

തിരുവനന്തപുരം: പിഎം ശ്രീ അടഞ്ഞ അധ്യായമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മാറ്റിവെക്കുക മാത്രമാണ് ചെയ്തത്. ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട. നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാൻ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നില്ല. ഇടതു നയങ്ങളെപ്പറ്റി മറ്റു കേന്ദ്രങ്ങളില്‍ നിന്നും പഠിക്കേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പ് കാലമായതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ലെന്നും വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.
കേരളത്തിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ഒരു പദ്ധതിയെ മാത്രം ആശ്രയിച്ചല്ല മുന്നോട്ടു പോകുന്നത്. ഇതു സര്‍ക്കാരിന്റെ നയമാണ്. ഈ നയം ശക്തിപ്പെടുത്തുവാന്‍ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട എല്ലാ ഫണ്ടുകളും നേടാന്‍ സര്‍ക്കാര്‍ ഇനിയും ശ്രമിക്കും. പിഎം ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചത് എല്‍ഡിഎഫിന്റെ വിജയമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവന കണ്ടിരുന്നു.
ഇത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെയും പ്രശ്‌നമല്ല. ആരെങ്കിലും ഇടപെട്ടതുകൊണ്ട് ഏതെങ്കിലും ഒരു കൂട്ടരുടെ വിജയമോ മറ്റൊരു കൂട്ടരുടെ പരാജയമോ ആയി താന്‍ കാണുന്നില്ല. നയം എല്‍ഡിഎഫിനുണ്ട്. നയത്തിൽ കൂടിയാലോചനകളിലൂടെ പരിഹാരം കാണണമെന്ന് തീരുമാനിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളും മുറുകെ പിടിക്കുന്നുണ്ട്. അതിലൊക്കെ ആര് എപ്പോള്‍ പിറകോട്ടു പോയിട്ടുണ്ട് എന്നൊക്കെ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ മുതിരുന്നില്ല.
ദേശീയ അടിസ്ഥാനത്തില്‍ ആരൊക്കെയാണ് സമരം ചെയ്തത്, ആരൊക്കെയാണ് ത്യാഗം ചെയ്തത് എന്നൊക്കെ അളക്കുവാനും താനില്ല. കേന്ദ്രത്തിന് കത്തയക്കുന്നത് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ള കാര്യമാണ്. പിഎം ശ്രീ ഫണ്ട് മരവിപ്പിച്ച് കത്തു കൊടുത്തതിനാല്‍ എസ്എസ്‌കെ ഫണ്ട് ഇനത്തില്‍ ബാക്കി ലഭിക്കേണ്ട 1157 കോടി രൂപ ലഭിക്കുമോ എന്ന് ആശങ്കയുണ്ട്. ഫണ്ട് കിട്ടിയില്ലെങ്കില്‍ തനിക്ക് ഉത്തരവാദിത്തമില്ല. ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുത്തോളണം. ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ തങ്ങള്‍ മാത്രമേ ഉള്ളൂവെന്ന് വരുത്തുവാനാണ് ചിലരുടെ ശ്രമമെന്നും വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates