'ചാണകത്തിന് റേഡിയോ ആക്ടിവ് വികിരണങ്ങളില്‍ നിന്ന് സംരക്ഷിക്കാനുള്ള കഴിവുണ്ടെന്നു പഠിപ്പിക്കാത്തതാണോ കുറ്റം?'

കേരളത്തെ ഒരു കാര്യവുമില്ലാതെ വിമര്‍ശിക്കുക എന്നത് കേന്ദ്ര മന്ത്രി വി മുരളീധരന്‍ ശീലമാക്കിയിരിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി
വി ശിവന്‍കുട്ടി, വി മുരളീധരന്‍
വി ശിവന്‍കുട്ടി, വി മുരളീധരന്‍
Updated on: 
1 min read

തിരുവനന്തപുരം: കേരളത്തെ ഒരു കാര്യവുമില്ലാതെ വിമര്‍ശിക്കുക എന്നത് കേന്ദ്ര മന്ത്രി വി മുരളീധരന്‍ ശീലമാക്കിയിരിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടതാണ് എന്ന വി മുരളീധരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ കേന്ദ്ര മന്ത്രി കാണുന്നില്ല എന്ന് നടിക്കുകയാണ്. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് മധ്യവേനല്‍ അവധിക്ക് തന്നെ പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികള്‍ ആരംഭിച്ചു. ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുന്ന എല്ലാ കുട്ടികള്‍ക്കും അവധിക്കാലത്ത് 5 കിലോഗ്രാം അരിവിതരണം ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചു. 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ സംബന്ധിച്ച പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്‍ഡക്‌സില്‍ കേരളം പ്രഥമ ശ്രേണിയിലാണ്. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടതാണെന്ന വി മുരളീധരന്റെ പ്രസ്താവന എന്ത് അടിസ്ഥാനമാക്കിയിട്ടുള്ളതാണെന്ന് മനസ്സിലാകുന്നില്ല. എന്തിനും കേരളത്തെ കുറ്റം പറയുന്ന വി മുരളീധരന്‍ കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട് എങ്കിലും പഠിക്കണം.

ബിജെപി കേരളത്തില്‍ പച്ച പിടിക്കാത്തത് കേരള ജനതയ്ക്ക് ലഭ്യമായ വിദ്യാഭ്യാസത്തിന്റെ ഗുണമാണ്. ചാണകത്തിന് റേഡിയോ ആക്ടിവ് വികരണങ്ങളില്‍ നിന്ന് സംരക്ഷിക്കാനുള്ള കഴിവുണ്ടെന്നു പഠിപ്പിക്കാത്തതാണോ കേരള വിദ്യാഭ്യാസ ക്രമത്തെ കുറ്റം പറയാന്‍ വി മുരളീധരനെ പ്രേരിപ്പിച്ചതെന്നും മന്ത്രി വി ശിവന്‍കുട്ടി ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com