

തിരുവന്തപുരം: ഇന്ന് സംസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വികസിത നേമത്തേക്ക് സ്വാഗതം ചെയ്ത് മന്ത്രി വി ശിവന്‍കുട്ടി. നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരില്‍ കാണാനാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. താങ്കള്‍ നടത്തുന്ന പ്രതികരണങ്ങളില്‍ എസ്എസ്‌കെയ്ക്ക് നല്‍കേണ്ടിയിരുന്ന 1500 കോടി രൂപ കുടിശിക നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വി ശിവന്‍കുട്ടിയുടെ കുറിപ്പ്
ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോഡിജി നേമം മണ്ഡലത്തിൽ റോഡ് ഷോ നടത്താൻ ഇരിക്കുകയാണല്ലോ. അദ്ദേഹത്തെ വികസിത നേമത്തേക്ക് സ്വാഗതം ചെയ്യുന്നു.
പ്രധാനമന്ത്രി കിള്ളിപ്പാലം ജംഗ്ഷനിൽ പാപ്പനംകോട് ഭാഗത്തേക്ക് റോഡ് ഷോ നടത്തുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരിൽ കാണാനാകും. റോഡ് ഷോ തുടങ്ങുന്ന കിള്ളിപ്പാലത്ത് നിന്ന് വലത്തോട്ട് നോക്കിയാൽ പുതുതായി സ്ഥാപിച്ച ചാല ഐടിഐ കാണാം. 18 കോടി രൂപയുടെ പദ്ധതിയാണ് ഇത്. അതിന് അടുത്ത് തന്നെ കേന്ദ്ര സർക്കാർ സഹായം നിഷേധിച്ച എസ് എസ് കെയുടെ സ്റ്റേറ്റ് ഓഫീസ് സംസ്ഥാനം പണിയുയർത്തിയത് കാണാം.
ഇടത്തോട്ട് തിരിഞ്ഞു നോക്കിയാൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയവും സ്കോൾ കേരളയുടെ ഓഫീസ് അടങ്ങുന്ന ബഹുനില മന്ദിരവും കാണാം. വീണ്ടും വലത്തോട്ട് നോക്കണം. ചാല സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം കാണാം. നാലു കോടി 80 ലക്ഷം രൂപയുടെ പദ്ധതിയാണിത്. കുറച്ചു മുന്നോട്ടു പോകുമ്പോൾ കരമന ജംഗ്ഷൻ മുതൽ പ്രാവച്ചമ്പലം വരെ നീളുന്ന റോഡിന്റെ മീഡിയൻ സൗന്ദര്യവൽക്കരണവും പുതുതായി സ്ഥാപിച്ച തെരുവു വിളക്കുകളും കാണാം. അഞ്ചു കോടി രൂപയുടേതാണ് ഈ പദ്ധതി.
കരമന ജംഗ്ഷൻ കഴിഞ്ഞ് അല്പം മുന്നോട്ട് പോകുമ്പോൾ വലതുവശത്ത് എസ്എസ്എൽ പി എസിൽ ഒരുകോടി 60 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബഹുനില മന്ദിരം കാണാം. അതിനടുത്തു തന്നെയുള്ള എച്ച് എസ് എൽ പി എസിൽ ആധുനിക രീതിയിൽ നിർമ്മിച്ച വർണ കൂടാരം കാണാം. അല്പം മുന്നോട്ടു പോയി ഇടത്തോട്ട് നോക്കിയാൽ ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാർ ചെയ്ത നവീകരിച്ച കൽപ്പാളയത്തിൽ നിന്ന് ആരംഭിക്കുന്ന നവീകരിച്ച റോഡ് കാണാം. എട്ടു കോടി രൂപയുടേതാണ് പദ്ധതി.
കുറച്ചുകൂടി മുന്നോട്ടു പോകുമ്പോൾ വലതുവശത്ത് 6 കോടി രൂപ ചെലവിൽ നിർമ്മിച്ച സ്താണു പത്മനാഭന്റെ നാമത്തിലുള്ള കരിയർ ഡെവലപ്മെന്റ് സെന്റർ കാണാം. ആറുകോടിയുടേതാണ് പദ്ധതി. അതിനു തൊട്ടടുത്ത് തന്നെ അഞ്ചു കോടി രൂപ ചെലവിൽ നിർമ്മിച്ചു വരുന്ന കരമന ബോയ്സ് ഹൈസ്കൂളിലെ ബഹുനില മന്ദിരം കാണാം. ഇതേ കോമ്പൗണ്ടിൽ തന്നെ സ്ഥിതി ചെയ്യുന്ന കരമന ഗേൾസ് ഹൈസ്കൂളിൽ ഒരുകോടി 30 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കാണാം. ഈ സ്കൂളിന്റെ ഗ്രൗണ്ടിൽ 58 ലക്ഷം രൂപ ചെലവാക്കി നടത്തുന്ന നവീകരണ പ്രവർത്തനവും കാണാം.
അല്പം കൂടി മുന്നോട്ട് പോയാൽ വലതുവശത്ത് 16 കോടി രൂപ ചെലവിൽ നിർമ്മിച്ച ആഴാങ്കൽ നടപ്പാത കാണാം. ഇനിയും മുന്നോട്ടു പോയാൽ വനിതാ പോളിടെക്നിക്കിൽ നിർമ്മാണത്തിൽ ഇരിക്കുന്ന 12 കോടി രൂപയുടെ ബഹുനില മന്ദിരങ്ങൾ കാണാം. കുറച്ചുകൂടി മുന്നോട്ടു പോയാൽ പാപ്പനംകോട് ജില്ലാ നൈപുണ്യ വികസന കേന്ദ്രം കാണാം. 70 ലക്ഷം രൂപയുടെ പദ്ധതിയാണിത്. അതിന് എതിരെയുള്ള വിശ്വംഭരൻ റോഡിന് 13 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ നടപടികൾ കാണാം. അല്പംകൂടി മുന്നോട്ട് പോകുമ്പോൾ രണ്ടു കോടി രൂപ ചെലവിൽ നിർമ്മിച്ച എച്ച് എസ് എൽ പി എസ് ബഹുനില മന്ദിരം കാണാം. ഇനിയും മുന്നോട്ടു പോകുമ്പോൾ ഇടതുവശത്തെ ഹൈസ്കൂളിൽ മൂന്ന് കോടി 40 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബഹുനില മന്ദിരം കാണാം.
ഒപ്പം ഒരു കാര്യം കൂടി അഭ്യർത്ഥിക്കുന്നു. നാളെ താങ്കൾ നടത്തുന്ന പ്രതികരണങ്ങളിൽ എസ് എസ് കെ യ്ക്ക് നൽകേണ്ടിയിരുന്ന 1500 കോടി രൂപ കുടിശിക നൽകാത്തതിന്റെ കാരണം വ്യക്തമാക്കണം. പാവപ്പെട്ട, പാർശ്വവൽകൃത ജനവിഭാഗങ്ങളിൽപ്പെട്ട കുട്ടികൾക്കുള്ള സഹായമാണ് ഈ പണം. എസ് എസ് കെയിൽ ജോലി എടുക്കുന്ന 7,000 ത്തോളം അധ്യാപക, അനധ്യാപകർക്കുള്ള ശമ്പളവും ഇപ്പോൾ നൽകുന്നത് കേരളമാണ്. താങ്കൾ മറുപടി നൽകുമല്ലോ.
നേമം സന്ദർശിക്കുന്നതിൽ പ്രധാനമന്ത്രിക്ക് നന്ദി. വികസിത നേമത്തേക്ക് പ്രധാനമന്ത്രിക്ക് ഒരിക്കൽ കൂടി സ്വാഗതം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates