികയുമ്പോൾ പൊതുജനങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. പൊതുജനങ്ങൾ വാട്ട്സാപ്പിലൂടെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 61,47,550 രൂപയാണ് ഫൈൻ ചുമത്തിയത്. കൃത്യമായ തെളിവുകളോടെ വിവരം നൽകിയ ആളുകൾക്ക് 1,29,750 രൂപ പാരിതോഷികവും അനുവദിച്ചു. 63 സംഭവങ്ങളിൽ പ്രോസിക്യൂഷൻ നടപടികളും ആരംഭിച്ചു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാലിന്യം വലിച്ചെറിഞ്ഞതിന് ആകെ ചുമത്തിയ പിഴ 11.01 കോടി രൂപയാണ്. ആകെ പിഴയുടെ 5.58%മാണ് വാട്ട്സാപ്പ് നമ്പറിൽ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ ചുമത്തിയത്.
സിംഗിൾ വാട്ട്സാപ്പ് നമ്പറിലൂടെ ആകെ ലഭിച്ച 12,265 പരാതികളിൽ കൃത്യമായ വിവരങ്ങളോടെ ലഭിച്ച 7912 പരാതികളാണ് സ്വീകരിച്ചത്. ഇതിൽ 7362 പരാതികളിലും നടപടി സ്വീകരിച്ചിട്ടുണ്ട്. മാലിന്യം വലിച്ചെറിഞ്ഞവരെക്കുറിച്ച് യാതൊരു വിവരം ലഭിക്കാത്ത പരാതികളിലും, പ്രദേശത്തെ മാലിന്യം നീക്കി പരാതി പരിഹരിക്കാനായി. ഇങ്ങനെ 93.05% പരാതികളും പരിഹരിച്ചിട്ടുണ്ട്. ശേഷിക്കുന്ന 550 പരാതികളിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. ഏറ്റവുമധികം നിയമലംഘനങ്ങൾ വാട്ട്സാപ്പിലൂടെ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം (2100), എറണാകുളം (2028) ജില്ലകളിൽ നിന്നാണ്. കുറവ് വയനാട് ജില്ലയിൽ (155).
മാലിന്യസംസ്കരണ പ്രവർത്തനങ്ങളിൽ ജനങ്ങളുടെ ജാഗ്രതയും, നിരീക്ഷണവും ഉറപ്പുവരുത്താൻ പദ്ധതിയിലൂടെ സാധിച്ചു. നാടിന്റെ ശുചിത്വത്തിലായി ഈ സൌകര്യം പ്രയോജനപ്പെടുത്തുകയും ഉയർന്ന പൌരബോധം പ്രകടിപ്പിക്കുകയും ചെയ്തവരെ പ്രത്യേകം അഭിനന്ദിക്കുന്നു. ആദ്യം 2500 രൂപ എന്ന നിലയിൽ പാരിതോഷികത്തിന് നിശ്ചയിച്ച പരിധി പിന്നീട് ഒഴിവാക്കുകയും, ചുമത്തുന്ന പിഴയുടെ നാലിലൊന്ന് പരിധിയില്ലാതെ വിതരണം ചെയ്യണം എന്നും ഉത്തരവിട്ടിരുന്നു. പരാതിക്കാരോട് വിവരങ്ങൾ തെളിവുകളോടെ ശേഖരിക്കുന്ന സിംഗിൾ വാട്ട്സാപ്പ് നമ്പർ (ബോട്ട് സംവിധാനം) തയ്യാറാക്കിയ ഇൻഫർമേഷൻ കേരളാ മിഷനെയും ശുചിത്വമിഷനെയും, പരാതികളിൽ തുടർ നടപടികൾ സ്വീകരിച്ച തദ്ദേശ സ്വയം ഭരണ വകുപ്പ് ജീവനക്കാരെയും അഭിനന്ദിക്കുന്നു. പൊതുജനങ്ങളുടെ ഈ ജാഗ്രത തുടരണം. നിയമലംഘനങ്ങൾ 9446700800 എന്ന വാട്ട്സാപ്പ് നമ്പറിലൂടെ റിപ്പോർട്ട് ചെയ്യാനും പാരിതോഷികം നേടാനുമുള്ള അവസരം ഏവരും തുടർന്നും പ്രയോജനപ്പെടുത്തണമെന്നും അഭ്യർഥിക്കുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates